ADVERTISEMENT

സ്വര്‍ണത്തോട്  മലയാളികള്‍ക്ക് എന്നും പ്രിയം തന്നെയാണ്. സ്വർണ വില കുത്തനെ കയമ്പോൾ അവസരം കളഞ്ഞു കുളിച്ചല്ലോ എന്ന് ആശങ്കപ്പെടുന്നവർ ഏറെയാണ്. എന്നാൽ ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണ വിലയിൽ ഇടിവ് വന്നത് ഇതിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അവസരമാണ്. ഭാവിയിലേക്കായി കുറെ ആഭരണങ്ങള്‍ വാങ്ങി കൂട്ടുകയാണ് നമ്മളില്‍ ഭൂരിഭാഗം പേരും ചെയ്യുന്നത്. എന്നാല്‍, ഇത്തരത്തില്‍ ആഭരണം വാങ്ങി കൂട്ടുന്നത് ഒരു മികച്ച നിക്ഷേപമല്ല. എന്തെന്നാല്‍ വില്‍ക്കുന്ന സമയം പണിക്കൂലി,തേയ്മാനംഇവയെല്ലാം കുറച്ചുള്ള വില മാത്രമേ ഉപഭോക്താക്കള്‍ക്ക് ലഭിക്കൂ. എന്നാല്‍, മികച്ച നേട്ടം ലഭിക്കുന്ന സ്വര്‍ണ നിക്ഷേപങ്ങളുണ്ട്. അതുവഴി നിക്ഷേപിച്ചാല്‍ ഭാവി സുരക്ഷിതമാക്കാം.

ഗോള്‍ഡ് ഇടിഎഫുകള്‍

ഹ്രസ്വകാല നിക്ഷേപത്തിനായുള്ള മികച്ച നിക്ഷേപങ്ങളിലൊന്നാണ് ഗോള്‍ഡ് ഇടിഎഫുകള്‍ അഥവാ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ട്‌സ്. മാത്രമല്ല നിക്ഷേപം ഏറ്റവും എളുപ്പത്തില്‍ പണമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കും ഇടിഎഫ് അനുയോജ്യമാണ്. മ്യൂച്വല്‍ഫണ്ടു യൂണിറ്റുകള്‍ക്കു സമമാണ് ഇവിടെ നിക്ഷേപിക്കുന്നത്. മോഷണം, പരിശുദ്ധി പോലുള്ള ടെന്‍ഷനും ഇല്ല. ഇവ സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ ലിസ്റ്റ് ചെയ്യുകയും ട്രേഡ് ചെയ്യുകയുമാണ് രീതി. മ്യൂച്വല്‍ ഫണ്ടുകളാണ് ഇ.ടി. എഫുകളുടെ ആസ്തി കൈകാര്യം ചെയ്യുന്നത്. സെബിയുടെ വ്യവസ്ഥകളും നിയന്ത്രണങ്ങളും ബാധകമാണ്. സ്വര്‍ണ്ണ ഇടിഎഫില്‍ ഒരു യൂണിറ്റ് എന്നത് ഒരു ഗ്രാം സ്വര്‍ണത്തിന് തുല്യമാണ്. 24 കാരറ്റ് സ്വര്‍ണമാണ് ഇവിടെ ക്രയവിക്രയം നടത്തുക. ഗോള്‍ഡ് ഇടിഎഫിന്റെ അടിസ്ഥാന ആസ്തി ഫിസിക്കല്‍ ഗോള്‍ഡ് തന്നെയാണ്. അതിനാല്‍ വിലയിലെ ഏത് മാറ്റവും  കൃത്യതയോടെ ഇടിഎഫ് പിന്തുടരുന്നു. സാധാരണ ഓഹരികള്‍ പോലെ ഗോള്‍ഡ് ഇടിഎഫുകള്‍ എപ്പോള്‍ വേണമെങ്കിലും വാങ്ങാം.

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനുവേണ്ടി റിസര്‍വ് ബാങ്ക് നല്‍കുന്ന സര്‍ക്കാര്‍ പിന്തുണയുള്ള ബോണ്ടുകളാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട്. അതിനാല്‍, യഥാര്‍ത്ഥ സ്വര്‍ണത്തിന് പകരമുള്ള സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. സോവറിന്‍ ഗോള്‍ഡ് ബോണ്ട് 2015 നവംബറിലാണ് സര്‍ക്കാര്‍ ആരംഭിക്കുന്നത്. ഇത്തരത്തില്‍ നിക്ഷേപിക്കുമ്പോള്‍ നികുതി ഇളവുകളും ലഭിക്കും. ഇതു വില്‍ക്കുമ്പോള്‍ മാര്‍ക്കറ്റ് വിലയ്ക്കുപുറമെ 2.5 ശതമാനം പലിശയും ലഭിക്കുന്നു. വ്യക്തികള്‍ക്ക് മാത്രമാണ് നിക്ഷേപം നടത്താന്‍ സാധിക്കുക. 8 വര്‍ഷമാണ് സോവറിന്‍ ബോണ്ടുകളുടെ കാലാവധി. കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമാണ്. വാര്‍ഷിക പരിധി നാല് കിലോ ഗ്രാം.

gold-bars

ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട്

സ്വര്‍ണ ശേഖരത്തില്‍ നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കുന്ന ഒരു തരം മ്യൂച്വല്‍ ഫണ്ടുകളാണിവ. ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലാണിത്. മറ്റ് മ്യൂച്ചല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനരീതി പോലെ തന്നെയാണ് ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളുടെയും പ്രവര്‍ത്തനം.ഡീമാറ്റ് അക്കൗണ്ടുകളോ ട്രേഡിങ്ങോ ഇല്ലാതെ തന്നെ നിക്ഷേപകരില്‍ നിന്ന് സ്വീകരിക്കുന്ന പണം ഫണ്ടുകളിലും ഇടിഎഫുകളിലും നിക്ഷേപിക്കുന്നതാണ് ഈ രീതി. ചെറിയ തുകപോലും നിക്ഷേപം നടത്തി നേട്ടമുണ്ടാക്കാന്‍ ഉപഭോക്താക്കള്‍ക്കാകും. സ്വർണത്തിന്റെ അതത് ദിവസത്തെ വിലയാണ് ഫണ്ടിന്റെ എൻ എ വി. അതിനാല്‍ വിലയിലെ കയറ്റിറക്കങ്ങളെ കുറിച്ച് നിക്ഷേപകന്‍ അറിഞ്ഞിരിക്കണം. മാസം കുറഞ്ഞത് 1000 രൂപയുടെ എസ്.ഐ.പി നിക്ഷേപം ആവശ്യമാണ്.

ഡിജിറ്റല്‍ ഗോള്‍ഡ്

ഓണ്‍ലൈനായി സ്വര്‍ണം വാങ്ങുകയും വില്‍ക്കുകയുമാണ് ഡിജിറ്റല്‍ ഗോള്‍ഡ് രീതിയില്‍ ചെയ്യുന്നത്. ഇത്തരം സ്വര്‍ണം ഡിജിറ്റലായി ശേഖരിക്കുകയും ചെയ്യാം. സ്വര്‍ണം കയ്യില്‍ വാങ്ങി സംഭരിക്കുന്നില്ല എന്നേ ഉള്ളൂ. എല്ലാം ഓണ്‍ലൈനിലാണ്. കൈവശം വയ്ക്കാവുന്ന അതേ മൂല്യത്തിലാണ് ഡിജിറ്റലായും സംഭരിക്കുക. വിവിധ സൈറ്റുകള്‍ ഉണ്ടെങ്കിലും റിസ്ക് എടുക്കേണ്ടത് ഉപഭോക്താക്കളാണ്.

English Summary:

Different Options for Investing gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com