ഇടപാട് നടത്തണമെങ്കിൽ ഇനി പരീക്ഷയും എഴുതണം! എഫ് ആന്‍റ് ഒ യിൽ വരുന്നു മാറ്റങ്ങളേറെ
Mail This Article
ചെറുകിട നിക്ഷേപകർക്ക് ഓഹരിവിപണിയിലെ ഫ്യൂച്ചേഴ്സ് ആന്‍റ് ഓപ്ഷന്‍സ് നഷ്ടം മാത്രമേ സമ്മാനിക്കാറുള്ളൂ. എങ്കിലും ചെറുകിട നിക്ഷേപകർ പലരും കടം വാങ്ങിപ്പോലും നാളെ ശരിയായേക്കും എന്ന പ്രതീക്ഷയില്‍ വീണ്ടും പോയി ആ കുഴിയില്‍ വീഴുകയാണ്. ഏറ്റവുമൊടുവില്‍, രാഹുല്‍ ഗാന്ധി വരെ ഇത് നിയന്ത്രിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തുകയുണ്ടായി. 1.8 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ മൂന്നുവർഷത്തിനിടെ 90 ശതമാനം ചെറുകിടക്കാർക്കും നഷ്ടമായതെന്നാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയത്.
ഓഹരിവിപണി നിയന്ത്രിക്കുന്ന സെബിയുടെ തിങ്കളാഴ്ച നടക്കാനിരിക്കുന്ന ബോർഡ് യോഗം ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളെടുത്തേക്കും.
മുന്‍പത്തെ അപേക്ഷിച്ച്, കോവിഡിനുശേഷം പൊതുവെ വിപണിയിലെ സാധാരണക്കാരുടെ പങ്കാളിത്തം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എഫ്‍ ആന്‍റ് ഒയിലെ പങ്കാളിത്തവും ഉയർന്നത്. വലിയ വ്യാപ്തിയിലാണ് എഫ് അന്‍റ് ഒ സാധാരണക്കാരുടെ പണം ചോർത്തുന്നത് എന്ന സത്യം സെബി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരക്കാർ താല്‍ക്കാലിക ലാഭത്തിനായി എഫ് ആന്‍റ് ഒയില്‍ കളിക്കാനിറങ്ങുമ്പോള്‍ മികച്ച ഓഹരികളില്‍ നിക്ഷേപമായി വരേണ്ട പണമാണ് നഷ്ടമാവുന്നതെന്നും സെബി മനസിലാക്കുന്നു. വിപണിയുടെ ചൂതാട്ടസ്വഭാവമുള്ള കാര്യങ്ങളെ നിയന്ത്രിക്കാനുള്ളതായിരിക്കും തീരുമാനങ്ങളിലൊന്ന്.
∙നിലവില്‍ ദിനം പ്രതിയുള്ള സൂചികകളുടെ എഫ്. ആന്‍റ് ഒ എക്സ്പെയറി ആഴ്ചയിലൊന്നാക്കാനുള്ള തീരുമാനം വന്നേക്കും.
∙അനുബന്ധ ചാർജുകളും ഉയർത്തിയേക്കും.
∙ഓപ്ഷന്‍ പ്രീമിയം ചാർജ് ആദ്യമേ ഇടപാടുകാരന്‍ നല്‍കേണ്ട രീതിയിലുള്ള മാറ്റവും പ്രതീക്ഷിക്കാം.
∙നിലവില്‍ തുടക്കക്കാർക്കായി ഓണ്‍ലൈനായി ഇന്‍വെസ്റ്റർ സർട്ടിഫിക്കേഷന്‍ പരീക്ഷയുണ്ട്.
∙എഫ് ആന്‍റ് ഒയില്‍ ഇടപാടു നടത്തുന്നവർക്കും സർട്ടിഫിക്കേഷന്‍ കൊണ്ടുവന്നേക്കുമെന്ന് സൂചനകളുണ്ട്.
∙വിവിധ സ്ഥാപനങ്ങളുടെയും റിസർച്ച് അനലിസ്റ്റുകളുടെയും ഓഹരി റെക്കമെന്‍റെഷനും പിന്നീട് അതു സംബന്ധിച്ചുണ്ടാകുന്ന നേട്ടങ്ങളുടെ അവകാശവാങ്ങളും പരിശോധിക്കാന്‍ ഏജന്‍സിയെ നിയമിക്കണമെന്ന കാര്യവും പരിഗണനയില്‍ വന്നേക്കും.
∙ഒപ്പം മ്യൂച്വല്‍ ഫണ്ടിന്‍റെയും പി.എം.എസിന്‍റെയും (പോർട്ട്ഫോളിയോ മാനേജ്മെന്‍റ് സ്കീം) ഇടയിലുള്ള നിക്ഷേപമേഖലക്കായി പുതിയ പ്രൊഡക്ട് അവതരിപ്പിച്ചേക്കും.
∙പി.എം.എസിന്‍റെ നിലവിലുള്ള മിനിമം നിക്ഷേപം 50 ലക്ഷം രൂപയാണ്.
∙പുതിയ അസറ്റ് ക്ളാസിന്‍റെ മിനിമം നിക്ഷേപം പത്തു ലക്ഷം രൂപയായിരിക്കും.
∙സെബി റജിസ്ട്രേഷനില്ലാത്ത ആളുകള്‍ പല രീതിയിലുള്ള തട്ടിപ്പുകളും നടത്തുന്ന മേഖലയാണ് പി.എം.എസ്. പുതിയ പ്രൊഡക്ട് വരുന്നതോടെ തട്ടിപ്പുകളിലും കുറവുണ്ടായേക്കും.
∙നിലവില്‍ മ്യൂച്വല്‍ ഫണ്ട് നടത്തുന്ന കമ്പനികള്‍ക്കായിരിക്കും പുതിയ അസറ്റ് ക്ലാസ് നടത്താനുള്ള ചുമതല ലഭിക്കുക.
(ലേഖകന്‍ ഷെയർവെല്‍ത്ത് വെല്‍ത്ത് മാനേജ്മെന്‍റ് ഡയറക്ടറാണ്)