പെട്ടെന്നുള്ള യാത്രകൾക്ക് കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റ് വേണോ? വഴിയുണ്ട്
Mail This Article
പെട്ടെന്ന് ഒന്ന് നാട്ടില്‍ പോകണം. യാത്രയോട് അടുത്ത ദിവസങ്ങളില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്താല്‍ കൊടുക്കേണ്ടത് ഇരട്ടിയോളം തുകയായിരിക്കും. അടിയന്തര ആവശ്യങ്ങള്‍ക്ക് വിമാനയാത്രയ്ക്ക് ശ്രമിക്കുന്ന പലര്‍ക്കും ഈ അവസ്ഥ ഉണ്ടാകാറുള്ളതാണ്. എന്നാല്‍, ഇനി ടെന്‍ഷന്‍ വേണ്ട. ഫെയര്‍ ലോക്ക് സേവനം പ്രയോജനപ്പെടുത്തി കുറഞ്ഞനിരക്കില്‍ ടിക്കറ്റെടുത്ത് വിമാനയാത്ര നടത്താം. നിലവിലുള്ള നിരക്കിൽ തന്നെ ബുക്ക് ചെയ്യാൻ എയർ ഇന്ത്യയാണ് സൗകര്യമൊരുക്കുന്നത്. ഉയർന്ന നിരക്ക് ഒഴിവാക്കാനും ഉപഭോക്താക്കളുടെ പോക്കറ്റ് ചോർച്ച തടയാനും ഈ സൗകര്യം സഹായിക്കും.
ഫെയർ ലോക്ക് സേവനം
യാത്രയോടടുത്ത ദിവസങ്ങളിൽ സാധാരണയായി ടിക്കറ്റ് നിരക്കുകൾ ഉയരുമെന്നതിനാൽ 'ഫെയർ ലോക്ക്' ചെയ്‌താൽ കുറഞ്ഞ നിരക്കിൽ തന്നെ യാത്ര ചെയ്യാം. പുറപ്പെടുന്നതിന് 10 ദിവസം മുമ്പെങ്കിലും എയർ ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും ബുക്കുചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഫെയർ ലോക്ക് ബാധകം. ഫെയർ ലോക്ക് ചെയ്യാൻ ടിക്കറ്റ് നിരക്ക് മുൻകൂട്ടി നൽകേണ്ട.
ഫെയർ ലോക്ക് ചെയ്യുന്നതിന് നിശ്ചിത ഫീസുണ്ട്. യാത്ര റദ്ദാക്കിയാലും ഇല്ലെങ്കിലും ആ ഫീസ് തിരിച്ചു നൽകില്ല.
നിബന്ധനകൾ
∙ ഫെയർ ലോക്ക് ഓഫർ തിരഞ്ഞെടുത്ത് ബാധകമായ ഫീസ് അടയ്ക്കുന്നതിലൂടെ, ഉപഭോക്താക്കൾക്ക് ഒരു നിശ്ചിത കാലയളവിലേക്ക് തിരഞ്ഞെടുത്ത നിരക്ക് റിസർവ് ചെയ്യാം.
∙ ഫെയർ ലോക്കിനുള്ള ഫീസ്, റൂട്ടിനെ അടിസ്ഥാനമാക്കിയാണ് നിർണയിക്കുന്നത്.
∙ ലോക്ക് ചെയ്ത നിരക്കിൽ അന്തിമ ബുക്കിംഗ് സമയത്ത് ലഭ്യമായേക്കാവുന്ന ആഡ്-ഓൺ സേവനങ്ങളൊന്നും ഉൾപ്പെടുന്നില്ല.
∙ ഫെയർ ലോക്ക് കാലയളവിൽ ബുക്കിംഗിൽ മാറ്റങ്ങളൊന്നും വരുത്താനാകില്ല.
∙ തിരഞ്ഞെടുത്ത ഫ്ലൈറ്റിനും യാത്രക്കാർക്കും ലോക്ക് ചെയ്‌തിരിക്കുന്ന പ്രത്യേക നിരക്ക് ഓപ്‌ഷനിൽ മാത്രമേ ഫെയർ ലോക്ക് ഓപ്ഷൻ ലഭ്യമാകൂ. അതേ ഫ്ലൈറ്റിലെ മറ്റേതെങ്കിലും നിരക്ക് ഓപ്ഷനിലേക്ക് ഇത് ട്രാൻസ്ഫർ ചെയ്യാൻ കഴിയില്ല.
∙ പ്രമോഷണൽ വിലകൾ, വിൽപന നിരക്കുകൾ, പ്രത്യേക നിരക്കുകൾ, ഗ്രൂപ്പ് ബുക്കിംഗുകൾ, കോഡ്‌ഷെയർ പങ്കാളികളുമായുള്ള ഫ്ലൈറ്റുകൾ എന്നിവയ്‌ക്ക് ഓഫർ ബാധകമല്ല.
∙ എയർ ഇന്ത്യയുടെ വെബ്‌സൈറ്റിലും ആപ്പിലും ലഭ്യമായ മറ്റെല്ലാ നിബന്ധനകളും ബാധകമായിരിക്കും.
∙ ഫെയർ ലോക്കിന്‍റെ ലഭ്യത നിയന്ത്രിക്കുന്നതിനോ ഈ ഓഫറിന് പകരം മറ്റൊരു ഓഫർ നൽകുന്നതിനോ ഉള്ള അവകാശം എയർ ഇന്ത്യക്കുണ്ട്. ഈ ഓഫര്‍ പിൻവലിക്കാനും എയര്‍ ഇന്ത്യക്ക് കഴിയും.
∙ ഈ ഓഫറിൽ നിന്നോ അതുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്ന തർക്കങ്ങൾ, ഡൽഹിയിലെ യോഗ്യതയുള്ള കോടതികളുടെ പ്രത്യേക അധികാരപരിധിക്ക് വിധേയമായിരിക്കും.