യുദ്ധം കരിനിഴൽ വീഴ്ത്തുമോ? അതോ ദീപാവലി കളറാക്കുമോ? ഓഹരി വിപണി ആകാംക്ഷയുടെ മുൾമുനയിൽ!
Mail This Article
ഫെഡ് പ്രതീക്ഷയിൽ പിടിച്ചു നിന്ന ഇന്ത്യൻ വിപണി വ്യാഴാഴ്ച ലാഭമെടുക്കലിൽ പെട്ടെങ്കിലും ഫെഡ് പിന്തുണയിൽ വെള്ളിയാഴ്ച വീണ്ടും റെക്കോർഡ് ഭേദിച്ച് മുന്നേറ്റം നടത്തി. വെള്ളിയാഴ്ചത്തെ കുതിപ്പോടെ കഴിഞ്ഞ ആഴ്ചയിൽ ഒന്നര ശതമാനം മുന്നേറി 25790 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 25849 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരവും കുറിച്ചു. സെൻസെക്സ് 84694 പോയിന്റ് റെക്കോർഡ് കുറിച്ച ശേഷം 84544 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്.
ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ കഴിഞ്ഞ ആഴ്ചയിൽ യഥാക്രമം 3.9% 3.5%വീതം മുന്നേറിയപ്പോൾ ഏറെ പ്രതീക്ഷിച്ച ഐടി സെക്ടർ 2.2%വും, ഫാർമ സെക്ടർ 1.8%വും വീണത് ഇന്ത്യൻ വിപണിയുടെ കുതിപ്പിന് വേഗം കുറച്ചു. വെള്ളിയാഴ്ച 3% മുന്നേറിയ റിയൽറ്റി സെക്ടർ കഴിഞ്ഞ ആഴ്ചയിൽ 6.4% നേട്ടവുമുണ്ടാക്കി.
ദീപാവലിക്ക് ‘നിഫ്റ്റി 28000’?
ഫെഡ് നിരക്ക് കുറച്ചതും, തുടർ കുറക്കൽ പ്രതീക്ഷകളും രാജ്യാന്തര വിപണിയെ പിന്തുണക്കുമ്പോൾ മികച്ച രണ്ടാം പാദ ഫലങ്ങളും, രാജ്യാന്തര ഫണ്ടുകളുടെ പിന്തുണയും ഇത്തവണത്തെ ഇന്ത്യൻ വിപണിയുടെ ദീപാവലിയും കളറാക്കിയേക്കാം.
റിലയൻസിൽ നിന്നും ജിയോയുടെ ഐപിഓ വാർത്ത വരാനിരിക്കുന്നതും, എച്ച്ഡിഎഫ്സി ബാങ്കിന് ഐപിഓ പിന്തുണയ്ക്കൊപ്പം എംഎസ്സിഐ കാപിറ്റൽ ഇൻഡക്സിൽ വെയിറ്റേജ് വർദ്ധിക്കുന്നതും ഇന്ത്യൻ സൂചികകൾക്കും വലിയ മുന്നേറ്റ സാധ്യതയാണ് നൽകുന്നത്. ഐടി ഓഹരികൾ വൻ കുതിപ്പ് നടത്താനുള്ള സാധ്യതകളും, ബാങ്കിങ്, മെറ്റൽ മേഖലകളുടെ മുന്നേറ്റ പ്രതീക്ഷയും നിഫ്റ്റിയുടെ ദീപാവലി സാധ്യതകളാണ്. പുതുതായി നിഫ്റ്റിയിലേക്ക് വരുന്ന ട്രെന്റ് ലിമിറ്റഡും, ഭാരത് ഇലക്ട്രോണിക്‌സും നിഫ്റ്റിക്ക് കൂടുതൽ കരുത്ത് പകർന്നേക്കാവുന്നതും അനുകൂലമാണ്.
ആർബിഐയും നിരക്ക് കുറക്കുമോ ?
ഇസിബിക്കും, ഫെഡ് റിസർവിനും പിന്നാലെ ആർബിഐയും റീപോ നിരക്ക് കുറച്ചേക്കാനുള്ള സാധ്യതയും പ്രധാനമാണ്. റീറ്റെയ്ൽ പണപ്പെരുപ്പവും ഒപ്പം മൊത്തവിലക്കയറ്റവും കുറയുന്നതും ആർബിഐയുടെ തീരുമാനങ്ങളെ സ്വാധീനിക്കും. ആർബിഐയും റീപോ നിരക്ക് കുറയ്ക്കലിനെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത് ബാങ്കിങ്, ഫൈനാൻഷ്യൽ, ഓട്ടോ, ഹൗസിങ്, സെക്ടറുകൾക്ക് കൂടുതൽ അനുകൂലമാണ്.
ആർബിഐയുടെ അടുത്ത നയാവലോകന യോഗം ഒക്ടോബർ ഏഴു മുതൽ ഒൻപത് വരെയാണ് നടക്കുക.
ഫെഡ് പിന്തുണയിൽ വിപണി
അമേരിക്കയിൽ പണപ്പെരുപ്പം കുറഞ്ഞതിനൊപ്പം മാന്ദ്യ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയതും ഫെഡ് റിസർവിനെ സമ്മർദ്ദത്തിലാക്കിയതാണ് അര ശതമാനം നിരക്ക് കുറക്കുന്നതിൽ കൊണ്ടെത്തിച്ചത്. ഫെഡ് നിരക്ക് 4.75-5%ലേക്ക് കുറച്ചതിന് ശേഷം സാമ്പത്തിക വളർച്ച ശോഷണത്തെ കുറിച്ച് പരാമർശിച്ചത് വിപണിയുടെ ആവേശം കുറച്ചെങ്കിലും സൂചികകൾ മുന്നേറ്റ പ്രതീക്ഷയിലാണ്. ഫെഡ് റിസർവ് 2024ൽ ഇനി നടക്കാനിരിക്കുന്ന രണ്ട് യോഗങ്ങളിലും 50% വീതം നിരക്ക് കുറച്ചേക്കാമെന്നാണ് വിപണിയുടെ പൊതു ധാരണ. നവംബർ 6,7 തീയതികളിലാണ് ഫെഡ് റിസർവിന്റെ അടുത്ത യോഗം.
ഇസിബിയും, ഫെഡ് റിസർവും നിരക്കുകൾ കുറച്ചെങ്കിലും പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടും, ബാങ്ക് ഓഫ് ജപ്പാനും അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ വിട്ടു. അടിസ്ഥാന പലിശ നിരക്ക് വർദ്ധിപ്പിക്കുമെന്ന് കരുതിയിരുന്ന ബാങ്ക് ഓഫ് ജപ്പാൻ ഫെഡ് നിരക്ക് ‘പരിധി’ വിട്ടു കുറച്ചത് കൊണ്ട് പിന്മാറി.
അമേരിക്കൻ തിരഞ്ഞെടുപ്പും യുദ്ധങ്ങളും
അമേരിക്കൻ പണപ്പെരുപ്പം ക്രമപ്പെടുന്നതിനൊപ്പം അമേരിക്കയുടെ സാമ്പത്തിക വളർച്ച തോത് കുറഞ്ഞേക്കാമെന്ന ഫെഡ് ചെയർമാന്റെ സൂചനയും, അമേരിക്കൻ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതും, യുദ്ധങ്ങൾ കൂടുതൽ കടുക്കുന്നതും വരും ആഴ്ചകളിൽ വിപണിയുടെ ആശങ്കകളുമാണ്.
ലോകവിപണിയിൽ അടുത്ത വാരം
∙ഫെഡ് ചെയർമാനടക്കമുള്ള ഫെഡ് അംഗങ്ങൾ സംസാരിക്കാനിരിക്കുന്നതും, ഫെഡ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന പണപ്പെരുപ്പസൂചനയായ പിസിഇ ഡേറ്റ വെള്ളിയാഴ്ച വരാനിരിക്കുന്നതും അടുത്ത ആഴ്ചയിൽ അമേരിക്കൻ വിപണിക്കും പ്രധാനമാണ്.
∙ബുധനാഴ്ച അമേരിക്കയുടെ ഭവനവില്പന കണക്കുകളും, വ്യാഴാഴ്ച അമേരിക്കൻ ജിഡിപി കണക്കുകളും, ജോബ് ഡേറ്റയും പുറത്ത് വരുന്നതും ശ്രദ്ധിക്കുക.
∙അമേരിക്കയും, ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ തിങ്കളാഴ്ച വരാനിരിക്കുന്നത് ലോകവിപണിക്ക് പ്രധാനമാണ്.
∙ഫ്രഞ്ച്, സ്പാനിഷ് സിപിഐ ഡേറ്റകൾ വെള്ളിയാഴ്ച യൂറോപ്യൻ വിപണികളിൽ സ്വാധീനം ചെലുത്തിയേക്കാം.
ഓഹരികളും സെക്ടറുകളും
∙യൂറോപ്യൻ കേന്ദ്ര ബാങ്കിനും, അമേരിക്കൻ ഫെഡ് റിസർവിനും പിന്നാലെ ആർബിയും അടുത്ത യോഗങ്ങളിൽ പണനയം ലഘൂകരിക്കുകയും, റിപോ നിരക്ക് കുറയ്ക്കുകയും ചെയ്തേക്കാമെന്ന പ്രതീക്ഷ ശക്തമാകുന്നത് ഇന്ത്യൻ ബാങ്കിങ്, ഫിനാൻഷ്യൽ മേഖലകൾക്ക് അനുകൂലമാണ്.
∙ഫെഡ് റിസേർവിന്റെ നിരക്ക് കുറക്കൽ നാസ്ഡാകിന് നൽകിയേക്കാവുന്ന മുന്നേറ്റം ഇന്ത്യൻ ഐടിക്കും പ്രകടമായ മുന്നേറ്റം നൽകിയേക്കാം. മുൻനിര ഐടി ഓഹരികളുടെ രണ്ടാംപാദ റിസൾട്ടുകൾ വരാനിരിക്കുന്നതും ഇന്ത്യൻ ഐടിയെ കൂടുതൽ ആകർഷകമാക്കും.
∙എച്ച്സിഎൽ ടെക്ക്, ഇൻഫോസിസ് എന്നീ ഐടി ഭീമന്മാർ ഒക്ടോബർ 14, 17 തീയതികളിലും എച്ച്ഡിഎഫ്സി ബാങ്ക്, അൾട്രാ ടെക്ക് എന്നിവ ഒക്ടോബർ 19, 21 തീയതികളിലുമാണ് രണ്ടാംപാദ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത്.
അമേരിക്കയുടെ ഫെഡ് റിസർവ് നയങ്ങൾ മയപ്പെടുത്തിയതും, പലിശ നിരക്ക് കുറച്ചതും വീണ്ടും പണസാന്ദ്രത വർദ്ധിപ്പിക്കുന്നത് വ്യാവസായിക മേഖലയെ ത്വരിതപ്പെടുത്തുമെന്നുള്ള സൂചന ലോഹവിലകളിലും ചലനമുണ്ടാക്കിയേക്കാവുന്നത് മെറ്റൽ ഓഹരികൾക്ക് പ്രതീക്ഷയാണ്.
∙നിക്ഷേപക സ്ഥാപനമായ മാക്വറീ ടാറ്റ സ്റ്റീലിന് 171 രൂപയും, ജിൻഡാൽ സ്റ്റീലിന് 1170 രൂപയും, ഹിൻഡാൽകോയ്ക്ക് രൂപയുമാണ് ലക്‌ഷ്യം കാണുന്നത്.
∙നവംബറിലും മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സിൽ വെയിറ്റേജ് വർദ്ധിക്കുമെന്നതും വെള്ളിയാഴ്ച എച്ഡിഎഫ്സി ബാങ്കിന് 2% വരെ മുന്നേറ്റം നൽകി. എച്ച്ഡിഎഫ്സി ബാങ്ക് കഴിഞ്ഞ ആഴ്ചയിൽ 4%ൽ കൂടുതൽ മുന്നേറ്റം നേടി ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിച്ചു.
∙എച്ച്ഡിഎഫ്സി ബാങ്കിന്റെ ഉപകമ്പനിയായ എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസിന് 2500 കോടി രൂപ സമാഹരിക്കാൻ അനുമതി ലഭിച്ചതും, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഉപകമ്പനിയായിരുന്ന എച്ഡിഎഫ്സി ക്രെഡിലയുടെ ഐപിഓ സൂചനകളും എച്ച്ഡിഎഫ്സി ബാങ്കിന് കൂടുതൽ അനുകൂലമാണ്.
∙പുതിയ ഓർഡറുകളുടെ പിൻബലത്തിൽ വെള്ളിയാഴ്ച ഷിപ്പ് ബിൽഡിങ് ഓഹരികൾ മികച്ച മുന്നേറ്റം നേടി ട്രെൻഡ് റിവേഴ്സൽ നടത്തിയത് റീറ്റെയ്ൽ നിക്ഷേപകർക്ക് ആശ്വാസം നൽകി. കൊച്ചിൻ ഷിപ്യാർഡ് 10% മുന്നേറ്റമാണ് വെള്ളിയാഴ്ച നടത്തിയത്.
∙ഓഗസ്റ്റിൽ ഇൻഫ്രാസ്ട്രക്ച്ചർ ഫൈനാൻസിങ് ലൈസൻസ് ലഭിച്ച ഹഡ്കോ തുടർച്ചയായ വീഴ്ചകൾക്ക് ശേഷം വെള്ളിയാഴ്ച തിരിച്ചു വരവ് നടത്തി. ആർബിഐ നയങ്ങൾ ലഘൂകരിക്കപ്പെട്ടേക്കാവുന്നത് എൻബിഎഫ്സികൾക്കും പ്രതീക്ഷയാണ്.
∙ബജാജ് ഹൗസിങ് ഫിനാൻസിന്റെ മികച്ച ലിസ്റ്റിങ് ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ് ഓഹരികൾക്കും മുന്നേറ്റം നൽകി. ബജാജ് ഹൗസിങ് അടുത്ത തിരുത്തലിൽ ദീർഘകാല മുന്നേറ്റത്തിന് പരിഗണിക്കാം.
∙സൊമാറ്റോയുടെ ബ്രാൻഡ് മൂല്യത്തിൽ കഴിഞ്ഞ വർഷത്തിൽ 100% വർദ്ധനവുണ്ടായി എന്ന റിപ്പോർട്ട ഓഹരിക്ക് വെള്ളിയാഴ്ച റെക്കോർഡ് ഉയരം നൽകി. ഐപിഓ വരാനിരിക്കുന്ന സ്വിഗിയുടെ ഓഹരി വില ഗ്രേ മാർക്കറ്റിൽ മുന്നേറ്റം നേടുന്നത് സൊമാറ്റോക്കും അനുകൂലമാണ്.
∙സുസ്‌ലോൺ എനർജി എഎസ്എം സർവെയ്‌ലൻസ് ഫ്രെയിംവർക്കിൽ നിന്നും പുറത്ത് വന്നത് ഓഹരിക്ക് വെള്ളിയാഴ്ച കുതിപ്പ് നൽകി. അഞ്ച് ജിഗാവാട്ട് വിൻഡ് മെഷീനുകൾക്കായുള്ള ഓർഡറുകൾ പക്കലുള്ള സുസ്‌ലോൺ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. ഒരു മെഗാവാട്ട് വിൻഡ് മില്ലിന് വരുന്ന ശരാശരി ചെലവ് 7 കോടി രൂപയാണ്.
∙മഹിന്ദ്ര റോക്സിന്റെ കൂടി പിൻബലത്തിൽ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ മഹിന്ദ്ര 58% മുന്നേറ്റം നേടിയപ്പോൾ ടാറ്റ മോട്ടോഴ്‌സ് നേട്ടമുണ്ടാക്കാതെ പോയത് എം&എമ്മിനെ വിപണി മൂല്യത്തിൽ ടാറ്റക്ക് മുകളിൽ ഇന്ത്യയിലെ രണ്ടാമത്തെ വാഹനനിർമാണ കമ്പനിയാക്കി മാറ്റി. മഹീന്ദ്രയുടെ വിപണി മൂല്യം 3.66 ലക്ഷം കോടി രൂപയും, ടാറ്റ മോട്ടോഴ്സിന്റേത് 3.57 ലക്ഷം കോടി രൂപയുമാണ്. 3.96 ലക്ഷം കോടി രൂപയുമായി മാരുതിയാണ് മുന്നിൽ.
∙എജിആർ വിഷയത്തിൽ വൊഡാഫോൺ ഐഡിയ സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളിയത് വൊഡാഫോൺ ഐഡിയക്ക് വീണ്ടും തിരുത്തൽ നൽകി, ഓഹരി കഴിഞ്ഞ ആഴ്ചയിൽ 21% നഷ്ടമാണ് കുറിച്ചത്.
∙ഐപിഓക്ക് ഒരുങ്ങുന്ന നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രഖ്യാപിച്ച 4:1 ബോണസ് ഓഹരി സ്വന്തമാക്കുന്നതിനുള്ള റെക്കോർഡ് തീയതി നവംബര്‍ രണ്ടിനാണ്. എൻഎസ്ഇ ഐപിഓ പ്രതീക്ഷയിൽ ബിഎസ്ഇ കഴിഞ്ഞ ആഴ്ചയിൽ 30% നേട്ടമാണുണ്ടാക്കിയത്.
∙ബിഎസ്ഇയുടെ മുന്നേറ്റവും, ഡീമാറ്റ് അകൗണ്ടുകളുടെ എണ്ണത്തിലുള്ള വലിയ വർദ്ധനയും സിഡിഎസ്എൽ ഓഹരികൾക്കും അനുകൂലമാണ്.
∙ഉപകമ്പനിയായ എൻടിപിസി ഗ്രീനിന്റെ 10000 കോടി രൂപയുടെ ഐപിഓക്ക് അപേക്ഷ സമർപ്പിച്ച് കഴിഞ്ഞത് എൻടിപിസിക്കും അനുകൂലമാണ്.
ഐപിഓ
തിങ്കളാഴ്ച ആരംഭിക്കുന്ന ഇരുചക്ര വാഹനകമ്പനിയായ മാംബ ഫിനാൻസിന്റെ ഐപിഓ ബുധനാഴ്ചയും, ബുധനാഴ്ച ആരംഭിക്കുന്ന രാജസ്ഥാൻ ആസ്ഥാനമായ കെആർഎൻ ഹീറ്റ് എക്സ്ചേഞ്ചർ & റെഫ്രിജറേഷന്റെ ഐപിഓ വെള്ളിയാഴ്ചയുമാണ് അവസാനിക്കുന്നത്.
ക്രൂഡ് ഓയിൽ
ഫെഡ് പിന്തുണയിൽ കഴിഞ്ഞ ആഴ്ചയിൽ 4% വരെ നേട്ടമുണ്ടാക്കിയ രാജ്യാന്തര എണ്ണവിലയും മുന്നേറ്റ പ്രതീക്ഷയിലാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 74 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
വെള്ളിയാഴ്ച 4% നേട്ടമുണ്ടാക്കിയ നാച്ചുറൽ ഗ്യാസ് കഴിഞ്ഞ ആഴ്ചയിൽ 7.3% മുന്നേറ്റമാണ് നേടിയത്.
സ്വർണം
ഫെഡ് നിരക്ക് കുറക്കുന്നത് പ്രതീക്ഷിച്ച് മുന്നേറി വന്ന രാജ്യാന്തര സ്വർണവില വെള്ളിയാഴ്ച വീണ്ടും മുന്നേറി പുതിയ റെക്കോർഡ് നിരക്കായ 2651 ഡോളർ വരെ മുന്നേറിയ ശേഷം ,2647 ഡോളറിലാണ് ക്ളോസ് ചെയ്തത്. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 3.74%ൽ തന്നെയാണ് തുടരുന്നത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക