ADVERTISEMENT

ഇന്ത്യയുടെ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളിലൊന്നായ വസിർഎക്സിൽ (WazirX) നിന്ന് സുരക്ഷാപ്പൂട്ടുകൾ പൊളിച്ച് തട്ടിയെടുത്ത 230 മില്യൺ ഡോള‍റിൽ  (ഏകദേശം 2,000 കോടി രൂപ) മുന്തിയപങ്കും ഹാക്ക‍ർമാർ മറ്റ് ക്രിപ്റ്റോകളിലേക്ക് തരംമാറ്റി.

നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നും തട്ടിച്ച തുക വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നും വസിർഎക്സ് വ്യക്തമാക്കിയതിനിടെയാണ് ഈ തരംമാറ്റൽ.

വസിർഎക്സിൽ നിന്ന് ഷിബ ഇനു (ഷിബ്), മാറ്റിക് (പോളിഗൺ), പെപ്പെ കോയിൻ, ഓൾട്ട്കോയിൻ എന്നിവയാണ് ഉത്തര കൊറിയൻ സർക്കാരിന്‍റെ പിന്തുണയുള്ള ലാസറസ് ഗ്രൂപ്പ് (Lazarus Group) എന്ന ഹാക്ക‍ർമാരുടെ സംഘം സൈബ‍ർ ആക്രമണത്തിലൂടെ തട്ടിയെടുത്തതെന്നാണ് കരുതുന്നത്. എട്ട് ദിവസത്തോളം നീണ്ട ശ്രമത്തിനൊടുവിലായിരുന്നത്രേ തട്ടിപ്പ് സാധ്യമായത്.

ഇതിൽ 201 മില്യൺ ഡോള‍ർ (1,700 കോടി രൂപ) മതിക്കുന്ന ക്രിപ്റ്റോകളാണ് എഥറിയം ക്രിപ്റ്റോയിലേക്ക് മാറ്റിയത്. തട്ടിയെടുത്ത ബാക്കി ക്രിപ്റ്റോകൾ‌ ഇപ്പോഴും ഹാക്ക‍ർമാർ അതേപടി സൂക്ഷിച്ചിരിക്കുകയാണെന്ന് കോയിൻപേജ്.കോം റിപ്പോർട്ട് ചെയ്യുന്നു.

crypto

എഥറിയത്തിന്‍റെ സ്പോട്ട് എഥറിയം ഇടിഎഫ് അടുത്തയാഴ്ച പുറത്തിറക്കാനിരിക്കേയാണ്, തട്ടിയെടുത്ത പണം ഹാക്ക‌ർമാർ ഇതിലേക്ക് മാറ്റിയതെന്നത് ശ്രദ്ധേയമാണ്. നിലവിൽ 3,500 ഡോളറാണ് (2.92 ലക്ഷം രൂപ) എഥറിയം ക്രിപ്റ്റോയ്ക്ക് വില. ഇത് വൈകാതെ 4,000 ഡോള‍ർ (3.35 ലക്ഷം രൂപ) ഭേദിക്കുമെന്ന വിലയിരുത്തലുകളും ശക്തം.

പാളിപ്പോയ സുരക്ഷാകവചം
 

വസിർഎക്സ് ഏ‍ർപ്പെടുത്തിയ ബഹുതല (മൾട്ടി-ലെയ‍ർ) സുരക്ഷാപ്പൂട്ടുകൾ പൊളിച്ചാണ് ഹാക്ക‍ർമാർ പണം റാഞ്ചിയതെന്നത് നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. നിക്ഷേപകരുടെ പണം സൂക്ഷിക്കുന്ന ഡിജിറ്റൽ വാലറ്റ് തുറക്കാൻ ആറ് പേരുടെ അനുമതി വേണം. 5 പേർ വസിർഎക്സിൽ നിന്നും ഒരാൾ വാലറ്റ് ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്ഫോമായ സിംഗപ്പുർ ആസ്ഥാനമായ ലിമിനലിൽ (Liminal) നിന്നുമാണ്.

crypto-market

വസിർഎക്സിൽ നിന്ന് മൂന്നുപേരുടെ അനുമതിയും ലിമിനലിൽ നിന്ന് ഒരാളുടെയും അനുമതി കിട്ടുന്നതോടെ ഇടപാട് നടത്താം. ഈ സുരക്ഷാവലയം പൊളിച്ചായിരുന്നു ഹാക്ക‍ർമാരുടെ ആക്രമണം. സൈബ‌ർ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വസിർഎക്സിൽ നിന്ന് പണം പിൻവലിക്കാൻ ഉപയോക്താക്കൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

നിലപാട് കടുപ്പിക്കാൻ കേന്ദ്രവും റിസ‍ർവ് ബാങ്കും
 

ക്രിപ്റ്റോകറൻസികൾക്ക് എതിരായ നിലപാടാണ് എന്നും കേന്ദ്രസർക്കാരും റിസ‍ർവ് ബാങ്കും എടുത്തിട്ടുള്ളത്. ഒരുവേള ഇന്ത്യയിൽ ക്രിപ്റ്റോകറൻസികൾക്ക് റിസ‍ർവ് ബാങ്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ അതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു.

rbi-1

പിന്നാലെയാണ്, കേന്ദ്രസർക്കാർ ബജറ്റിലൂടെ ക്രിപ്റ്റോകറൻസികളിൽ നിന്നുള്ള നേട്ടത്തിന് 30 ശതമാനം നികുതി ഏർപ്പെടുത്തിയത്. ക്രിപ്റ്റോകറൻസികൾക്ക് നിയന്ത്രണ അതോറിറ്റി ഇല്ലെന്നതും രഹസ്യസ്വഭാവമാണെന്നതുമാണ് റിസ‍ർവ് ബാങ്ക് എതിർക്കാൻ മുഖ്യകാരണം.

ഉപയോക്താക്കളുടെ നിക്ഷേപം സുരക്ഷിതമല്ലെന്നും ഹാക്ക് ചെയ്യപ്പെടാമെന്നും റിസ‍ർവ് ബാങ്ക് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. കള്ളപ്പണം, രാജ്യവിരുധ പ്രവർത്തനം തുടങ്ങിയവയ്ക്ക് ഉപയോഗിച്ചേക്കാമെന്ന ആശങ്കയാണ് കേന്ദ്രത്തിനുള്ളത്.

നിലവിൽ, വസിർഎക്സിലുണ്ടായ സൈബ‍ർ ആക്രമണം ചൂണ്ടിക്കാട്ടി ക്രിപ്റ്റോകറൻസികൾക്കെതിരെ കടുത്ത നിലപാടിലേക്ക് കടക്കാൻ കേന്ദ്രവും റിസർവ് ബാങ്കും ശ്രമിച്ചേക്കും.

English Summary:

WazirX Hacked: Stolen $230M of Crypto Converted to Ethereum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com