ഓഹരിവിപണി നേട്ടത്തിലവസാനിച്ചു, ഇനി നോട്ടം ജാക്സൺ ഹോൾ സിമ്പോസിയത്തിലേയ്ക്ക്
Mail This Article
അമേരിക്കൻ വിപണിയുടെ പോസിറ്റീവ് ക്ളോസിങ്ങിന്റെ പിൻബലത്തിൽ മികച്ച ഓപ്പണിങ് ലഭ്യമായ ഇന്ത്യൻ വിപണിയിൽ ലാഭമെടുക്കൽ പ്രകടമായിരുന്നെങ്കിലും വിപണി നേട്ടത്തിലവസാനിച്ചു. ഓഗസ്റ്റ് ഒന്നിലെ ഇറക്കത്തിന് ശേഷം ആദ്യമായി 24867 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 41 പോയിന്റ് കയറി 24811 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്.
ഐടിയും, ഫാർമയും, ഓട്ടോയും മാത്രം നഷ്ടം കുറിച്ച ഇന്ന് ബാങ്കിങ്, ഫൈനാൻഷ്യൽ സെക്ടറുകളാണ് ഇന്ത്യൻ വിപണിക്ക് മികച്ച പിന്തുണ നൽകിയത്. നിഫ്റ്റി മിഡ് ക്യാപ് സൂചികയും 1%ൽ കൂടുതൽ മുന്നേറിയത് നിക്ഷേപകർക്ക് അനുകൂലമായി.
ഇന്ത്യയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ അനുമാനത്തിനും തൊട്ട് താഴെ 57.9 എന്ന മികച്ച നിലയിൽ നിന്നത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. ഫ്രാന്സിന്റെയും യൂറോ സോണിന്റെയും മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകൾ ഓഗസ്റ്റിൽ മികച്ച മുന്നേറ്റം സൂചിപ്പിച്ചത് യൂറോപ്യൻ വിപണികൾക്ക് അനുകൂലമായി. അമേരിക്കയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും ജോബ് ഡേറ്റയും ഭവനവില്പനക്കണക്കുകളും ഇന്ന് വരുന്നത് വിപണിക്ക് പ്രധാനമാണ്.
ഫെഡ് പിന്തുണ
വിപണി ഫെഡ് റിസേർവ് അംഗങ്ങളിൽ ബഹുഭൂരിപക്ഷം പേരും സെപ്റ്റംബർ മുതൽ അടിസ്ഥാന പലിശ നിരക്ക് കുറക്കാനുള്ള തീരുമാനത്തെ പിന്തുണച്ചത് ലോക വിപണിക്ക് അനുകൂലമായി. ഇന്നലെ നേട്ടത്തിൽ ക്ളോസ് ചെയ്ത അമേരിക്കൻ വിപണിക്ക് പിന്നാലെ ചൈന ഒഴികെയുള്ള ഏഷ്യൻ വിപണികളും നേട്ടം കുറിച്ചു. യൂറോപ്യൻ വിപണികളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ഓഗസ്റ്റിലെ അമേരിക്കൻ തൊഴിൽ വിവരക്കണക്കുകളും, പണപ്പെരുപ്പക്കണക്കുകളുമായിരിക്കും ഫെഡ് നിരക്ക് കുറക്കലിന്റെ തോത് നിർണ്ണയിക്കുന്നതിൽ നിർണായകമാകുക. അമേരിക്കൻ തൊഴിൽ വിവരക്കണക്കുകളുടെ അനുമാനങ്ങളിൽ മാറ്റം വരുത്തേണ്ടി വന്ന സാഹചര്യം ഫെഡ് റിസർവിന്റെ ദീർഘവീക്ഷണമില്ലായ്മയുടെ സൃഷ്ടിയാണെന്ന ധാരണയും ഫെഡ് റിസർവിനെ നയംമാറ്റത്തിന് പ്രേരിപ്പിക്കുന്ന ഘടകമാണ്.
ജാക്സൺ ഹോൾ സിമ്പോസിയം
ഇന്ന് ആരംഭിക്കുന്ന ജാക്സൺ ഹോൾ സിമ്പോസിയത്തിലേക്കാണ് ഇനി ലോക വിപണിയുടെ ശ്രദ്ധയത്രയും നീങ്ങുക. ഇന്ന് മുതൽ ശനിയാഴ്ച വരെ നടക്കുന്ന ഇക്കണോമിക് പോളിസി സിമ്പോസിയത്തിൽ ഫെഡ് റീസർവിന്റെയും മറ്റ് കേന്ദ്ര ബാങ്കുകളുടെയും നയവിശകലനവും, നയനവീകരണ ചർച്ചകളും നടക്കുമെന്നത് വിപണിക്കും നിർണായകമാണ്.
നാളെ ഫെഡ് ചെയർമാൻ ഫെഡ് റിസർവിന്റെ നയം മാറ്റവും ജാക്സൺ ഹോൾ സിമ്പോസിയത്തിൽ വെച്ച് പ്രഖ്യാപിക്കുമെന്ന പ്രത്യാശയിലാണ് വിപണി. മറ്റ് കേന്ദ്രബാങ്കുകളും നയം മാറ്റത്തിന് വേണ്ടി വാദിക്കുമെന്നതും, ഇസിബി ചെയർപേഴ്സൺ ക്രിസ്റ്റീൻ ലെഗാർദെയുടെ നിലപാടും വിപണി പ്രാധാന്യത്തോടെ കണ്ടേക്കും.
ക്രൂഡ് ഓയിൽ
കഴിഞ്ഞ ആഴ്ചയിൽ അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ വന്ന കുറവ് ഇന്നലെ പുറത്ത് വന്നതും, ഫെഡ് ആവേശവും, ഡോളർ സമ്മർദ്ദത്തിലാണെന്നതും ക്രൂഡ് ഓയിലിന് ഇന്നലെ അനുകൂലമായില്ലെങ്കിലും ഇന്ന് ക്രൂഡ് ഓയിൽ തിരികെ കയറി തുടങ്ങി. ഇന്ന് ഏഷ്യൻ വിപണി സമയത്ത് ബ്രെന്റ് ക്രൂഡ് ഓയിൽ 76 ഡോളറിലേക്ക് തിരിച്ചു കയറി. ചൈനയുടെ ക്ഷീണമാണ് ക്രൂഡ് ഓയിലിന് മുന്നേറ്റം നിഷേധിക്കുന്ന പ്രധാനഘടകം.
സ്വർണം
ഫെഡ് നിരക്ക് കുറച്ചു തുടങ്ങുന്നത് ഡോളറിനും, അമേരിക്കൻ ബോണ്ട് യീൽഡിനും തിരുത്തൽ നല്കിയേക്കുമെന്ന പ്രതീക്ഷയിൽ ഇന്നലെ വീണ്ടും റെക്കോർഡ് ഉയരം താണ്ടിയ രാജ്യാന്തര സ്വർണ വില ഇന്ന് ബോണ്ട് യീൽഡ് മുന്നേറിയതിനെ തുടർന്ന് ക്രമപ്പെടുന്നതാണ് കണ്ടത്. ഇന്നലെ 2570 ഡോളർ എന്ന റെക്കോർഡ് ഉയരം താണ്ടിയ ജൂൺ മാസത്തിലെ സ്വർണ അവധി 2540 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
ഐപിഓ
മുംബൈ ആസ്ഥാനമായ ഓറിയന്റ് ടെക്‌നോളജീസിന്റെ ഇന്നലെ ആരംഭിച്ച ഐപിഓ നാളെ അവസാനിക്കും. ആദ്യ ദിനത്തിൽ തന്നെ മികച്ച നിക്ഷേപക പ്രതികരണം ലഭിച്ച ഈ ഐടി ഓഹരിയുടെ ഐപിഓ വില 195-206 രൂപയാണ്. ഓഹരി പരിഗണിക്കാം.