ADVERTISEMENT

എഫ്&ഒ ക്ലോസിങ് ദിനത്തിൽ ഐടി ഭീമന്മാരുടെ മുന്നേറ്റം ഇന്ത്യൻ വിപണിക്ക് റെക്കോർഡ് കുതിപ്പ് നൽകി. ഇന്ന് 23805 പോയിന്റ് വരെ വീണ ശേഷം കുതിപ്പ് തുടർന്ന നിഫ്റ്റി 24087 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം 24044 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 568 പോയിന്റ് മുന്നേറിയ സെൻസെക്സ് 79243 പോയിന്റിലും ക്ലോസ് ചെയ്തു.

ടിസിഎസിന്റെയും, ഇൻഫോസിസിന്റെയും നേതൃത്വത്തിൽ ഐടി സെക്ടർ 2% നേട്ടമുണ്ടാക്കിയപ്പോൾ റിലയൻസും അൾട്രാ ടെക്കും ടാറ്റാമോട്ടോഴ്‌സും മുൻനിര സൂചികകൾക്ക് മികച്ച പിന്തുണ നൽകി. ബാങ്ക് നിഫ്റ്റി നേരിയ നഷ്ടം കുറിച്ചപ്പോൾ സ്‌മോൾ ക്യാപ് സൂചിക അര ശതമാനത്തിൽ കൂടുതലും നഷ്ടമുണ്ടാക്കി.

കുതിക്കാനൊരുങ്ങി ഐടിയും
 

ജൂലൈ രണ്ടാമത്തെ ആഴ്ച മുതൽ ഐടി ഭീമന്മാരുടെ റിസൾട്ടുകൾ വരാനിരിക്കുന്നത് ഐടി സെക്ടറിൽ വാങ്ങലിന് കാരണമായേക്കാം. നാളെ വരാനിരിക്കുന്ന അമേരിക്കൻ പിസിഇ ഡേറ്റ നാസ്ഡാകിന് അനുകൂലമല്ലെങ്കിൽ ഇന്ത്യൻ ഐടി സെക്ടറിൽ റിസൾട്ടിന് മുന്നോടിയായി വാങ്ങൽ അവസരം കൂടി വന്നേക്കാം. ഇൻഫോസിസും ടിസിഎസും രണ്ട് ശതമാനം വീതം മുന്നേറിയപ്പോൾ വിപ്രോ ഇന്ന് മൂന്ന് ശതമാനം നേട്ടമുണ്ടാക്കി.

കുതിപ്പ് തുടർന്ന് സിമന്റ്
 

അദാനിയുടെ സിമന്റ് ഷോപ്പിങ്ങിന് പിന്നാലെ അൾട്രാ ടെക്കും ഇറങ്ങുന്നത് സിമന്റ് സെക്ടറിന് അനുകൂലമാണ്. ഇന്ത്യയിലെ സിമന്റ് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തിനായി അദാനിയും ബിർളയും മത്സരിക്കുമ്പോൾ ചെറുകിട-ഇടത്തരം സിമന്റ് കമ്പനികളും നേട്ടമുണ്ടാക്കുകയാണ്. ഇന്ത്യ സിമന്റ്സിൽ 267 രൂപ നിരക്കിൽ അൾട്രാ ടെക്ക് 7കോടിയിൽപരം ഓഹരി വാങ്ങുന്നത് ഇന്ന് ഇന്ത്യ സിമെന്റ്സിന് 10% മുന്നേറ്റം നൽകിയപ്പോൾ അൾട്രാടെക്ക് ഓഹരി 5% മുന്നേറ്റം കുറിച്ചു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പിസിഇ ഡേറ്റ നാളെ
 

അമേരിക്കൻ ഭവനവിൽപനക്കണക്കുകൾ വീണത് ഇന്നലെ അമേരിക്കൻ വിപണിക്ക് പിന്തുണ നൽകിയതും ടെസ്‌ലയുടെയും ആമസോണിന്റെയും മുന്നേറ്റവും ഇന്നലെയും നാസ്ഡാക്കിനും എസ്&പിക്കും പോസിറ്റീവ് ക്ലോസിങ് നൽകി. അമേരിക്കൻ ഫ്യൂച്ചറുകളും, ഏഷ്യൻ വിപണികളും നഷ്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യാപാരം തുടരുന്നു.

ഇന്ന് വരുന്ന അമേരിക്കൻ ജോബ് ഡേറ്റയും ജിഡിപി സൂചനകളും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. അമേരിക്കൻ പിസിഇ ഡേറ്റ നാളെയും അടുത്ത ആഴ്ചയിലും അമേരിക്കൻ വിപണിയെയും ലോക വിപണിയെയും സ്വാധീനിക്കും. മെയ് മാസത്തിൽ പിസിഇ സൂചിക 2.6% വാർഷിക വളർച്ച കുറിച്ചിട്ടുണ്ടാകാമെന്നാണ് വിപണിയുടെ അനുമാനം.

ജാക്സൺ ഹോൾ സിമ്പോസിയം
 

ഓഗസ്റ്റ് മാസത്തിൽ നടക്കാനിരിക്കുന്ന ഫെഡ് റിസേർവിന്റെ രാജ്യാന്തര നയരൂപീകരണസമ്മേളനമായ ജാക്സൺ ഹോൾ സിമ്പോസിയത്തിൽ വച്ച് ഫെഡ് ചെയർമാൻ ഫെഡ് നിരക്ക് കുറക്കലിനെ കുറിച്ച് പ്രതിപാദിച്ചേക്കാനുള്ള സാധ്യതയും അമേരിക്ക ടെക് ഓഹരികൾക്കും, നാസ്ഡാകിനും എസ്&പിക്കും പ്രതീക്ഷയാണ്. സെപ്റ്റംബറിൽ തന്നെ ആദ്യ നിരക്ക് കുറയ്ക്കൽ ഫെഡ് റിസേർവ് നടത്തുമെന്ന് തന്നെയാണ് വിപണിയുടെ അനുമാനം.

share-market

ക്രൂഡ് ഓയിൽ
 

കഴിഞ്ഞ ആഴ്ചയിലെ അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ അപ്രതീക്ഷിത വളർച്ചയും, ഡോളറിന്റെ മുന്നേറ്റവും ഇന്നലെയും ക്രൂഡ് ഓയിലിന് തിരുത്തൽ നൽകി. നാളെ അമേരിക്കൻ പിസിഇ ഡേറ്റ വരാനിരിക്കുന്നത് ക്രൂഡ് ഓയിലിനും പ്രധാനമാണ്.

സ്വർണം
 

ഇന്നലെ ഡോളറിനൊപ്പം അമേരിക്കൻ ബോണ്ട് യീൽഡും മുന്നേറിയത് രാജ്യാന്തര സ്വർണവിലയിലും തിരുത്തലിന് കാരണമായി. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 4.33%ൽ തുടരുമ്പോൾ രാജ്യാന്തര സ്വർണ വില 2322 ഡോളറിലും തുടരുന്നു.

English Summary:

Indian Market Hits Record High on IT Giants' F&O Gains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com