ബംഗ്ലദേശ് പ്രക്ഷോഭം: ഇന്ത്യയുടെ ടെക്സ്റ്റൈൽ ഓഹരികളിൽ മുന്നേറ്റം, കിറ്റെക്സ് 16% കുതിപ്പിൽ
Mail This Article
വസ്ത്രോൽപാദന, കയറ്റുമതി രംഗത്ത് ലോകത്തെ മുൻനിര രാജ്യമായ ബംഗ്ലദേശിൽ രാഷ്ട്രീയ, സാമൂഹിക അരക്ഷിതാവസ്ഥ ശക്തമായതോടെ, നേട്ടം സ്വന്തമാക്കാൻ ഇന്ത്യൻ കയറ്റുമതി കമ്പനികൾ. പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കുകയും സൈന്യം ഭരണം പിടിക്കുകയും ചെയ്തതോടെ ബംഗ്ലദേശിൽ സാമ്പത്തിക, വ്യാവസായിക മേഖലകളും സമ്മർദ്ദത്തിലായിട്ടുണ്ട്.
ബംഗ്ലദേശിന്റെ ജിഡിപിയിൽ 11-12 ശതമാനവും കയറ്റുമതി വരുമാനത്തിൽ 80 ശതമാനവും വിഹിതമുള്ള വസ്ത്ര ഉൽപാദന മേഖലയാണ് കൂടുതൽ പ്രതിസന്ധിയിലായത്. ബംഗ്ലദേശിൽ നിന്ന് വസ്ത്രോൽപാദനവും കയറ്റുമതിയും ഇന്ത്യയിലേക്ക് മാറാനുള്ള സാധ്യത കൂടിയതോടെ, ഇന്ത്യൻ ടെക്സ്റ്റൈൽ കയറ്റുമതി കമ്പനികളുടെ ഓഹരികളും ഇന്ന് കുതിപ്പിലായി. ബംഗ്ലദേശിൽ നിന്നുമാറി യുഎസ്, യൂറോപ്പ്, ഗൾഫ് മേഖലകളിൽ നിന്നുള്ള കയറ്റുമതി ഓർഡറുകൾ ഇന്ത്യക്ക് കിട്ടിയേക്കുമെന്ന വിലയിരുത്തലുകളും നേട്ടമായി.
16% ഉയർന്ന് കിറ്റെക്സ്
കൊച്ചി ആസ്ഥാനമായ വസ്ത്ര നിർമാതാക്കളും കുട്ടികളുടെ വസ്ത്ര നിർമാണ, കയറ്റുമതി രംഗത്തെ പ്രമുഖരുമായ കിറ്റെക്സിന്റെ ഓഹരി വില ഒരുവേള ഇന്ന് 16 ശതമാനത്തോളം മുന്നേറി. നിലവിൽ 14.62 ശതമാനം കുതിച്ച് 241.61 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
രാജ്യത്തെ മറ്റ് പ്രമുഖ വസ്ത്ര കയറ്റുമതിക്കാരായ ഗോകൽദാസ് എക്സ്പോർട്ടേഴ്സ് 11 ശതമാനം, ആർഎസ്എംഡബ്ല്യു 10 ശതമാനം, ഫെയ്സ് ത്രീ എട്ട് ശതമാനം, ജിഎച്ച്സിഎൽ ടെക്സ്റ്റൈൽസ് 8 ശതമാനം, ഇൻഡോ കൗണ്ട് ഇൻഡസ്ട്രീസ് 5 ശതമാനം, കെപിആർ മിൽ 4 ശതമാനം, അർവിന്ദ് മൂന്ന് ശതമാനം എന്നിങ്ങനെയും നേട്ടത്തിലാണ്.
കഴിഞ്ഞ ഒരുവർഷത്തിനിടെ 28 ശതമാനവും 5 വർഷത്തിനിടെ 200 ശതമാനവും നേട്ടം നിക്ഷേപകർക്ക് സമ്മാനിച്ച ഓഹരിയാണ് കിറ്റെക്സ്. 10 ശതമാനമാണ് കഴിഞ്ഞ ഒരുവർഷത്തെ നേട്ടം. കേരളത്തിൽ നിന്ന് ചുവടുമാറ്റി തെലങ്കാനയിലേക്ക് പറന്ന കിറ്റെക്സ് അവിടെ 3,000 കോടിയോളം രൂപ നിക്ഷേപത്തോടെ ഫാക്ടറികൾക്ക് തുടക്കമിട്ടിരുന്നു.
മുന്നിൽ മികച്ച അവസരം
ലോകത്ത് വസ്ത്ര കയറ്റുമതിയിൽ 30 ശതമാനത്തിലധികം വിഹിതവുമായി ചൈനയാണ് ഒന്നാമത്. ബംഗ്ലാദേശ് 6-7 ശതമാനം വിഹിതവുമായി ശക്തരാണ്. ഇന്ത്യയുടെ വിഹിതം 5 ശതമാനത്തിലും താഴെ.
യുഎസ്, യൂറോപ്യൻ കമ്പനികളും നിക്ഷേപകരും ചൈനയിൽ നിന്ന് പിന്മാറുന്നതും ബംഗ്ലാദേശിലെ പ്രതിസന്ധികളും ഇന്ത്യൻ കമ്പനികൾക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തൽ. വിയറ്റ്നാം പോലുള്ള കിഴക്കനേഷ്യൻ രാജ്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നത് വാഹന, ഇലക്ട്രോണിക്സ് മേഖലകളിലാണ്. അതുകൊണ്ട്, ചൈനയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും കൂടൊഴിയുന്ന വസ്ത്ര കയറ്റുമതിക്കാർ ഇന്ത്യയിലേക്ക് ശ്രദ്ധ തിരിക്കാനാണ് സാധ്യതയേറെയെന്ന് കിറ്റെക്സ് എംഡി സാബു എം. ജേക്കബ് 'മനോരമ ഓൺലൈനിനോട്' പറഞ്ഞു.
ബംഗ്ലദേശ്, ആഫ്രിക്ക, ശ്രീലങ്ക പോലുള്ള രാഷ്ട്രീയ അരക്ഷിതാവസ്ഥയുള്ള രാജ്യങ്ങളിൽ നിക്ഷേപിക്കുന്നത് ഉചിതമല്ലെന്ന ചിന്ത രാജ്യാന്തര തലത്തിൽ ശക്തമാകുന്നുണ്ട്. ഇന്ത്യക്ക് ഇത് സുവർണാവസരമാണ്.
യുഎസിലെ മാന്ദ്യഭീതി കിറ്റെക്സിനെ ബാധിച്ചിട്ടില്ലെന്നും ഉൽപാദനശേഷിയേക്കാൾ അധികം ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ ഫാക്ടറി പ്രവർത്തനം അടുത്തഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
( Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)