അദാനിയും കപ്പൽ നിർമാണ രംഗത്തേക്ക്; കൊച്ചിൻ ഷിപ്പ്‍യാര്‍ഡിന് വെല്ലുവിളിയോ?
Mail This Article
ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് കപ്പൽ നിർമാണ രംഗത്തേക്കും ചുവടുവയ്ക്കുന്നു. ഗ്രൂപ്പിന് കീഴിലെ അദാനി പോർട്സിന്‍റെ നിയന്ത്രണത്തിലുള്ള മുന്ദ്ര തുറമുഖത്താണ് കപ്പൽ നിർമാണശാല സ്ഥാപിക്കാൻ അദാനി ഉദ്ദേശിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖവും സ്വകാര്യ മേഖലയിലെ ഏക മേജർ തുറമുഖവുമാണ് മുന്ദ്ര.
ഇന്ത്യയിൽ നിന്ന് കടൽ മാർഗമുള്ള ചരക്കുനീക്കത്തിന്‍റെ 30 ശതമാനത്തോളവും കൈകാര്യം ചെയ്യുന്ന മുന്ദ്ര തുറമുഖത്തിന് പ്രത്യേക സാമ്പത്തിക മേഖലാ (സെസ്/SEZ) പദവിയുണ്ടെന്നതും കപ്പൽ നിർമാണ രംഗത്തേക്ക് കടക്കുന്ന അദാനി ഗ്രൂപ്പിന് നേട്ടമാകും. സെസ് പദവിയുള്ളതിനാൽ നികുതിയിളവ് ലഭിക്കുമെന്നതാണ് പ്രധാന നേട്ടം.
അവസരം മുതലെടുക്കാൻ അദാനി
പുനരുപയോഗ ഊർജം (റിന്യൂവബിൾ എനർജി), പ്രകൃതിവാതക വിതരണം, തുറമുഖം, വിമാനത്താവളം, അടിസ്ഥാന സൗകര്യ വികസനം, എഫ്എംസിജി തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമുള്ള അദാനി ഗ്രൂപ്പിന്‍റെ നിർണായക ചുവടുവയ്പ്പായിരിക്കും കപ്പൽ നിർമാണരംഗത്തേക്കും കടക്കാനുള്ള നീക്കം. ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയാണ് നിലവിൽ കപ്പൽ നിർമാണ രംഗത്ത് ഏറ്റവും മുന്നിലുള്ള രാജ്യങ്ങൾ. ഈ രാജ്യങ്ങളിലെ കപ്പൽശാലകളെല്ലാം പരിധിയിലധികം ഓർഡറുകൾ ലഭിച്ച സമ്മർദ്ദത്തിലുമാണ്. 2028 വരെ കപ്പൽ നിർമാണ യാർഡുകളെല്ലാം ബുക്ക് ചെയ്യപ്പെട്ട് കഴിഞ്ഞു.
പുതിയ കപ്പൽ നിർമാണം, അറ്റകുറ്റപ്പണി എന്നിവയ്ക്കായി മറ്റ് മാർഗങ്ങൾ തേടേണ്ട സ്ഥിതിയിലാണ് രാജ്യാന്തര ഷിപ്പിംഗ് കമ്പനികളും മറ്റും ഇപ്പോഴുള്ളത്. ഈ പശ്ചാത്തലത്തിലാണ് കപ്പൽ നിർമാണത്തിലേക്കും കടക്കാനുള്ള അദാനിയുടെ നീക്കം.
ഇന്ത്യക്കും ഗുണകരം
നിലവിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കപ്പൽ നിർമാണരംഗത്ത് ഇന്ത്യ 20-ാം സ്ഥാനത്താണ്. വിപണിവിഹിതമാകട്ടെ 0.05 ശതമാനം മാത്രം.
2030ഓടെ ആദ്യ 10ൽ എത്താനായി 'മാരിടൈം ഇന്ത്യ വിഷൻ 2030' ലക്ഷ്യം ഇന്ത്യക്കുണ്ട്. 2047ഓടെ ആദ്യ 5ൽ എത്താനും ലക്ഷ്യമിടുന്നു. ഈ നേട്ടം കൈവരിക്കണമെങ്കിൽ കപ്പൽശാലകളുടെ ഉൽപാദനനിരക്ക് നിലവിലെ 0.072 മില്യൺ ഗ്രോസ് ടണ്ണേജിൽ നിന്ന് 2030ഓടെ 0.33 മില്യൺ ഗ്രോസ് ടണ്ണേജിലേക്കും 2047ഓടെ 11.31 മില്യൺ ഗ്രോസ് ടണ്ണേജിലേക്കും ഉയർത്തണം. അദാനി സജ്ജമാക്കുന്ന പുതിയ കപ്പൽശാല ഇതിന് ഊർജം പകരുമെന്നാണ് വിലയിരുത്തലുകൾ.
മുന്ദ്ര തുറമുഖത്ത് 45,000 കോടി രൂപ നിക്ഷേപിച്ച് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ അദാനി പോർട്സിന് അടുത്തിടെ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു.
കൊച്ചിൻ ഷിപ്പ്‍യാര്‍ഡിന് വെല്ലുവിളിയോ?
നിലവിൽ പൊതുമേഖലയിൽ അഞ്ചും സ്വകാര്യ മേഖലയിൽ ഇരുപതും കപ്പൽ നിർമാണശാലകൾ ഇന്ത്യയിലുണ്ട്. കേന്ദ്രസർക്കാരിന് കീഴിലെ കൊച്ചിൻ ഷിപ്പ്‍യാര്‍ഡ് മാത്രമാണ് നിലവിൽ ആഭ്യന്തര ഓർഡറുകൾക്ക് പുറമേ വിദേശ ഓർഡറുകളും കൈകാര്യം ചെയ്യുന്നത്. മറ്റ് പൊതുമേഖലാ കപ്പൽശാലകൾ ശ്രദ്ധയൂന്നുന്നത് കേന്ദ്രസർക്കാരിൽ നിന്ന് നാവികസേനയ്ക്കും മറ്റുമുള്ള കപ്പലുകളുടെ നിർമാണ, അറ്റകുറ്റപ്പണികളിലാണ്.
മുന്ദ്രയിൽ കപ്പൽശാല സ്ഥാപിക്കുന്നതിനെ കുറിച്ച് അദാനി ഗ്രൂപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മാത്രമല്ല, കപ്പൽശാല സ്ഥാപിക്കാൻ ഏറെ വർഷങ്ങളും വേണ്ടിവരും. അതുകൊണ്ട്, കൊച്ചിൻ ഷിപ്പ്‍യാര്‍ഡിന് സമീപഭാവിയിൽ അദാനി ഗ്രൂപ്പ് വെല്ലുവിളിയാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. മാത്രമല്ല, കൊച്ചിൻ ഷിപ്പ്‍യാര്‍ഡ് 1,800 കോടി രൂപ നിക്ഷേപത്തോടെ ഒരുക്കുന്ന പുതിയ ഡ്രൈഡോക്ക് ഏതാണ്ട് പ്രവർത്തനസജ്ജമായി കഴിഞ്ഞു. കഴിഞ്ഞ മാർച്ച് പാദത്തിലെ കണക്കുപ്രകാരം കൊച്ചിൻ ഷിപ്പ്‍യാര്‍ഡിന്‍റെ കൈവശം 22,000 കോടി രൂപയുടെ ഓർഡറുകളുണ്ട്. വിദേശത്ത് നിന്നുൾപ്പെടെ കൂടുതൽ ഓർഡറുകളും പ്രതീക്ഷിക്കുന്നു. പുതിയ ഡ്രൈഡോക്ക് പ്രവർത്തനം തുടങ്ങുന്നതോടെ കൂടുതൽ ഓർഡറുകളും നേടാനാകുമെന്നാണ് കൊച്ചിൻ ഷിപ്പ്‍യാര്‍ഡിന്‍റെ പ്രതീക്ഷകളും. ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് നിർമിച്ച് നാവികസേനയ്ക്ക് കൈമാറിയത് കൊച്ചി കപ്പൽശാലയാണ്. രണ്ടാമതൊരു തദ്ദേശ നിർമിത വിമാന വാഹിനിക്കപ്പലും കേന്ദ്രം ആലോചിക്കുന്നുണ്ട്. ഇതിനുള്ള ഓർഡറും കൊച്ചി കപ്പൽശാലയ്ക്ക് തന്നെ ലഭിക്കുമെന്നാണ് വിലയിരുത്തലുകൾ.
ഓഹരികളിൽ നേട്ടവും കിതപ്പും
ഓഹരി വിപണിയിൽ വ്യാപാരം ആദ്യ മണിക്കൂറിലേക്ക് കടക്കുമ്പോൾ അദാനി പോർട്സ് ഓഹരി 1.29 ശതമാനം നേട്ടത്തോടെ 1,494.30 രൂപയിലാണുള്ളത്. ഒരുവേള വില ഇന്ന് 1,503 രൂപവരെ എത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂൺ മൂന്നിന് കുറിച്ച 1,621 രൂപയാണ് 52-ആഴ്ചയിലെ ഉയരം. 3.22 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് അദാനി പോർട്സ്. 106 ശതമാനം നേട്ടമാണ് (return) കഴിഞ്ഞ ഒരുവർഷത്തിനിടെ അദാനി പോർട്സ് ഓഹരികൾ നിക്ഷേപകർക്ക് സമ്മാനിച്ചത്.
കൊച്ചിൻ ഷിപ്പ്‍യാര്‍ഡിന്‍റെ ഓഹരികളിൽ ഇന്ന് ചാഞ്ചാട്ടമാണ് കാണുന്നത്. 1.3 ശതമാനം വരെ നേട്ടത്തിലാണ് തുടങ്ങിയതെങ്കിലും ഇപ്പോഴുള്ളത് 0.44 ശതമാനം താഴ്ന്ന് 2,792.20 രൂപയിൽ. ഒരുവേള ഓഹരിവില ഇന്ന് 2,900 രൂപവരെ ഉയർന്നിരുന്നു. ജൂലൈ എട്ടിലെ 2,979.45 രൂപയാണ് 52-ആഴ്ചയിലെ ഉയരം. 73,500 കോടി രൂപയുമായി കേരളത്തിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയാണ് കൊച്ചിൻ ഷിപ്പ്‍യാര്‍ഡ്. 860 ശതമാനമാണ് ഒരുവർഷത്തിനിടെ കൊച്ചിൻ ഷിപ്പ്‍യാര്‍ഡ് ഓഹരികൾ നിക്ഷേപർക്ക് നൽകിയ നേട്ടം.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)