സ്വര്‍ണപ്പണയം എങ്ങനെ വയ്ക്കും? എത്ര കിട്ടും? തിരിച്ചടവ് തെറ്റിയാല്‍ എന്തു ചെയ്യും?
Mail This Article
ഒരുതരി പൊന്നെങ്കിലും വാങ്ങാത്തവര്‍ ഉണ്ടാകില്ല. സ്വര്‍ണം നമ്മുടെ നിക്ഷേപങ്ങളില്‍ അത്ര പ്രധാനപ്പെട്ടതാണ്. ആപത്തു ഘട്ടത്തില്‍ നമ്മളെ സാമ്പത്തികമായി സഹായിക്കാന്‍ കഴിയുന്ന നിക്ഷേപം. എപ്പോൾ വേണമെങ്കിലും പണയം വയ്ക്കാമെന്നത് സ്വർണത്തെ വീണ്ടും പ്രിയപ്പെട്ടതാക്കുന്നു, അതായത്, പണത്തിന് അത്യാവശ്യം വന്നാല്‍ നേരെ പോയി ഒരു സ്വര്‍ണപ്പണയ വായ്പ എടുക്കാം. ഇതിന് വ്യക്തിഗത വായ്പയെക്കാള്‍ പലിശ കുറവാണ്. ഇന്ന് സ്വര്‍ണം പണയം വയ്ക്കുന്ന പ്രവണത കൂടുതലാണ്. ഇത്തരത്തിൽ സ്വര്‍ണം പണയം വയ്ക്കാന്‍ പോകുന്നവര്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
എപ്പോള്‍ വായ്പ എടുക്കാം
വലിയ ചെലവുകള്‍ക്ക് സ്വര്‍ണ വായ്പയെ ആശ്രയിക്കരുത്. അതായത്, വീട് വാങ്ങുന്നത് പോലുള്ള ചെലവുകള്‍ക്ക് സ്വര്‍ണ വായ്പ എടുക്കരുത്. ഇവിടെ ഭവന വായ്പയാണ് നല്ലത്. താത്കാലിക ആവശ്യങ്ങള്‍ക്ക് മികച്ച ഓപ്ഷനാണ് സ്വര്‍ണ വായ്പ.
സ്വര്‍ണത്തിന്റെ മൂല്യം
സ്വര്‍ണത്തിന്റെ മൂല്യം നോക്കിയാണ് ധനകാര്യ സ്ഥാപനം വായ്പ നല്‍കുക. നല്‍കുന്ന ആഭരണത്തിലെ സ്‌റ്റോണുകളൊന്നും പരിഗണിക്കില്ല. പരിശുദ്ധ സ്വര്‍ണമാണ് ഇവിടെ കണക്കാക്കുക. ആഭരണം പഴയതാണെങ്കില്‍ ലഭിക്കുന്ന തുക കുറയും. പുതിയ ആഭരണങ്ങള്‍ക്ക് മൂല്യം കൂടുതലായിരിക്കും.
മുഴുവന്‍ തുക ലഭിക്കുമോ
വിപണിയില്‍ ഒരു പവന് 53,560 രൂപയാണ്. വില. ആഭരണങ്ങളായാൽ വില ഇനിയും ഉയരും. എന്നാല്‍, മുഴുവന്‍ തുക ഒരിക്കലും സ്വര്‍ണപ്പണയത്തിന് ലഭിക്കില്ല. സാധാരണയായി വിലയുടെ 60 മുതല്‍ 90 ശതമാനം വരെയാണ് വായ്പ നല്‍കാറ്. ഇതിന് പ്രത്യേക അനുപാതമുണ്ട്.
പലിശ നിരക്കുകള്‍
പ്രോപ്പര്‍ട്ടി ലോണ്‍, ഹോം ലോണ്‍ തുടങ്ങിയവയേക്കാള്‍ അധിക നിരക്കാണ് സ്വര്‍ണപ്പണയത്തിന്. ധനകാര്യ സ്ഥാപനങ്ങളുടെ തരമനുസരിച്ച് 9 ശതമാനം മുതല്‍ 18 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. അതിനാല്‍ നിങ്ങളുടെ സ്വര്‍ണത്തിന് കുറഞ്ഞ പലിശ ലഭിക്കുന്നത് എവിടെയെന്ന് പരിശോധിക്കുക. തിരിച്ചടവ് മുടങ്ങിയാല്‍ ധനകാര്യ സ്ഥാപനത്തിന്റെ തരമനുസരിച്ച് പലിശ വര്‍ധിച്ചേക്കാം.
അടവ്
കൃത്യമായ തിരിച്ചടവ് ഉപഭോക്താവ് നടത്തേണ്ടതുണ്ട്. ഇപ്പോള്‍ മിക്ക ധനകാര്യ സ്ഥാപനങ്ങളും പ്രത്യേകം ആപ്പുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ആപ്പ് വഴിയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ തിരിച്ചടയ്ക്കാവുന്നതാണ്. എന്നാല്‍ കാലാവധി തെറ്റിയാല്‍ അധിക ബാധ്യത ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തിരിച്ചടവ് ദിവസം ഓര്‍ത്തുവെക്കേണ്ടത് ഉപഭോക്താവാണ്.
സ്വര്‍ണ വില കുറഞ്ഞാല്‍
സ്വര്‍ണ വില കൂടിയ സമയത്ത് വായ്പ എടുത്തവരോട് വില വലിയ തോതില്‍ കുറഞ്ഞാല്‍ മുതലിലേക്ക് പണം അടയ്ക്കാന്‍ വായ്പാ ദാതാവിന് ആവശ്യപ്പെടാവുന്നതാണ്. ഇത്തരത്തില്‍ ഉപഭോക്താവിനോട് ആവശ്യപ്പെടാന്‍ ധനകാര്യസ്ഥാപനത്തിന് അധികാരമുണ്ട്. അതിനാല്‍ വില കുറയാന്‍ സാധ്യതയുണ്ടെന്ന് തോന്നുകയാണെങ്കില്‍ അധിക പണം കാണേണ്ടതുണ്ട്.