ADVERTISEMENT

നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി മുന്നേറ്റം തുടർന്ന് ഇന്ന് വീണ്ടും റെക്കോർഡ് ഉയരങ്ങൾ കീഴടക്കി. അവസാന മണിക്കൂറിലെ  മുന്നേറ്റത്തിൽ 24444 പോയിന്റെന്ന പുതിയ ഉയരം കുറിച്ച നിഫ്റ്റി 24433 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് ഇന്ന് 80351 പോയിന്റിലും ഇന്ന് വ്യാപാരം  അവസാനിപ്പിച്ചു. 

ഐടി ഒഴികെ മറ്റെല്ലാ സെക്ടറുകളും മുന്നേറ്റം കുറിച്ച ഇന്ന് മാരുതിയും, മഹീന്ദ്രയും, ഐടിസിയുമാണ് ഇന്ത്യൻ വിപണിയെ മുന്നിൽ നയിച്ചത്. മാരുതി ഇന്ന് 6% മുന്നേറിയപ്പോൾ ഓട്ടോ സെക്ടർ ഇന്ന് 2.23% നേട്ടം കുറിച്ചു.

ജനക്ഷേമ പദ്ധതികൾക്കും, മൂലധനവികസനത്തിനും ഒരു പോലെ പ്രാധാന്യം കൊടുക്കുന്ന ബജറ്റാണ് ജൂലൈ 23ന് വരാനിരിക്കുന്നത് എന്ന് ഇന്ത്യൻ വിപണിയും കണക്ക് കൂട്ടുന്നത് അനുകൂലമാണ്. 

ഇന്നലെ സമ്പൂർണ മുന്നേറ്റം നേടിയ വളം ഓഹരികൾ ഇന്നും ആദ്യ മണിക്കൂറുകളിൽ കുതിപ്പ് തുടർന്നെങ്കിലും പിന്നീട് ലാഭമെടുക്കലിൽ വീണു. റെയിൽ, വളം, ഡിഫൻസ്, ഇൻഫ്രാ പൊതുമേഖല, ടെക്‌സ്‌റ്റൈൽസ്, ഇവി, ആർഇ സെക്ടറുകൾ ബജറ്റ് വരെ നിക്ഷേപത്തിന് പരിഗണിക്കാം. 

ഫെഡ് ചെയർമാൻ ഇന്നും നാളെയും 

അമേരിക്കൻ ഫെഡ് ചെയർമാൻ ജെറോം പവൽ ഇന്നും നാളെയുമായി അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സാമ്പത്തികകാര്യ സമിതിക്ക് മുന്നിൽ ഹാജരാകുന്നത് അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്കും പ്രധാനമാണ്. ഫെഡ് റിസർവിന്റെ ഇതുവരെയുള്ള നടപടികളുടെ പ്രയോജനവും, ഫെഡിന്റെ ഭാവിപരിപാടികളും ഫെഡ് ചെയർമാൻ ഇന്നും നാളെയുമായി ജോയിന്റ് ഇക്കണോമിക് കമ്മിറ്റിക്ക് മുൻപാകെ വെളിപ്പെടുത്തിയേക്കുമെന്നതാണ് വിപണിയുടെ അനുമാനം. 

അമേരിക്കൻ വിപണി മിക്സഡ് ക്ളോസിങ് നടത്തിയപ്പോൾ നാസ്ഡാക്കും, എസ്&പിയും ഇന്നലെയും റെക്കോർഡ് ഉയരങ്ങൾ താണ്ടി. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്നും നേട്ടത്തിലാണ് തുടരുന്നത്. 

അമേരിക്കൻ സിപിഐ വ്യാഴാഴ്ച

അമേരിക്കയുടെ ജൂൺ മാസത്തിലെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾ വ്യാഴാഴ്ചയും, പിപിഐ ഡേറ്റ വെള്ളിയാഴ്ചയും വരാനിരിക്കുന്നതും ഈയാഴ്ച അമേരിക്കൻ വിപണിക്ക് വളരെ പ്രധാനമാണ്. മെയ് മാസത്തിൽ 3.3% വാർഷിക വളർച്ച കുറിച്ച അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പം 3.1% മാത്രമേ വളർന്നിട്ടുണ്ടാകൂ എന്ന പ്രതീക്ഷ വിപണിക്ക് അനുകൂലമാണ്. 

ക്രൂഡ് ഓയിൽ 

ബെറിൽ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കൻ തീരമണഞ്ഞ ഇന്നലെ ക്രൂഡ് ഓയിലും നഷ്ടം കുറിച്ചു. അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരകണക്കുകളും, ഡോളർ വിലവ്യതിയാനവും ക്രൂഡ് ഓയിലിനും പ്രധാനമാണ്.  

സ്വർണം 

രാജ്യാന്തര സ്വർണവില വീണ്ടും 2370 ഡോളറിലേക്ക് തിരികെയെത്തി. ഫെഡ് ചെയർമാന്റെ ഇന്നത്തെയും നാളത്തേയും പ്രസ്താവനകൾ ബോണ്ട് യീൽഡിന് നൽകുന്ന വ്യതിയാനങ്ങൾ സ്വർണവിലയിലും പ്രതിഫലിക്കും. 

നാളത്തെ റിസൾട്ടുകൾ 

ടാറ്റ എൽഎക്സി, കേശോറാം ഇൻഡസ്ട്രീസ്, ജെടിഎൽ ഇൻഡസ്ട്രീസ്, കെസിപി ഷുഗർ മുതലായ കമ്പനികള്‍ നാളെ ഫലം പ്രഖ്യാപിക്കുന്നു. 

വ്യാഴാഴ്ച ടിസിഎസ്സും, വെള്ളിയാഴ്ച എച്ച്സിഎൽ ടെക്കും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നതും ഇന്ത്യൻ വിപണിക്ക് നിർണായകമാണ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market closed in Record High

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com