ADVERTISEMENT

വീണ്ടുമൊരു ബജറ്റ് അവതരണത്തിലേക്ക് കേന്ദ്ര സർക്കാർ കടക്കുമ്പോൾ നികുതിയിളവുകൾ ലഭിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് മുതിർന്ന പൗരന്മാരും. ആദായ നികുതിയിലെ പഴയ സ്കീമിൽ രണ്ടരലക്ഷം രൂപവരെയുള്ള വാർഷിക വരുമാനത്തിനാണ് നികുതിയിളവുള്ളത്. 60 വയസിന് മുകളിലുള്ളവർക്ക് (സീനിയർ) ഇത് മൂന്നുലക്ഷം രൂപയും 80ന് മുകളിൽ പ്രായമുള്ളവർക്ക് (സൂപ്പർ സീനിയർ) 5 ലക്ഷം രൂപയുമാണ്. ആദായ നികുതിയിലെ ഈ അടിസ്ഥാന ഇളവിന്‍റെ പരിധി (ബേസിക് എക്സംപ്ഷൻ ലിമിറ്റഡ്) സീനിയർ പൗരന്മാർക്ക് 4 ലക്ഷം രൂപയും സൂപ്പർ സീനിയേഴ്സിന് 6 ലക്ഷം രൂപയുമാക്കണം എന്ന ആവശ്യം ശക്തമാണ്.

അതേസമയം, പ്രായവ്യത്യാസമില്ലാതെ എല്ലാ നികുതിദായകർക്കുമുള്ള ഇളവിന്‍റെ പരിധി 5 ലക്ഷം രൂപയാക്കണമെന്ന ആവശ്യവും നിർമലയ്ക്ക് മുന്നിലുണ്ട്. മറ്റൊന്ന്, ആദായ നികുതിയിലെ പുതിയ സ്കീമിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഇളവില്ല എന്നതാണ്. പ്രായവ്യത്യാസമില്ലാതെ, മൂന്ന് ലക്ഷം രൂപവരെയുള്ള വാർഷിക വരുമാനത്തെയാണ് പുതിയ സ്കീമിൽ ആദായ നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

പഴയ സ്കീമിനെ നിരുത്സാഹപ്പെടുത്തുകയും പുതിയ സ്കീമിലേക്ക് കൂടുതൽ പേരെ ആകർഷിക്കുകയുമെന്ന നയമാണ് കേന്ദ്രത്തിന്‍റേത്. ഈ സാഹചര്യത്തിൽ, പുതിയ സ്കീമിൽ അടിസ്ഥാന ഇളവിന്‍റെ പരിധി എല്ലാവർക്കും 5 ലക്ഷം രൂപയായി ഉയർത്തുകയോ അല്ലെങ്കിൽ മുതിർന്ന പൗരന്മാർക്ക് മാത്രം പ്രത്യേക ഇളവ് നൽകുകയോ വേണമെന്ന ആവശ്യം ശക്തമാണ്.

ഇൻഷുറൻസിൽ കനിയണം

നിലവിൽ മുതിർന്ന പൗരന്മാർക്ക് ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടവിലൂടെ ആദായ നികുതി ബാധ്യതയിൽ ഇളവ് (ഡിഡക്ഷൻ) നേടാവുന്ന പരിധി 50,000 രൂപയാണ്. ഏറെ വർഷങ്ങളായി മാറ്റമില്ലാതെ തുടരുകയാണ് ഇത്. അതേസമയം, മുതിർന്നവരുടെ ഇൻഷുറൻസ് പ്രീമിയം കുത്തനെ കൂടിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ, ഈയിനത്തിലെ ഡിഡക്ഷൻ പരിധി ഒരുലക്ഷം രൂപയാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

income-tax-2-3

നിലവിൽ ഇന്ത്യയിൽ 60നുമേൽ പ്രായമുള്ളവരിൽ 20 ശതമാനത്തോളം പേർക്ക് മാത്രമേ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളൂ. കൂടുതൽ പേരെ ഇൻഷുറൻസ് പരിധിയിലേക്ക് കൊണ്ടുവരാൻ ഇളവുകളിലൂടെ സാധിക്കുമെന്ന അഭിപ്രായങ്ങളുണ്ട്. അതേസമയം, 70നുമേൽ പ്രായമുള്ള എല്ലാവരെയും ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം ആലോചിക്കുന്നുണ്ട്. ഒരു കുടുംബത്തിന് 5 ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്.

80സിയിൽ മാറ്റം വരുത്തുമോ?
 

ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം വാർഷിക വരുമാനത്തിൽ 1.50 ലക്ഷം രൂപയ്ക്കുവരെ ഇളവ് എല്ലാവർക്കും ലഭ്യമാണ്. 10 വർഷമായി ഇതിൽ മാറ്റം വരുത്തിയിട്ടില്ല. മുതിർന്ന പൗരന്മാർക്കും ഉപകാരപ്പെടുംവിധം ഇത് രണ്ടുലക്ഷം രൂപയാക്കണമെന്ന ആവശ്യം ഇക്കുറി നിർമല പരിഗണിക്കുമോയെന്ന് കാത്തിരുന്ന് കാണാം.


പ്രതീകാത്മക ചിത്രം (Image by istockphoto/Soumen Tarafder)
പ്രതീകാത്മക ചിത്രം (Image by istockphoto/Soumen Tarafder)

ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളിലെ ഒരുലക്ഷം രൂപവരെയുള്ള നേട്ടത്തിനാണ് നിലവിൽ മുതിർന്ന പൗരന്മാർക്ക് ആദായ നികുതിയിൽ പൂർണ ഇളവുള്ളത്. പരിധി രണ്ടുലക്ഷം രൂപയാക്കണമെന്നതാണ് മറ്റൊരു ആവശ്യം. സ്ഥിരനിക്ഷേപം (എഫ്ഡി), നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്സ് (എൻഎസ്‍സി), ഇക്വിറ്റി-ലിങ്ഡ് സേവിങ്സ് സ്കീം (ഇഎൽഎസ്എസ്) എന്നിവയിലെ നിക്ഷേപത്തിന് നിലവിൽ 3-5 വർഷം ലോക്ക്-ഇൻ കാലാവധി നികുതിയിളവ് ലഭിക്കണമെങ്കിലുണ്ട്.

മുതിർന്ന പൗരന്മാർക്ക് ഏത് നിമിഷവും പണത്തിന് അത്യാവശ്യം വരുമെന്നതിനാൽ ലോക്ക്-ഇൻ കാലാവധി കുറയ്ക്കണമെന്ന ആവശ്യവും ഇക്കുറിയുണ്ട്.

വീട്ടുവാടകയിലും വേണം ആശ്വാസം
 

വീട്ടുവാടക അലവൻസ് (HRA) ലഭിക്കാത്ത, ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80ജിജി പ്രകാരം മാസം 5,000 രൂപവരെയുള്ള വാടകയിന്മേൽ നികുതി ബാധ്യത ഒഴിവാക്കാമെന്നതാണ് നിലവിലെ ചട്ടം. അതായത്, പ്രതിവർഷം 60,000 രൂപയ്ക്കുവരെ. വർഷങ്ങളായി ഈ പരിധി അതേപടി തുടരുകയാണ്.

വാടക നിരക്ക് ഇതിനിടെ കുത്തനെ കൂടിയിട്ടും ഇളവുപരിധി ഉയർത്താൻ കേന്ദ്രം തയ്യാറായിട്ടില്ല. ഇക്കുറിയിത് മുതിർന്ന പൗരന്മാർക്ക് എങ്കിലും 10,000 രൂപവരെ ആക്കണമെന്ന ആവശ്യവുമുണ്ട്.

English Summary:

House Rent Relief and Tax Benefits: Senior Citizens’ Budget Wishlist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com