സൗജന്യമല്ലേ ഈ ഒടിടി, പിന്നെന്താ കുഴപ്പം? ഫ്രീ ട്രയല്‍ വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ!
Mail This Article
ഇന്ന് പലരും ഒടിടി പ്ലാറ്റ് ഫോമുകള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍, പലരും പണം മുടക്കി അല്ല ഇവ ഉപയോഗിക്കുന്നത്. കയ്യിലെ പണം ചെലവഴിക്കാന്‍ മടിച്ചിട്ട് ഫ്രീ ട്രയല്‍ വേര്‍ഷനുകളാണ് ഡൗണ്‍ലോഡ് ചെയ്യുന്നത്. പക്ഷെ ഇങ്ങനെ സൗജന്യമായി ലഭിക്കുന്ന വേര്‍ഷനുകളിലൂടെ നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പോകും. പലരും സൗജന്യം എന്നപേരില്‍ ഇത്തരം ട്രയലുകള്‍ ഉപയോഗിക്കുമ്പോള്‍ സാമ്പത്തിക ബാധ്യതയിലേക്ക് കടക്കുകയാണെന്ന് അറിയുന്നില്ല. അതിനാല്‍ ഫ്രീ ട്രയൽ വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിയുക.
∙ സൗജന്യമോ?
സൗജന്യമായി ലഭിക്കുന്നു എന്ന് വച്ച് ഇത് സേഫാണെന്നല്ല. അതായത്, സൗജന്യമായി ഒരു നിശ്ചിത കാലയളവിലേക്കാണ് ലഭിക്കുക. ഇവ ഇഷ്ടപ്പെട്ടാല്‍ ഉപഭോക്താവിന് പണം നല്‍കി വാങ്ങാം. എന്നാല്‍, ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കിയതിന് ശേഷമേ ഇത്തരം സൗജന്യ വേര്‍ഷനുകള്‍ ലഭിക്കു. അതായത്, ഒരു ഇടപാട് നടത്തുമ്പോള്‍ ചെയ്യുന്ന നടപടി ക്രമങ്ങള്‍ ഇവിടെയും ആവശ്യമാണ്.
∙ നിബന്ധനകള്‍ അറിഞ്ഞിരിക്കണം
∙ഫ്രീ ട്രയല്‍ വേര്‍ഷന്‍ സമയപരിധി കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി പണം ഈടാക്കുന്ന വേര്‍ഷനുകളുണ്ട്. ഇത് നിര്‍ത്തലാക്കാനുള്ള ഓപ്ഷനുകള്‍ ഉണ്ടെങ്കിലും പലരും ശ്രദ്ധിക്കാറില്ല. അക്കൗണ്ടില്‍ നിന്ന് പണം പോകുമ്പോഴാണ് നാം അറിയുന്നത് തന്നെ. അതിനാല്‍ വേര്‍ഷനുകളുടെ നിബന്ധനങ്ങളും സമയക്രമവും പ്രത്യേകം ശ്രദ്ധിക്കണം.
∙ഓട്ടോമാറ്റിക്കായി പുതുക്കാത്ത ഫ്രീ ട്രയലുകള്‍ ഉപയോഗിക്കുന്നതാണ് ഉചിതം.
∙തുടരാന്‍ താല്‍പ്പര്യം ഇല്ലെങ്കില്‍ കാലാവധി തീരും മുന്‍പ് കാന്‍സല്‍ ചെയ്യണം.
∙മറവി ഉള്ളവരാണെങ്കില്‍ എവിടെയെങ്കിലും ഇത്തരം ഫ്രീ ട്രയല്‍ വേര്‍ഷനുകളുടെ കാലാവധി വിവരങ്ങള്‍ കുറിച്ചു വയ്ക്കുക.
∙ചിലത് ഇ-മെയില്‍ അല്ലെങ്കില്‍ മെസേജിലൂടെ ഉപഭോക്താവിന്റെ അനുവാദം വാങ്ങിയിട്ടാണ് പണം ഈടാക്കുക. എന്നാല്‍ മറുപടി സമയം കഴിഞ്ഞാല്‍ ഓട്ടോമറ്റിക്കായി പണം പിടിക്കും.
∙ബ്ലോക്ക് ചെയ്യാന്‍ പറ്റുന്നവയാണെങ്കില്‍ ബ്ലോക്ക് ചെയ്യണം.
∙ അനുവാദം ഇല്ലാതെ പണം ഈടാക്കിയാല്‍
ഉപഭോക്താവിന്റെ അനുവാദമില്ലാതെയാണ് ഈടാക്കിയത് എങ്കില്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പണം ഈടാക്കിയ വിവരം അറിയിക്കണം. പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെടാം. ബാങ്കിനെയും വിവരം അറിയിക്കണം. പരാതി നല്‍കണം. പണം ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടില്ലെങ്കിൽ എല്ലാ മാസവും പണം പൊയ്ക്കൊണ്ടേയിരിക്കും.