ADVERTISEMENT

നാല് വർഷങ്ങൾക്ക് മുമ്പ് സെൻസെക്സുണ്ടായിരുന്നത് 28,000 പോയിന്‍റിലായിരുന്നു എന്ന് പറഞ്ഞാൽ ഇപ്പോൾ വിശ്വസിക്കാനാവുമോ! 

അക്കാലത്ത് ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം 108 ലക്ഷം കോടി രൂപയുമായിരുന്നു. 4 വർഷങ്ങൾക്കിപ്പുറം സെൻസെക്സ് കുതിച്ചുകയറിയത് 80,000 എന്ന നാഴികക്കല്ലിലേക്ക്. സംയോജിത വിപണിമൂല്യം 442 ലക്ഷം കോടി രൂപയും കവിഞ്ഞു. സെൻസെക്സിന് ഒരുലക്ഷം പോയിന്‍റിലേക്ക് എത്താൻ മിനിമം 5 കൊല്ലം വേണ്ടിവരുമെന്ന് കഴിഞ്ഞവർഷം ഒക്ടോബറിൽ അഭിപ്രായപ്പെട്ട പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ മാർക്ക് മൊബിയസ് ഓപ്പർച്യൂണിറ്റീസ് ഫണ്ടിന്‍റെ ചെയർമാൻ മാർക്ക് മൊബിയസിനും ആ വാക്കുകൾ പിന്നീട് തിരുത്തേണ്ടി വന്നു. 5 കൊല്ലമൊന്നും വേണ്ടിവരില്ലെന്നാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹം പറഞ്ഞത്.

sensex1

സെൻസെക്സിന്‍റെ നിലവിലെ കുതിപ്പിന്‍റെ വേഗവും ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന അനുകൂല ഘടകങ്ങളും വ്യക്തമാക്കുന്നതും ഒരുലക്ഷം പോയിന്‍റ് ഏറെ അകലെയല്ലെന്നാണ്. ഇന്ന് വ്യാപാരത്തിന്‍റെ ആദ്യ സെഷനിലാണ് സെൻസെക്സ് 80,000 പോയിന്‍റ് ഭേദിച്ചത്. 70,000ൽ നിന്ന് 80,000ലേക്ക് എത്താൻ വേണ്ടിവന്നത് വെറും 7 മാസം. സെൻസെക്സിന്‍റെ ഏറ്റവും വേഗത്തിലുള്ള 10,000 പോയിന്‍റ്  നേട്ടമാണിത്. 

നിർണായക നാഴികക്കല്ലുകൾ

1986ലാണ് സെൻസെക്സ് ആദ്യമായി 500 പോയിന്‍റിലെത്തിയത്. തുടർന്ന് 970 സെഷനുകൾ വേണ്ടിവന്നു 1,000 പോയിന്‍റിലെത്താൻ. 1990 ജൂലൈയിലായിരുന്നു ആ നേട്ടം. തുടർന്ന് 13 വർഷമെടുത്താണ് 5,000 പിന്നിട്ടത്. 2006 ഫെബ്രുവരി ആറിന് 10,000 പോയിന്‍റിലെത്തി. പിന്നീട്, 432 സെഷനുകൾ കൊണ്ട് 2007 ഒക്ടോബർ 29ന് 20,000ൽ തൊട്ടു. 

2015 മാർച്ച് 4ന് 30,000വും പോയിന്‍റും 2019 മേയ് 23ന് 40,000വും കടന്നെങ്കിലും പിന്നാലെ കോവിഡും ലോക്ക്ഡൗണും വിരുന്നെത്തിയത് വൻ തിരിച്ചടിയായി. റെക്കോർഡ് വീഴ്ചകളുടെ ദിനങ്ങളായിരുന്നു അത്. എന്നാൽ, സമ്പദ്‍വ്യവസ്ഥയുടെ അതിവേഗ കരകയറ്റത്തിനായി കേന്ദ്രസർക്കാരും റിസർവ് ബാങ്കും കൈക്കൊണ്ട നടപടികൾ പിന്നീട് ഓഹരി വിപണിയെയും ഉണർവിലേക്ക് നയിച്ചു.

40,000ൽ നിന്ന് 415 സെഷനുകൾകൊണ്ട് സെൻസെക്സ് 50,000ൽ എത്തി. പിന്നീട് വെറും 166 സെഷനുകളേ വേണ്ടിവന്നുള്ളൂ 60,000 ഭേദിക്കാൻ. 2021 സെപ്റ്റംബർ 24നായിരുന്നു അത്. 2023 ഡിസംബർ 11ന് 70,000 കടന്നു. തുടർന്ന് 7 മാസംകൊണ്ട് 80,000വും.

sensex-nifty

നേട്ടങ്ങൾക്ക് പിന്നിൽ

നിക്ഷേപകരുടെ എണ്ണത്തിലുണ്ടായ വർധനയാണ് ഒരു പ്രധാന കാരണം. സ്വർണം, റിയൽ എസ്റ്റേറ്റ്, സ്ഥിരനിക്ഷേപം (എഫ്ഡി) തുടങ്ങിയ പരമ്പരാഗത നിക്ഷേപ മാർഗങ്ങളിൽ നിന്ന് മാറി ഓഹരി നിക്ഷേപത്തിലേക്ക് കടക്കുന്നവരുടെ എണ്ണം വൻതോതിൽ ഉയർന്നു. 2023-24 സാമ്പത്തിക വർഷം മാത്രം പുതുതായി 3.2 കോടി ഡീമാറ്റ് അക്കൗണ്ടുകളാണ് തുറന്നത്. ആകെ ഡിമാറ്റ് അക്കൗണ്ടുകൾ 16 കോടിയും കടന്നു. 

ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ തുടരുന്നതും വിദേശ നിക്ഷേപത്തിലെ വർധനയും കോർപ്പറേറ്റ് കമ്പനികളുടെ ഭേദപ്പെട്ട പ്രവർത്തനഫലങ്ങളും ഓഹരി വിപണിക്ക് കരുത്തായി. യുഎസ് അടക്കം ആഗോള ഓഹരി വിപണികളിലുണ്ടായ നേട്ടങ്ങളും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. മികച്ച സാഹചര്യമെന്ന് വിലയിരുത്തി നിരവധി കമ്പനികൾ പ്രാരംഭ ഓഹരി വിൽപന (IPO) നടത്തി ഓഹരി വിപണിയിലേക്ക് ചുവടുവച്ചതും നേട്ടമായി. 2023-24ൽ 75 കമ്പനികൾ ചേർന്ന് ഐപിഒയിലൂടെ 61,000 കോടി രൂപ സമാഹരിച്ചിരുന്നു. ഈ വർഷം ഇത് മറികടക്കുമെന്നാണ് പ്രതീക്ഷ. 50ഓളം കമ്പനികൾ ഐപിഒയ്ക്കായുള്ള ഒരുക്കത്തിലാണ്. ഇതിൽ ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായിയും ഉൾപ്പെടുന്നു. ഹ്യുണ്ടായ് മാത്രം ഉന്നമിടുന്നത് 25,000 കോടി രൂപ. ഇത് ഇന്ത്യയിലെ റെക്കോർഡ് ആയിരിക്കും.

റഷ്യ-യുക്രെയ്ൻ യുദ്ധം, പണപ്പെരുപ്പം, മിഡിൽ-ഈസ്റ്റിലെ സംഘർഷങ്ങൾ, ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ആശങ്ക തുടങ്ങി ഒട്ടേറെ വെല്ലുവിലികൾക്കും ഇടയിലാണ് കയറ്റിറക്കങ്ങൾ ഉണ്ടായിട്ടും സെൻസെക്സ് ഈ നേട്ടം കൈവരിച്ചത്.

മുന്നിൽ കൊച്ചി കപ്പൽശാല

cochin-shipyard

70,000ൽ നിന്ന് 80,000ലേക്കുള്ള സെൻസെക്സിന്‍റെ മുന്നേറ്റത്തിനിടെ ഒരു ഡസനിലധികം കമ്പനികളാണ് മൾട്ടിബാഗർ (ഒരുവർഷം 100 ശതമാനത്തിലധികം) നേട്ടം നിക്ഷേപകർക്ക് സമ്മാനിച്ചത്. ഇതിൽ ഏറ്റവും മുന്നിൽ കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‍യാർഡ് ആണ്. 254 ശതമാനമാണ് നേട്ടം.

ഹഡ്കോ (205%), ഭാരത് ഡൈനാമിക്സ് (135%), റെയിൽ വികാസ് നിഗം (131%), ഓയിൽ ഇന്ത്യ (128%) ശതമാനം എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. മാസഗോൺ ഡോക്ക്, അമരരാജ എനർജി, ഐആർഎഫ്സി, ടിവിഎസ് ഹോൾഡിംഗ്സ് എന്നിവയും ഇക്കാലയളവിലെ ചില മൾട്ടിബാഗർ ഓഹരികളാണ്. ഏഷ്യൻ പെയിന്‍റ്സ്, ബജാജ് ഫിൻസെർവ്, ടൈറ്റൻ, ഇൻഡസ്ഇൻഡ് ബാങ്ക്, ഐടിസി എന്നിവയാണ് 6-9.5 ശതമാനം താഴ്ന്ന് നഷ്ടത്തിൽ മുന്നിലെത്തിയ പ്രമുഖർ.

കേരള ഓഹരികളുടെ പ്രകടനം

2024 കലണ്ടർ വർഷത്തെ ഇതുവരെയുള്ള പ്രകടനമെടുത്താൽ കേരളത്തിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനികളിലും നേട്ടത്തിൽ ഒന്നാംസ്ഥാനത്ത് കൊച്ചി കപ്പൽശാലയാണ്. പോപ്പീസ് കെയേഴ്സ്, വെർട്ടെക്സ്, ബിപിഎൽ, വി-ഗാർഡ്, കെഎസ്ഇ, സ്റ്റെൽ ഹോൾഡിംഗ്സ്, കല്യാൺ ജുവലേഴ്സ്, ധനലക്ഷ്മി ബാങ്ക്, ജിയോജിത് എന്നിവ 30 മുതൽ 70 ശതമാനം വരെ നേട്ടമുണ്ടാക്കി.

ഈസ്റ്റേൺ ട്രെഡ്സ്, ആസ്റ്റർ, പോപ്പുലർ വെഹിക്കിൾസ്, മുത്തൂറ്റ് കാപ്പിറ്റൽ, ഇസാഫ് ബാങ്ക്, ഇൻഡിട്രേഡ് കാപ്പിറ്റൽ എന്നിവയാണ് 11-30 ശതമാനം താഴ്ന്ന് നഷ്ടത്തിൽ മുന്നിലെന്ന് ഓഹരി വിപണിയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Cochin Shipyard is Leading the Share Market Rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com