ADVERTISEMENT

ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ഇനി ഓഫര്‍കാലമാണ്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, മിന്ത്ര, മീശോ തുടങ്ങിയ വെബ്സൈറ്റുകള്‍ എല്ലാം തന്നെ ആകര്‍ഷകമായ ഡീലുകളും ക്യാഷ്ബാക്ക് ഓഫറുകളും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്തിന് കേരളസർക്കാരും ഓണമാകുമ്പോഴേയ്ക്ക് ഇ ഷോപ്പിങിനായി കെ ഷോപ്പി അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഓണത്തിരക്കിനിടയിൽ സമയത്ത് പോയി വാങ്ങാനിരുന്നാല്‍ കൈയ്യില്‍ നിന്ന് വലിയൊരു തുക തന്നെ ചെലവാകും. പ്രവാസികൾക്ക് നാട്ടിലുള്ള പ്രിയപ്പെട്ടവർക്കായി വേണ്ടതെല്ലാം വാങ്ങിക്കൊടുക്കാനും ഓൺലൈൻ ഷോപ്പിങ് തന്നെ ശരണം. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വാങ്ങാന്‍ ഈ വഴികള്‍ നോക്കാം. ഒപ്പം അൽപ്പം കരുതലും വേണം.

ക്രെഡിറ്റ് കാര്‍ഡുകളിലെ റിവാര്‍ഡുകളും ആനുകൂല്യങ്ങളും കൃത്യമായി ഉപയോഗിക്കുക
 

നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് പോയിന്റുകള്‍ തീര്‍ക്കാനുള്ള ഏറ്റവും നല്ല സമയങ്ങളില്‍ ചിലതാണ് ഉത്സവ സീസണുകള്‍. നിങ്ങള്‍ അവ മറന്നുപോയിട്ടുണ്ടാകാം, എന്നാല്‍ ഇവയുടെ സമയം കഴിയുന്നതിന് മുന്‍പ് ഉപയോഗിക്കുന്നത് നല്ലതാണ്. എല്ലാ സൈറ്റുകളും ക്രെഡിറ്റ് കാര്‍ഡില്‍ നിരവധി ഓഫറുകള്‍ ഒരുക്കുന്നുണ്ട്. അതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന റിവാര്‍ഡ് പ്രോഗ്രാമുകളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തിയാല്‍ കൈയ്യില്‍ നിന്ന് കാര്യമായി പണം മുടക്കേണ്ടി വരില്ല.

കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുക

പലപ്പോഴും ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, മിന്ത്ര അല്ലെങ്കില്‍ മറ്റ് ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ നിന്ന് ഷോപ്പിങ് നടത്തുകയാണെങ്കില്‍, ബാങ്കുകളുടെ കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്കും റിവാര്‍ഡ് പോയിന്റുകളും ലഭിക്കും. ഈ ദിവസങ്ങളില്‍ സ്മാര്‍ട്ട്ഫോണുകള്‍ പോലെയുള്ള നിരവധി  ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് ചില ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകളുമായി ടൈ-അപ്പുകള്‍ ഉണ്ട്. എന്നാല്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഷോപ്പിങ് നടത്തുമ്പോള്‍ കണ്ണടച്ച് എന്തും വാങ്ങുന്നതിലും നല്ലത് 30 ശതമാനം ക്രെഡിറ്റ് ഉപയോഗ നിരക്കില്‍ തുടരുന്നതാണ് ഉചിതം.

card-money

ഓഫ്‌ലൈന്‍ വില അറിഞ്ഞു വയ്ക്കണം

ഒണ്‍ലൈനില്‍ ഓഫര്‍ ഉണ്ടെങ്കിലും റീട്ടെയ്‌ലര്‍ ഷോപ്പില്‍ നിന്നും ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കിട്ടും. കുറഞ്ഞ നിരക്കില്‍ ചിലപ്പോള്‍ റീട്ടെയ്ല്‍ ഷോപ്പില്‍ നിന്നും വാങ്ങാവുന്നതാണ്. അതിനാല്‍ ഓണ്‍ലൈന്‍ മാത്രം നോക്കിയിരിക്കരുത്.

ഷോപ്പിങ് ഓഫറുകള്‍ മനസിലാക്കുക

ഉപഭോക്താവിന്റെ ശ്രദ്ധ നേടുന്നതിനായി ഇ കൊമേഴ്സ് വെബ്സൈറ്റുകളില്‍ നിന്നും റീട്ടെയിലര്‍മാരില്‍ നിന്നും ഉത്സവ സീസണില്‍ ഒന്നിലധികം ഷോപ്പിങ് ഓഫറുകള്‍ ലഭിക്കും. രണ്ടെണ്ണം വാങ്ങിയാൽ ഒന്ന് സൗജന്യം, ക്യാഷ്ബാക്ക്, ലക്കി ഡ്രോ തുടങ്ങി നിരവധി ഓഫറുകള്‍ പല സ്ഥലങ്ങളില്‍ കാണാം. എന്നാല്‍, എന്തെങ്കിലും വാങ്ങുന്നതിന് മുമ്പ് അത്തരം ഓഫറുകള്‍ വിശദമായി മനസിലാക്കുക.ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലെ വിലകള്‍ താരതമ്യം ചെയ്യുക.

1211780245

ഇഎംഐ സ്‌കീം അറിയണം

ഇഎംഐയിലൂടെ വാങ്ങാം എന്ന് എല്ലാ കമ്പനികളും ഓഫര്‍ നല്‍കാറുണ്ട്. എന്നാല്‍, പലിശ നിരക്കുകളും അനുബന്ധ ഫീസും പരിശോധിക്കുക. അവ താരതമ്യം ചെയ്യുകയുമാകാം.

സീറോ കോസ്റ്റ് ഇഎംഐ സ്‌കീമുകള്‍ സൂക്ഷ്മമായി പരിശോധിക്കണം. ചിലപ്പോള്‍ ഒരു നിശ്ചിത തുക മുന്‍കൂറായി നല്‍കേണ്ടി വന്നേക്കാം. അധിക പ്രോസസിങ് ഫീസും ഉണ്ടായിരിക്കാം. അതിനാല്‍ കൃത്യമായി പരിശോധിക്കണം. അല്ലെങ്കില്‍ ഇത് സിബില്‍ സ്‌കോറിനെ വരെ ബാധിക്കാം.

ഇപ്പോള്‍ വാങ്ങുക, പിന്നീട് പണമടയ്ക്കുക

amazon1

ഇത്തരം സ്‌കീമുകള്‍ പലരും മുന്നോട്ട് വയ്ക്കാറുണ്ട്. പണം പിന്നീട് നല്‍കിയ മതിയല്ലോ എന്ന് കരുതി നമ്മള്‍ തലവെക്കും. ചിലപ്പോള്‍ ഇതുവഴി അധിക ഓഫറുകളും നല്‍കും. എന്നാല്‍ ഇത് ഒരു തരം  വ്യക്തിഗത വായ്പയാണ്. കൂടുതല്‍ കുരുക്കില്‍ പെടാതിരിക്കാന്‍ ഇത്തരം ഓഫറുകള്‍ ഒഴിവാക്കുന്നത് നല്ലതാണ്.

ബജറ്റ് വേണം

ആദ്യം തന്നെ ഒരു ബജറ്റ് തയ്യാറാക്കാം. വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധനങ്ങള്‍, ഗിഫ്റ്റ് നല്‍കാന്‍ ഉദ്ദേശിക്കുന്നവ എന്നിവയുടെ  ലിസ്റ്റ് തയ്യാറാക്കാം. ഇത്തരത്തില്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നത് കൂടുതല്‍ പണം ചെലവഴിക്കുന്നതില്‍ നിന്നും രക്ഷ നല്‍കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com