ADVERTISEMENT

കേരളം ആസ്ഥാനമായ പ്രമുഖ മത്സ്യക്കൃഷി, സമുദ്രോൽപന്ന കമ്പനിയായ കിങ്സ് ഇൻഫ്രയുടെ (Kings Infra) ഓഹരി വില കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കുതിച്ചത് 10 ശതമാനത്തിലധികമാണ്. ഇന്നുമാത്രം ഓഹരി വില 9.85 ശതമാനം ഉയർന്ന് 191.85 രൂപയിലെത്തി. കേരളം ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാൺ ജുവലേഴ്സിന്‍റെ ഓഹരി വില ഇന്നലെ 4.29 ശതമാനവും ഇന്ന് 6.20 ശതമാനവുമാണ് കുതിച്ചുയർന്നത്.

എന്തുകൊണ്ട് സ്വർണ - സമുദ്രോൽപന്ന കമ്പനികളുടെ ഓഹരികളുടെ വില മുന്നേറുന്നത്? ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ അനുകൂല പ്രഖ്യാപനങ്ങൾ ഊർജമാക്കിയാണ് ഓഹരിക്കുതിപ്പ്.

'ചെമ്മീൻ' കുതിപ്പിന് പിന്നിൽ

 

സമുദ്രോൽപന്ന കയറ്റുമതി, പ്രത്യേകിച്ച് ചെമ്മീൻ (Shrimp) കയറ്റുമതി രംഗത്തെ ലിസ്റ്റഡ് കമ്പനികളായ കിങ്സ് ഇൻഫ്ര, അപെക്സ് ഫ്രോസൻ ഫുഡ്സ്, അവന്തി ഫീഡ്സ്, സീൽ അക്വ തുടങ്ങിയവയുടെ ഓഹരി വില 20 ശതമാനം വരെയാണ് ബജറ്റ് പ്രഖ്യാപനത്തിന് ശേഷം മുന്നേറിയത്. പല ഓഹരികളും അപ്പർ-സർക്യൂട്ടിലെത്തി. ചെമ്മീൻ കൃഷിക്കും വിപണനത്തിനും സാമ്പത്തിക പിന്തുണ ഉറപ്പാക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് വളമായത്.

ചെമ്മീൻ ഇറക്കുമതിയുടെ തീരുവ 5 ശതമാനത്തിലേക്ക് കുറയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു. നബാർഡ് വഴിയാണ് ചെമ്മീൻ കൃഷിക്ക് സാമ്പത്തിക പിന്തുണ നൽകുക. അടുത്ത രണ്ടുവർഷത്തിനകം ഒരുലക്ഷം കോടി രൂപയുടെ സമുദ്രോൽപന്ന കയറ്റുമതിയാണ് ഇന്ത്യയുടെ ലക്ഷ്യം. നിലവിൽ ഇന്ത്യൻ സമുദ്രോൽപന്ന കയറ്റുമതിയുടെ 70 ശതമാനവും ചെമ്മീനാണ്. 

ഓഹരിയിലെ സ്വർണത്തിളക്കം

goldnew8

ബജറ്റിൽ സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ ജ്വല്ലറി കമ്പനികളുടെ ഓഹരികളും പറക്കുകയാണ്. കേരളം ആസ്ഥാനമായ കല്യാൺ ജുവലേഴ്സിന്‍റെ ഓഹരി വില ഇന്ന് 6.20 ശതമാനം ഉയർന്ന് 587 രൂപയിലെത്തി. കമ്പനിയുടെ വിപണിമൂല്യം 60,497 കോടി രൂപയുമായി.

ഇന്നലെ 6.5 ശതമാനം മുന്നേറിയ ടൈറ്റൻ ഓഹരി ഇന്ന് രണ്ടര ശതമാനത്തിലധികം ഉയർന്നെങ്കിലും വ്യാപാരാന്ത്യത്തിലുള്ളത് 0.14 ശതമാനം നേട്ടത്തിലാണ്. മറ്റൊരു ജ്വല്ലറി കയറ്റുമതി കമ്പനിയായ രാജേഷ് എക്സ്പോർട്സിന്‍റെ ഓഹരി വിലയും ഇന്നലെ 6.8 ശതമാനം ഉയർന്നിരുന്നു. ഓഹരി വില ഇന്നുള്ളത് പക്ഷേ 0.62 ശതമാനം നേട്ടത്തിൽ. ലാഭമെടുപ്പാണ് നേട്ടം കുറയാനിടയാക്കിയത്.

ആന്ധ്രാ ഓഹരികളും ഉത്സാഹത്തിൽ

ബജറ്റിൽ ആന്ധ്രാപ്രദേശിന് വാരിക്കോരി വിഹിതം പ്രഖ്യാപിച്ചതോടെ ആന്ധ്രാ ആസ്ഥാനമായ ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളും മികച്ച നേട്ടമാണ് കൊയ്യുന്നത്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ 6 ശതമാനത്തിലധികം മിക്ക ആന്ധ്രാ കമ്പനികളും സ്വന്തമാക്കി. ഇന്ന് പ്രകടനം സമ്മിശ്രമാണെങ്കിലും ചില കമ്പനികൾ തിളക്കം കൈവിട്ടിട്ടില്ല.

കെഎൻആർ കൺസ്ട്രക്ഷൻസ് ഇന്നലെ 8.3 ശതമാനവും ഇന്ന് 5.3 ശതമാനവും ഉയർന്നു. ഇന്നലെ 5.5 ശതമാനം കുതിച്ച കെസിപിയുടെ ഓഹരി ഇന്നുള്ളത് 1.31 ശതമാനം നേട്ടത്തിൽ. ആന്ധ്രാ സിമന്‍റ്സ് ഓഹരി ഇന്നലെ 4.8 ശതമാനവും ഇന്ന് 0.52 ശതമാനവും ഉയർന്നു.

സാഗർ സിമന്‍റ്സിന്‍റെ ഇന്നത്തെ നേട്ടം 1.06 ശതമാനം. ഇന്നലെ 3.4 ശതമാനം ഉയർന്നിരുന്നു. പിഎൻസി ഇൻഫ്രാ, എൻസിഎൽ ഇൻഡസ്ട്രീസ്, ലിഖിത ഇൻഫ്രാ എന്നിവയും രണ്ടു ദിവസത്തിനിടെ മൂന്നര ശതമാനം വരെ നേട്ടം കൈവരിച്ചു. 

കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം

ബജറ്റിൽ മൂലധന നേട്ട നികുതി വർധിപ്പിച്ചതിനെ തുടർന്ന് ഇന്നലെയും ഇന്നും ഇന്ത്യൻ ഓഹരി സൂചികകൾ നഷ്ടത്തിന്‍റെ ട്രാക്കിലായിരുന്നു. അതേസമയം, കേരള കമ്പനികൾ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്.

9.8 ശതമാനം ഉയർന്ന് കിംഗ്സ് ഇൻഫ്ര നേട്ടത്തിൽ ഒന്നാമതെത്തി. ഈസ്റ്റേൺ ട്രെഡ്സ് ആണ് 7.98 ശതമാനം ഉയർന്ന് രണ്ടാം സ്ഥാനത്ത്. കല്യാൺ ജുവലേഴ്സ് (6.25%), കൊച്ചിൻ മിനറൽസ് (4.95%), ജിയോജിത് (4.17%), റബ്ഫില (4.1%), അപ്പോളോ ടയേഴ്സ് (3.99%), ബിപിഎൽ (3.82%), ജിടിഎൻ ടെക്സ്റ്റൈൽസ് (3.12%), പോപ്പുലർ വെഹിക്കിൾസ് (3.09%), ഹാരിസൺസ് മലയാളം (3.09%), കിറ്റെക്സ് (2.89%), വണ്ടർല (2.84%), വി-ഗാർഡ് (2.8%) എന്നിവയും നേട്ടത്തിൽ മുൻനിരയിലുണ്ട്.

പാറ്റ്സ്പിൻ (6.94%), സഫ സിസ്റ്റംസ് (4.98%), അഡ്ടെക് സിസ്റ്റംസ് (1.99%) എന്നിവയാണ് നഷ്ടത്തിൽ മുന്നിൽ.

English Summary:

Kerala Companies Performance in Share Market Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com