വിദ്യാലയങ്ങളിൽ ഇനി വ്യവസായ പാർക്കുകൾ
Mail This Article
വ്യവസായ മേഖലയും അക്കാദമിക് രംഗവും വിരുദ്ധ ധ്രുവങ്ങളിലാണ് എന്ന ആക്ഷേപത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. രണ്ട് മേഖലയ്ക്കും ഇടയിൽ പാലമാകാൻ പല ശ്രമങ്ങളും നടന്നു. അത്തരത്തിലുള്ള വളരെ വിപ്ലവകരമായ ഒരു നടപടി ആരംഭിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് എന്ന പേരിൽ ഇന്ന് ആരംഭിച്ച പദ്ധതി വിദ്യാർത്ഥികളെ സംരംഭകരാക്കാൻ സഹായിക്കുന്നതിനൊപ്പം വ്യവസായ-അക്കാദമിക് ബന്ധം ശക്തിപ്പെടുത്തുന്നതിനും കളമൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വ്യവസായ ആവശ്യത്തിനുള്ള സ്ഥല ദൗർലഭ്യം പരിഹരിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീഴിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന ഭൂമി വ്യവസായ വികസനത്തിന് ഉപയോഗിക്കുന്നതിനും കൂടി ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
സംസ്ഥാനത്തിന്റെ വ്യവസായ മുന്നേറ്റത്തെ വൻ തോതിൽ ശക്തിപ്പെടുത്തുന്നതിനും കളമൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ചുരുങ്ങിയത് 5 ഏക്കർ ഭൂമി കൈവശമുള്ള സർവ്വകലാശാലകൾ, ആർട്ട്‌സ് & സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പോളിടെക്‌നിക്കുകൾ, ഐ.ടി.ഐകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, കാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിച്ച് ഈ പദ്ധതിക്ക് പിന്തുണ നൽകാൻ സാധിക്കും. ക്യാമ്പസുകളിൽ സ്റ്റാന്‍ഡേർഡ് ഡിസൈൻ ഫാക്ടറി സ്ഥാപിക്കുന്നതിന് രണ്ട് ഏക്കർ ഭൂമിയെങ്കിലും വേണം. 30 വർഷത്തേക്ക് ആയിരിക്കും ഡവലപ്പർ പെർമിറ്റ് അനുവദിക്കുന്നത്. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾക്ക് 2 ഏക്കർ മതിയാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചുമതലപ്പെടുത്തുന്ന സംവിധാനങ്ങൾക്കും അപേക്ഷിക്കാം. ഇതിനായി ഡെവലപ്പർ പെർമിറ്റിന് അപേക്ഷ സമർപ്പിക്കണം.
വ്യവസായ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ധനകാര്യ വകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ വകുപ്പ്, ജലവിഭവവകുപ്പ്, ഊർജ്ജ പരിസ്ഥിതി വകുപ്പുകൾ എന്നിവയുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെട്ട സംസ്ഥാന തല സെലക്ഷൻ കമ്മിറ്റിയാണ് അപേക്ഷകളിൽ തീരുമാനമെടുക്കുന്നത്. ജില്ലാ തലത്തിൽ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ ഉൾപ്പെട്ട സമിതി സ്ഥല പരിശോധിക്കും. ഈ പരിശോധനയ്ക്ക് ശേഷമാകും അപേക്ഷകളിൽ തീരുമാനമെടുക്കുക. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഭൂമിയാകുമെന്ന് ഉറപ്പുവരുത്തുയശേഷം ആണ് അനുമതി നൽകുക.