സൂപ്പർ ചാർജ്! അപ്പർ-സർക്യൂട്ടടിച്ച് ഓല; മുന്നേറി കൊച്ചി കപ്പൽശാല, 'ലക്ഷാധിപതിയായി' സുസ്‍ലോൺ എനർജി
Mail This Article
ഓഹരി വിപണിയിലെ കന്നിവ്യാപാരത്തിന് ഇന്ന് തുടക്കമിട്ട ഓല ഇലക്ട്രിക്, ലിസ്റ്റിങ്ങിലെ തണുപ്പൻ പ്രകടനത്തിൽ നിന്ന് അതിവേഗം കുതിച്ചുകയറി അപ്പർ-സർക്യൂട്ടിൽ തൊട്ടു. ഐപിഒ വിലയായ 76 രൂപയിൽ തന്നെ ലിസ്റ്റ് ചെയ്ത ഓഹരികൾ, പിന്നീട് 20 ശതമാനം മുന്നേറി 91.20 രൂപയിൽ എത്തുകയായിരുന്നു.
കമ്പനിയുടെ വിപണിമൂല്യം, ഓഹരികളുടെ എണ്ണം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തി നിശ്ചയിക്കുന്ന പ്രൈസ് ബാൻഡാണ് അപ്പർ, ലോവർ-സർക്യൂട്ടുകൾ. ഓഹരിവില ഒരുദിവസം നിശ്ചിത പരിധിയിലധികം കൂടുന്നതും ഇടിയുന്നതും തടയുന്നതിനുള്ള നിയന്ത്രണമാണിത്. ഓല ഇലക്ട്രിക്കിന് നിശ്ചയിച്ച അപ്പർ-സർക്യൂട്ടായ 20 ശതമാനത്തിൽ ഇന്ന് ഓഹരിവില എത്തുകയായിരുന്നു.
ഐപിഒയിലും കാര്യമായ മുന്നേറ്റം സൃഷ്ടിക്കാൻ ഓലയ്ക്ക് കഴിയാതിരുന്നതിനാൽ ലിസ്റ്റിങ്ങ് നഷ്ടത്തിലോ ഐപിഒ വിലയിൽ തന്നെയോ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ലിസ്റ്റിങ്ങിന് മുമ്പ് ഗ്രേ മാർക്കറ്റിൽ വില 3-4 രൂപവരെ കുറവുമായിരുന്നു. ഓഹരിവില പിന്നീട് കുതിച്ചതോടെ, ഓല സ്ഥാപകനും 38കാരനുമായ ഭവിഷ് അഗർവാൾ ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ ശതകോടീശ്വരന്മാരിൽ ഒരാളായി മാറിയിട്ടുമുണ്ട്.
ഓല ഓഹരിവില 16 ശതമാനം ഉയർന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ ആസ്തിയിൽ ഇന്ന് 140 കോടി ഡോളറിന്റെ (ഏകദേശം 11,700 കോടി രൂപ) വർധനയുണ്ടായിരുന്നു. മൊത്തം 260 കോടി ഡോളറായി (21,700 കോടി രൂപ) ആകെ ആസ്തിയും വർധിച്ചു. അപ്പർ-സർക്യൂട്ടടിച്ച ഓലയുടെ വിപണിമൂല്യം 40,226 കോടി രൂപയായി വർധിച്ചിട്ടുണ്ട്.
മുന്നേറി കൊച്ചിൻ ഷിപ്പ്‍യാർഡ്
നടപ്പുവർഷത്തെ ആദ്യപാദത്തിൽ ലാഭം 77 ശതമാനവും പ്രവർത്തനവരുമാനം 62 ശതമാനവും എബിറ്റ്ഡ 126 ശതമാനവും മുന്നേറിയതിന്റെ കരുത്തിൽ ഇന്ന് കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരികളും കാഴ്ചവയ്ക്കുന്നത് മികച്ച നേട്ടം. ഓഹരി വില 3.25 ശതമാനം ഉയർന്ന് 2,387.30 രൂപയിലാണ് നിലവിൽ വ്യാപാരം ചെയ്യുന്നത്. ഇന്നൊരുവേള ഓഹരി 2,491 രൂപവരെ ഉയർന്നിരുന്നു. 62,805 കോടി രൂപയാണ് കൊച്ചി കപ്പൽശാലയുടെ വിപണിമൂല്യം.
ലക്ഷാധിപതിയായി സുസ്‍ലോൺ
പുനരുപയോഗ ഊർജോൽപാദന രംഗത്തെ പ്രമുഖരായ സുസ്‍ലോൺ എനർജിയുടെ വിപണിമൂല്യം ഒരുലക്ഷം കോടി രൂപ കടന്നു. 4.99 ശതമാനം മുന്നേറി അപ്പർ-സർക്യൂട്ടിൽ ഇന്ന് ഓഹരി എത്തിയതോടെയാണ് നേട്ടം. 52-ആഴ്ചത്തെ ഉയരമായ 76.56 രൂപയിലാണ് നിലവിൽ ഓഹരിയുള്ളത്. വിപണിമൂല്യം 1.04 ലക്ഷം കോടി രൂപ.
ഇന്നുമാത്രം ഏകദേശം 433.5 കോടി രൂപ മതിക്കുന്ന 5.83 കോടി സുസ്‍ലോൺ ഓഹരികളാണ് എൻഎസ്ഇയിൽ കൈമാറ്റം ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 290 ശതമാനവും ഒരുമാസത്തിനിടെ 38 ശതമാനവും നേട്ടം നിക്ഷേപകർക്ക് സമ്മാനിച്ച ഓഹരിയാണ് സുസ്‍ലോൺ.
ജൂൺപാദത്തിൽ ലാഭം 200 ശതമാനം വർധിച്ച് 302 കോടി രൂപയിലെത്തിയതും പ്രവർത്തന വരുമാനം 51 ശതമാനവും എബിറ്റ്ഡ 86 ശതമാനവും കുതിച്ചതും ആഘോഷമാക്കിയാണ് സുസ്‍ലോൺ ഓഹരികളുടെ മുന്നേറ്റം. റെനോം എനർജി സർവീസസിന്റെ 76 ശതമാനം ഓഹരികൾ 660 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ അടുത്തിടെ സുസ്‍ലോൺ ഡയറക്ടർ ബോർഡ് തീരുമാനിച്ചിരുന്നു. പൂനെ ആസ്ഥാനമായ സുസ്‍ലോണിന് 17 രാജ്യങ്ങളിലായുള്ള കാറ്റാടിപ്പാടങ്ങളിലൂടെ (വിൻഡ് എനർജി) 20.8 ജിഗാവാട്സ് ഊർജോൽപാദന ശേഷിയുണ്ട്.
ഓർഡർ കരുത്തിൽ ഉഷാറായി എൻബിസിസി
കേന്ദ്ര പൊതുമേഖലാ കൺസ്ട്രക്ഷൻ കമ്പനിയായ എൻബിസിസിയുടെ ഓഹരി വില ഇന്ന് ഒരുവേള 12 ശതമാനം മുന്നേറി. ജമ്മു കശ്മീരിൽ ശ്രീനഗർ ഉൾപ്പെടെ ഏതാനും പ്രദേശങ്ങളിലായി 406 ഏക്കറിൽ സാറ്റലൈറ്റ് ടൗൺഷിപ്പ് സ്ഥാപിക്കാൻ കരാർ ലഭിച്ചതാണ് നേട്ടമായത്. ശ്രീനഗർ ഡെവലപ്മെന്റ് അതോറിറ്റിയിൽ നിന്ന് 15,000 കോടി രൂപയുടെ കരാറാണ് ലഭിച്ചത്. നിലവിൽ ഓഹരി വിലയുള്ളത് 9.08 ശതമാനം നേട്ടവുമായി 184.42 രൂപയിൽ. കമ്പനിയുടെ വിപണിമൂല്യം 33,195 കോടി രൂപ. കഴിഞ്ഞ ഒരുവർഷത്തിനിടെ 280 ശതമാനം ഉയർന്ന ഓഹരിയാണിത്.
ആർവിഎൻഎല്ലിന് ക്ഷീണം
പ്രമുഖ റെയിൽവേ ഓഹരിയായ റെയിൽ വികാസ് നിഗം (ആർവിഎൻഎൽ) ഇന്ന് 4 ശതമാനം വരെ നഷ്ടത്തിലേക്ക് പോയി. 3.66 ശതമാനം താഴ്ന്ന് 518.75 രൂപയിലാണ് നിലവിൽ ഓഹരി വിലയുള്ളത്. ഒരുവേള വില 514 രൂപവരെ താഴ്ന്നിരുന്നു. ജൂൺപാദത്തിൽ ലാഭം 35 ശതമാനം കുറഞ്ഞതാണ് തിരിച്ചടിയായത്. പ്രവർത്തന വരുമാനം 27 ശതമാനവും കുറഞ്ഞിരുന്നു. 1.08 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള ആർവിഎൻഎൽ, കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് നൽകിയത് 308 ശതമാനം നേട്ടമാണ്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)