ADVERTISEMENT

രാജ്യാന്തര വിപണി പിന്തുണയിൽ മികച്ച തുടക്കം ലഭിച്ച ഇന്ത്യൻ വിപണി ഇന്ന് വീണ്ടും മുന്നേറി നേട്ടത്തിൽ ക്ളോസ് ചെയ്തു. ഇന്ന് 24648 പോയിന്റിൽ വ്യാപാരമാരംഭിച്ച ശേഷം 24608 പോയിന്റിൽ പിന്തുണ ലഭ്യമായ നിഫ്റ്റി 126 പോയിന്റ് നേട്ടത്തിൽ 24698 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 80802 പോയിന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 

ഇന്നലെ നഷ്ടം കുറിച്ച ബാങ്കിങ്, ഫിനാൻഷ്യൽ , ഓട്ടോ സെക്ടറുകൾ കൂടി ഇന്ന് നേട്ടം കുറിച്ചപ്പോൾ ഇന്ത്യൻ വിപണി ഇന്ന് സമ്പൂർണ നേട്ടവും കൈക്കലാക്കി. പൊതു മേഖല ബാങ്കുകൾ, ഫിനാൻഷ്യൽ സെക്ടർ, നിഫ്റ്റി മിഡ് ക്യാപ് സൂചിക മുതലായവ ഇന്ന് 1%ൽ കൂടുതൽ മുന്നേറ്റവും സ്വന്തമാക്കി.

നാസ്ഡാകിന്റെ മുന്നേറ്റം ഇന്ത്യൻ ഐടി സെക്ടറിലും പ്രതിഫലിച്ചപ്പോൾ നിഫ്റ്റി ഐടി സൂചിക ഇന്ന് 41736 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച ശേഷം 335 പോയിന്റ് നേട്ടത്തിൽ 41572 പോയിന്റിലാണ് ക്ളോസ് ചെയ്തത്. അമേരിക്കൻ ഫെഡ് റിസർവ് വരും ദിവസങ്ങളിലെ ഇവന്റുകളിൽ വച്ച് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന സൂചന നൽകിയേക്കാമെന്നതും ഇന്ത്യൻ ഐടിക്ക് പ്രതീക്ഷയാണ്.

മെറ്റൽ പ്രതീക്ഷ 
 

രാജ്യാന്തര വിപണിയിൽ അലുമിനിയവും, സിങ്കും വെള്ളിയും ഇന്നും ഓരോ ശതമാനത്തിൽ കൂടുതൽ മുന്നേറിയത് ഇന്ത്യൻ മെറ്റൽ ഓഹരികൾക്ക് അനുകൂലമാണ്. അമേരിക്കൻ മാന്ദ്യ ഭയം അകന്ന സാഹചര്യത്തിൽ ഫെഡ് റിസർവ് നിരക്ക് കുറയ്ക്കുന്നതും വ്യാവസായിക മുന്നേറ്റത്തിനും, ലോഹ ആവശ്യകതയിലെ വര്‍ധനവിനും വഴി വെച്ചേക്കാമെന്നത് ലോഹങ്ങൾക്ക് അനുകൂലമാണ്. ഇന്ത്യൻ ലോഹ ഓഹരികൾ മികച്ച വിലകളിലാണ് തുടരുന്നത്. 

ഫെഡ് മിനുട്സ് നാളെ 

ചിപ്പ് ഓഹരികളുടെയും, ടെസ്ലയുടെയും പിന്തുണയിൽ ഇന്നലെയും നാസ്ഡാകും എസ്&പിയും യഥാക്രമം 1.59%വും, 0.97%വും മുന്നേറ്റം നേടിയത് ഇന്നും ലോക വിപണിക്ക് അനുകൂലമായി. ചൈനയും, ഹോങ്‌കോങ്ങും ഒഴികെയുള്ള ഏഷ്യൻ വിപണികൾ ഇന്ന് മുന്നേറ്റം നേടിയപ്പോൾ അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും ഫ്ലാറ്റ് നിരക്കിലാണ് ഇന്ന് വ്യാപാരം തുടരുന്നത്. 

കഴിഞ്ഞ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി യോഗത്തിന്റെ മിനുട്സ് നാളെ വരാനിരിക്കെ ഫെഡ് അംഗങ്ങൾ നിരക്ക് കുറക്കലിന് അനുകൂലമായ വാദങ്ങൾ നിരത്തിയിരിക്കാമെന്ന പ്രതീക്ഷയിലാണ് അമേരിക്കൻ വിപണി. 

ജാക്സൺ ഹോൾ സിമ്പോസിയം

അഥവാ നാളെ വരുന്ന ഫെഡ് മിനുട്സ് നിരാശപ്പെടുത്തിയാലും കഴിഞ്ഞ ഫെഡ് യോഗത്തിന് ശേഷം വന്ന അമേരിക്കൻ ഡേറ്റകൾ മാന്ദ്യസൂചനകൾ നൽകിയതിനാൽ ജാക്സൺ ഹോൾ സിമ്പോസിയത്തിൽ വെച്ച് ഫെഡ് ചെയർമാൻ ജെറോം പവൽ ‘നിരക്ക് കുറക്കൽ’ സൂചന നൽകുമെന്നാണ് വിപണി ഉറപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച ആരംഭിക്കുന്ന ജാക്സൺ ഹോൾ സിമ്പോസിയത്തിൽ വെള്ളിയാഴ്ചയാണ് ജെറോം പവൽ സംസാരിക്കുന്നത്. 

നിരക്ക് താഴ്ത്താതെ ചൈന 

കഴിഞ്ഞ മാസം പ്രൈം ലോൺ നിരക്കിൽ കുറവ് വരുത്തിയ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ഈ മാസം നിരക്ക് കുറക്കാതെ വിട്ടത് ഇന്ന് ചൈനീസ് വിപണിക്കും തിരുത്തൽ നൽകി. 

ക്രൂഡ് ഓയിൽ  & ബേസ് മെറ്റൽ

ചൈന വീണ്ടും പ്രൈം ലോൺ നിരക്കിൽ കുറവ് വരുത്താതെ വിട്ടത് ക്രൂഡ് ഓയിലിന് തിരുത്തൽ നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 78 ഡോളറിൽ താഴെയാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ഫെഡ് നിരക്ക് കുറക്കൽ ഡോളറിന് തിരുത്തൽ നൽകിയേക്കാമെന്നത് ക്രൂഡ് ഓയിലിനും അനുകൂലമാണ്. 

അലുമിനിയവും, കോപ്പറും, സിങ്കും, വെള്ളിയും മുന്നേറ്റം തുടരുകയാണ്. 

റെക്കോർഡ് നിരക്കിൽ സ്വർണം  

ഫെഡ് റിസർവ് നിരക്ക് കുറക്കുന്നത് ഡോളറിനും, ബോണ്ട് യീൽഡിനും തിരുത്തൽ നൽകുമെന്ന പ്രതീക്ഷയിൽ സ്വർണം വീണ്ടും മുന്നേറി റെക്കോർഡ് തിരുത്തി. രാജ്യാന്തര വിപണിയിൽ സ്വർണ വില 2561 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ഇന്ന് 2563 ഡോളർ വരെയാണ് സ്വർണം മുന്നേറിയത്. 

ഐപിഓ 

പ്രീ-എഞ്ചിനിയേർഡ് സ്റ്റീൽ ബിൽഡിങ് നിർമാതാക്കളായ ഇന്ററാക്ക് ബിൽഡിങ് പ്രോഡക്ട്സിന്റെ ഐപിഓ നാളെ അവസാനിക്കുന്നു. ഐബിപിഎലിന്റെ ഐപിഓ വിലനിലവാരം  850-900 രൂപയാണ്. 

മെൻസ് ക്ളോത്തിങ് കമ്പനിയായ ഫോർകാസ് സ്റ്റുഡിയോയുടെ ഐപിഓയും നാളെ അവസാനിക്കും. 100%ൽ കൂടുതൽ ഗ്രേ മാർക്കറ്റ് പ്രീമിയം ഉള്ള എസ്എംഇ കമ്പനിയുടെ ഐപിഓ വില 77-80 രൂപയാണ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

All Sectors in Indian Share Market in Green, IT Sector in Record High

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com