ADVERTISEMENT

നിക്ഷേപകരെ കണ്ണീരിലാഴ്ത്തി ധനമന്ത്രി നിർമ്മല സീതാരാമൻ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ മൂലധന നേട്ടങ്ങൾക്ക് ചില  നികുതി മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഹ്രസ്വകാല മൂലധന നേട്ടത്തിന് 20 ശതമാനം നികുതിയാണ് ഇന്നത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.15 ശതമാനത്തിൽ നിന്നാണ് ഇത് 20 ശതമാനമാക്കി ഉയർത്തിയിരിക്കുന്നത്‌. ഇത് തീർച്ചയായും ചെറിയൊരു ശതമാനം വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും.  എന്നാൽ ഓഹരി വിപണി ഓരോ ദിവസവും ഉയരുന്നതും, കൂടുതൽ സാധാരണക്കാർ ഓഹരി വ്യാപാരത്തിലേക്ക് വരുന്നതും, ഡെറിവേറ്റീവ് വ്യാപാരം കൂടുന്നതും സെബിയുടെ പോലെ തന്നെ  കേന്ദ്ര സർക്കാരിന് തലവേദന ഉണ്ടാക്കിയിരുന്നു.

ഹ്രസ്വകാല മൂലധന നേട്ടം ഉണ്ടായാൽ മറ്റു വരുമാനങ്ങളുടെ കൂടെ കൂട്ടാതെ തന്നെ 20 ശതമാനം നികുതി കൊടുക്കേണ്ടി വരും. ഹ്രസ്വകാല മൂലധന നേട്ടത്തിന് നികുതി പ്രഖ്യാപിച്ചതോടെ വിപണിയിൽ പൊടുന്നനെ തകർച്ച പ്രകടമായി. എന്നാൽ വീണ്ടും ഓഹരി വിപണി പകുതിയോളം നഷ്ടം കുറച്ചു. സെൻസെക്സ് 80429  ലാണ് വ്യാപാരം അവസാനിപ്പിച്ചത്. മ്യൂച്ചൽ ഫണ്ടുകൾ വഴിയും, വിദേശ നിക്ഷേപകർ വഴിയും, ധാരാളം പണം ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ഒഴുകി എത്തുന്നത് മൂലം, തകർച്ചകൾ ഉണ്ടായാൽ തന്നെ പെട്ടെന്ന് ഓഹരികൾ പുതിയ ഉയരത്തിലേക്ക് എത്തുന്ന പ്രവണത കഴിഞ്ഞ ഒരു വർഷത്തിൽ വളരെ സാധാരണയാണ്. അതുകൊണ്ടു തന്നെ ഹ്രസ്വകാല  മൂലധന നേട്ട നികുതി ഏർപ്പെടുത്തിയതുകൊണ്ടു വിപണി താത്കാലികമായി താഴുമെങ്കിലും പെട്ടെന്ന് തന്നെ തിരിച്ചു കയറുമെന്ന് വിദഗ്ധർ പറയുന്നു.

ദീർഘകാല മൂലധന നേട്ടം

എല്ലാ സാമ്പത്തിക, സാമ്പത്തികേതര ആസ്തികളുടെയും ദീർഘകാല മൂലധന നേട്ടങ്ങളുടെ നികുതി നിരക്ക് 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ആയി ഉയരും. ദീർഘകാല മൂലധന നേട്ട നികുതിയുടെ ഇളവ് പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 1.25 ലക്ഷം രൂപയായി ഉയർത്തി. ഒരു വർഷത്തിലേറെയായി കൈവശം വച്ചിരിക്കുന്ന ലിസ്റ്റുചെയ്ത സാമ്പത്തിക ആസ്തികളെ ദീർഘകാലമായി തരംതിരിക്കുമെന്നും ബജറ്റ് പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഈ നികുതി നിർദേശങ്ങൾ പ്രാബല്യത്തിൽ വരും.

ഹ്രസ്വ – ദീർഘകാല മൂലധന നേട്ട നികുതികളുടെ ചരിത്രം

1992 ൽ ഹ്രസ്വകാല മൂലധന നേട്ടത്തിന് നികുതി മറ്റു വരുമാനങ്ങളുടെ കൂടെ കൂട്ടി സ്ളാബ് നിരക്കിൽ ആയിരുന്നു കണക്കാക്കിയിരുന്നത്. 1992 ലും, 1997 ലും, 1999 ലും, 2002 ലും , 2003 ലും ദീർഘ കാല  മൂലധന നേട്ട  നികുതി 20 ശതമാനയിരുന്നു. അതുപോലെ ഈ വർഷങ്ങളിലെല്ലാം ഹ്രസ്വകാല മൂലധന നേട്ട  നികുതി മറ്റു വരുമാനങ്ങളുടെ കൂടെ കൂട്ടി സ്ളാബ് നിരക്കിലായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ 2004 ൽ ദീർഘകാല മൂലധന നേട്ട  നികുതി ഒഴിവാക്കി. ഹൃസ്വകാല മൂലധന നേട്ട  നികുതി 10 ശതമാനമാക്കി നിജപ്പെടുത്തി. ഹ്രസ്വകാല മൂലധന നേട്ടത്തിന് മറ്റു വരുമാനത്തിന്റെ കൂടെ കൂട്ടാതെ  വേർതിരിച്ചു  തന്നെ നികുതി നിലവിൽ വന്നത് 2004 ൽ ആയിരുന്നു. 2008 ൽ പി ചിദംബരം, ഹ്രസ്വകാല മൂലധന നേട്ട നികുതി 15 ശതമാനമാക്കി ഉയർത്തി. 2004 ലും, 2008 ലും, 2016 ലും, ദീർഘ കാല മൂലധന നേട്ടത്തിന് നികുതി ഉണ്ടായിരുന്നില്ല. 2018 ആയപ്പോൾ വീണ്ടും ദീർഘകാല മൂലധന നേട്ടത്തിന് നികുതി ഏർപ്പെടുത്തി. ദീർഘകാല മൂലധന നേട്ടത്തിന് 10 ശതമാനവും,  ഹ്രസ്വകാല മൂലധന നേട്ടത്തിന് 15 ശതമാനവുമായിരുന്നു നികുതി കൊണ്ടുവന്നത്. ഓഹരി വിപണി പങ്കാളിത്തം കുറവായിരുന്ന സമയങ്ങളിൽ നികുതി വേണ്ടെന്നു വെച്ചും , ഇപ്പോഴത്തെ പോലെ ഓഹരി വിപണി പങ്കാളിത്തം കൂടുമ്പോൾ നികുതി കൂട്ടിയും, സാമ്പത്തിക നയങ്ങൾ മാറ്റുന്നത് സർക്കാരുകളുടെ പതിവാണ് എന്ന് കാണിക്കുന്നതിനാണ് ചരിത്രത്തിലൂടെ കടന്നു പോയത്.

English Summary:

Short Term Capital Gain Tax and Union Budget 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com