വീണ്ടും പൊതുമേഖലാ ഓഹരി വിൽപന: മാസഗോൺ ഡോക്ക്, ഐആർഎഫ്സി ഓഹരികൾ കേന്ദ്രം വിറ്റഴിച്ചേക്കും
Mail This Article
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപന വഴി പണം സ്വരൂപിക്കാനുള്ള നടപടികൾ നടപ്പ് സാമ്പത്തിക വർഷവും (2024-25) കേന്ദ്ര സർക്കാർ ഊർജിതമാക്കിയേക്കും. നടപ്പുവർഷം ഓഹരി വിൽപനയിലൂടെ 50,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ഇക്കഴിഞ്ഞ ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു.
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റിൽ ചില പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപന നിർമല പ്രഖ്യാപിച്ചേക്കുമെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അടുത്തമാസമാണ് ബജറ്റ് അവതരണം. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്സി), മാസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ്, നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് (എൻഎഫ്എൽ), രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് (ആർസിഎഫ്) എന്നിങ്ങനെ വളം, റെയിൽവേ, പ്രതിരോധ മേഖലകളിലെ കമ്പനികളുടെ ഓഹരി വിൽപനയാണ് ഉന്നമിടുന്നത്.
ഐആർഎഫ്സിയിൽ 86.36 ശതമാനം ഓഹരികളാണ് കേന്ദ്രത്തിനുള്ളത്. ഇതിൽ 11.36 ശതമാനം വിറ്റഴിച്ച് 7,600 കോടി രൂപ നേടാനുള്ള നടപടികൾ പ്രതീക്ഷിക്കുന്നു. മാസഗോൺ ഡോക്കിൽ 84.83 ശതമാനം ഓഹരികളുള്ളതിൽ 10 ശതമാനം വിറ്റഴിച്ചേക്കും. ആർസിഎഫിന്‍റെ 10 ശതമാനവും എൻഎഫ്എല്ലിന്‍റെ 20 ശതമാനവും ഓഹരികൾ വിറ്റഴിക്കാൻ സാധ്യതയുണ്ട്. ഇതുവഴി 1,200 കോടി രൂപയും പ്രതീക്ഷിക്കുന്നു. ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) ആണ് പരിഗണിക്കുന്നത്. നിലവിലെ ഓഹരി ഉടമകൾ കൈവശമുള്ള ഓഹരികളിൽ നിശ്ചിത പങ്ക് വിറ്റഴിക്കുന്ന മാർഗമാണിത്.
അവസരം വിനിയോഗിക്കാൻ കേന്ദ്രം
ആസ്തി വിറ്റ് പണമാക്കൽ (അസറ്റ് മോണെറ്റൈസേഷൻ), പൊതുമേഖലാ ഓഹരി വിൽപന (ഡിവെസ്റ്റ്മെന്‍റ്) എന്നിവ വഴി 30,000 കോടി രൂപ സമാഹരിക്കുകയായിരുന്നു കഴിഞ്ഞ സാമ്പത്തികവർഷം കേന്ദ്രത്തിന്‍റെ ബജറ്റ് ലക്ഷ്യം. പൊതുമേഖലാ ഓഹരി വിൽപന വഴി 16,507 കോടി രൂപയും ആസ്തി വിറ്റ് പണമാക്കൽ വഴി 16,000 കോടി രൂപയും സമാഹരിച്ചതോടെ ലക്ഷ്യം നേടിയിരുന്നു. നടപ്പുവർഷത്തെ ലക്ഷ്യമായ 50,000 കോടി രൂപയുടെ സമാഹരണവും ഈ രണ്ട് വഴികളിലൂടെ കൈവരിക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.
-
Also Read
അദാനിയും ബിർളയും തമ്മിൽ സിമന്റ് യുദ്ധം
കഴിഞ്ഞവർഷത്തെ ആദ്യ ലക്ഷ്യം 51,000 കോടി രൂപയായിരുന്നെങ്കിലും ഐഡിബിഐ ബാങ്കിന്‍റെ ഓഹരി വിൽപന നീക്കം ഫലംകാണാത്തതിനാൽ 30,000 കോടി രൂപയായി കുറച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ പൊതുവേ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും ഓഹരിവില വൻതോതിൽ ഉയരുന്നതും മികച്ച മൂല്യത്തോടെ ഓഹരി വിൽപന നടത്താനുള്ള അവസരമായാണ് സർക്കാർ കാണുന്നത്. മാസഗോൺ ഡോക്ക് ഓഹരികൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ മുന്നേറ്റം നടത്തിയിരുന്നു.
ലാഭവിഹിതത്തിലും നേട്ടം
പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ലാഭവിഹിതമായും മികച്ച വരുമാനം സർക്കാരിന് ലഭിക്കുന്നുണ്ട്. കഴിഞ്ഞവർഷം (2023-24) ഈയിനത്തിൽ ലഭിച്ചത് 63,749 കോടി രൂപയാണെന്ന് ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഇൻവെസ്റ്റ്മെന്‍റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്‍റ് (ദിപം) വ്യക്തമാക്കിയിരുന്നു. 2022-23ൽ ലഭിച്ച 59,533 കോടി രൂപയെന്ന റെക്കോർഡും മറികടന്നു. നടപ്പുവർഷം ധനക്കമ്മി ജിഡിപിയുടെ 5.1 ശതമാനത്തിലേക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് കഴിഞ്ഞ ബജറ്റിൽ നിർമല പറഞ്ഞിരുന്നു. ഈ ലക്ഷ്യം നേടുന്നതിന്‍റെ ഭാഗവുമാണ് പൊതുമേഖലാ ഓഹരി വിൽപന.