പോക്കറ്റ് ചോരാതെ ബെൻസും പോർഷെയും വാങ്ങാം, യൂസ്ഡ് കാർ വിപണി പൊടിപൊടിക്കുന്നു
Mail This Article
ജോലി കിട്ടിയാൽ ഒരു കാറ് വാങ്ങുക എന്നുള്ളത് ഏതൊരു സാധാരണക്കാരന്റെയും മോഹമാണ്. 20000 രൂപയെ ശമ്പളമുള്ളുവെങ്കിലും, അതിലും വായ്പയെടുത്ത് കാർ വാങ്ങുന്നവർ ഒരുപാടുപേരുണ്ട്. എന്നാൽ പുതിയ കാറുകൾ വാങ്ങാൻ നോക്കുമ്പോൾ, വില കൂടുതലായതു കൊണ്ട് പലരും പഴയ കാറുകളുടെ വെബ്സൈറ്റുകളിലും നോക്കാറുണ്ട്. വലിയ രീതിയിലുള്ള വില വ്യത്യാസം കാണുമ്പോൾ സ്വാഭാവികമായി പഴയ കാർ വില്പന നടത്തുന്നവരിലേക്ക് ആകർഷിക്കപ്പെടും.വെബ്സൈറ്റുകളിലെയും, സോഷ്യൽ മീഡിയയിലെയും കണക്കുകൾ ഇത് ശരിവെക്കുന്നു. ഇന്ത്യയിലെ പല മെട്രോ നഗരങ്ങളിലും പഴയ കാർ വില്പന ഇപ്പോൾ പൊടിപൊടിക്കുകയാണ്. ഓരോ വർഷവും ഉയരുന്ന വില്പന കണക്കുകളാണ് പഴയ കാർ വിപണിയുടെ വെബ്സൈറ്റുകളിൽ ഉള്ളത്.
കോവിഡ് സ്വാധീനം
കോവിഡിനെ തുടർന്ന് സാധാരണക്കാർക്ക് ജോലി നഷ്ടപ്പെട്ടതും, ബിസിനസുകൾ അടച്ചുപൂട്ടിയതുമെല്ലാം പച്ചപിടിപ്പിച്ച ഒരു മേഖലയാണ് പഴയ കാറുകളുടെ വിപണി. പുതിയ കാറിൻെറ പകുതി വിലക്ക് പഴയ കാർ ലഭിക്കുമ്പോൾ പോക്കറ്റ് ചോർച്ച തടയാൻ പലരും പഴയ കാറുകൾ കൊണ്ട് തൃപ്തിപ്പെടാറുണ്ട്.പഴയ കാറുകൾ വിൽക്കുന്ന വെബ്സൈറ്റുകൾ മത്സരിച്ച് വിലകുറച്ചിടുന്നതും പഴയ കാറുകൾ നിസാര വിലക്ക് വിപണിയിൽ ലഭ്യമാക്കുന്നു.മെട്രോ നഗരങ്ങളിൽ മാത്രം ഒരു മാസം ഓരോ പഴയ കാർ ഡീലർമാരും ഏകദേശം 13000 കാറുകൾ വിൽക്കാറുണ്ട് എന്ന് കണക്കുകൾ കാണിക്കുന്നു.
പുതിയ കാറുകൾ 3 വർഷത്തിൽ വിൽക്കുന്നു
മുൻകാലങ്ങളെ അപേക്ഷിച്ച് പുതിയ കാറുകൾ വാങ്ങുന്നവർ മൂന്ന് വർഷം കഴിയുമ്പോഴേക്കും ആ കാർ വിറ്റിട്ട് പുതിയ കാർ വാങ്ങുന്ന പ്രവണതയും ഇന്ത്യയിൽ കൂടുകയാണ്. ആറോ , ഏഴോ വർഷം വരെ ഒരു കാർ ഉപയോഗിച്ച ശേഷം മാത്രം മാറുന്ന രീതിയും ഇന്ത്യക്കാർ ഇപ്പോൾ മാറ്റി. അതിനാലാണ് വിപണിയിൽ കുറവ് ദൂരം ഓടിയ തട്ടുകേടൊന്നുമില്ലാത്ത കാറുകൾ ലഭ്യമാകുന്നത്. സമൂഹത്തിൽ 'നിലയും വിലയും' ലഭിക്കാൻ കാർ 3 വർഷത്തിൽ മാറ്റേണ്ടത് ആവശ്യമാണ് എന്ന ചിന്താഗതിയും വളർന്നു വരുന്നുണ്ട് എന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്. ഇതും പഴയ കാർ ബിസിനസിനെ വളർത്തുന്ന ഘടകമാണ്.
പഴയ കാറുകൾ വിൽക്കുന്ന വെബ്‌സൈറ്റുകൾക്ക് പുറമെ, പല വലിയ കാർ കമ്പനികൾക്കും പഴയ കാറുകൾ വിൽക്കുന്ന ബിസിനസ് ഉണ്ട്. പോർഷെ, ഔഡി, ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് എന്നിവയ്ക്ക് പഴയ കാറുകൾ വിൽക്കുന്ന ഡിവിഷനുകൾ ഉദാഹരണം.
ഇന്ത്യയിലെ മധ്യ വർഗത്തിന്റെ വളർച്ച
ഇന്ത്യയിലെ മധ്യ വർഗത്തിന്െ വരുമാനം വർധിക്കുന്നതോടെ കാറുകളുടെ ഡിമാൻഡ് കൂടുകയാണ്. ഇടത്തരം വിലയുള്ള കാറുകൾ പോലെത്തന്നെ ലക്ഷ്വറി കാറുകളും വലിയ തോതിൽ ഇപ്പോൾ 'യൂസ്ഡ് കാർ' വിപണിയിൽ എത്തുന്നുണ്ട്. തങ്ങളുടെ വരുമാനത്തിന് താങ്ങാൻ പറ്റുന്നതിലധികം വിലയുള്ള കാറുകൾ വാങ്ങുകയെന്നത് ഇന്ത്യൻ ഉപഭോക്താക്കളുടെ രീതി ആയതിനാൽ ചെറുപ്പക്കാരും, മധ്യവർഗക്കാരും ലക്ഷ്വറി കാറുകളിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ഓരോ വർഷവും പുതിയ കാർ നിർമാതാക്കൾ ഇന്ത്യയിലേക്കെത്തുന്നതും, വിദേശ കാർ കമ്പനികൾ മത്സരിച്ച് ഇന്ത്യയിൽ ഷോറൂമുകൾ തുറക്കുന്നതും.
ഇന്ത്യയിലെ യൂസ്ഡ് കാർ മാർക്കറ്റ് 2024-ൽ 31.62 ബില്യൺ ഡോളറാണ്. 2029-ഓടെ ഇത് 63.87 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.15 ശതമാനത്തോളം വാർഷിക വളർച്ചയാണ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്.പഴയ കാർ വില്പനകൾ അസംഘടിത മേഖലയിൽ നിന്നും, സംഘടിത മേഖലയിലേക്ക് എത്തുന്നതോടെ ഇന്ത്യയിൽ ഈ വിപണി ഇനിയും വികസിക്കും എന്നാണ് ഈ വ്യവസായത്തെക്കുറിച്ച് നന്നായറിയുന്ന വിദഗ്ധരുടെ അഭിപ്രായം. ഡിമാന്ഡിന് അനുസരിച്ചുള്ള സപ്ലൈ പഴയ കാർ വിപണിയിൽ ഇല്ല എന്നും ഉപഭോക്താക്കൾ ഇപ്പോൾ പരാതി പറയാൻ തുടങ്ങിയിട്ടുണ്ട്. ഇതെല്ലം തന്നെ ഈ ഒരു ബിസിനസ് മോഡൽ ഇനിയും വളരാനുള്ള സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു.