റെയില്‍വേ ടിക്കറ്റ് ബുക്കിങ് പരിഷ്കാരം ഇന്നു മുതൽ: പ്രതിവാര യാത്രക്കാര്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക
Mail This Article
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള അഡ്വാന്‍സ്ഡ് റിസര്‍വേഷന്‍ പീരീഡ് കുറച്ചത് ബുക്ക് ചെയ്ത് പ്രതിദിന, പ്രതിവാര ട്രയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് കനത്ത തിരിച്ചടി ആയേക്കുമെന്ന ആശങ്ക വ്യാപകമാകുകയാണ്. മുന്‍കൂട്ടി ടിക്കറ്റ് ചെയ്യാനുള്ള കാലയളവ് 120 ദിവസത്തില്‍ നിന്ന് 60 ദിവസമായാണ് റെയില്‍വേ വെട്ടിക്കുറച്ചത്.
നവംബര്‍ മുതല്‍ 60 ദിവസം മുന്‍പുവരെ മാത്രമേ ബുക്ക് ചെയ്യാന്‍ കഴിയൂ. നേരത്തെ 120 ദിവസം മുന്‍പുവരെ മുന്‍കൂര്‍ ബുക്കിങ് അനുവദിച്ചിരുന്നു. അതാണ് നവംബർ 1 മുതല്‍ നിര്‍ത്തലാക്കുന്നത്.
യഥാര്‍ത്ഥ യാത്രക്കാരെ പ്രോല്‍സാഹിപ്പിക്കാനാണ് മാറ്റം എന്നാണ് റെയില്‍വേ പറയുന്നത്. പീക്ക് സീസണില്‍ യഥാര്‍ത്ഥ യാത്രക്കാരുടെ എണ്ണം മനസിലാക്കാനും സ്പെഷ്യല്‍ ട്രയിന്‍ ഓടിക്കാനും ഇതിലൂടെ യാത്രാക്ലേശം പരിഹരിക്കാനും കഴിയും എന്നും റെയില്‍വേ പറയുന്നുണ്ട്. യഥാര്‍ത്ഥ യാത്രക്കാര്‍ക്ക് യഥേഷ്ടം ടിക്കറ്റ് കിട്ടാനും റിസര്‍വ്ഡ് ബര്‍ത്ത് പാഴായിപ്പോകാതിരിക്കാനും പരിഷ്‌കാരം സഹായിക്കുമെന്നും റെയില്‍വേ അവകാശപ്പെടുന്നുണ്ട്.
റെയില്‍വേ അത്രയ്ക്ക് ഭേദപ്പെട്ട യാത്രാ സൗഹൃദമല്ലാതിരുന്ന കാലത്ത് എആര്‍പി 30 ദിവസം മാത്രമായിരുന്നു. യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടാന്‍ വേണ്ടിമാത്രമാണ് 2015 ല്‍ അത് 120 ദിവസമാക്കി വര്‍ധിപ്പിച്ചത്. ഇപ്പോഴിതാ അത് വീണ്ടും 60 ദിവസമാക്കി. അധികം താമസിയാതെ ഇത് 30 ദിവസമാക്കി ചുരുക്കിയാലും അല്‍ഭുതപ്പെടേണ്ടതില്ല. വിമാന ടിക്കറ്റും ബസ് ടിക്കറ്റും 11 മാസം (330 ദിവസം) മുമ്പുവരെയും ബുക്ക് ചെയ്യാം എന്നിരിക്കെയാണ് റെയിൽവേ ബുക്കിങ് പീരീഡ് വെട്ടിക്കുറച്ച് പരിഷ്കാരം ഏർപ്പെടുത്തുന്നത്
റെയില്‍വേയുടെ പുതിയ നീക്കം എങ്ങനെയൊക്കെയാണ് യാത്രക്കാരുടെ പോക്കറ്റ് ചോര്‍ത്താനിടയാക്കുക എന്ന് നോക്കാം.
1. പുതിയ പരിഷ്‌കാരം നിലവില്‍വരുന്നതോടെ കാന്‍സലേഷന്‍ വളരെ കുറയും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായി സീറ്റുകള്‍ പരിമിതപ്പെടും. ഇതോടെ പ്രതിവാര, പ്രതിദിന യാത്രക്കാര്‍ക്ക് സ്ലീപ്പര്‍ ക്ലാസ്, ചെയര്‍കാര്‍, സെക്കന്‍ഡ് സിറ്റിങ് സീറ്റുകളുടെ ലഭ്യത കുറയും. ജനറല്‍ ടിക്കറ്റെടുത്ത് ഒഴിഞ്ഞ സീറ്റുകളിലേക്ക് കണ്‍വേര്‍ട്ട് ചെയ്ത് യാത്രചെയ്യാനുള്ള അവസരവും പരിമിതപ്പെടും.
2. 120 ല്‍ നിന്ന് 60 ദിവസമാക്കി ചുരുക്കുന്നതോടെ ബുക്കിങിനായി എത്തുന്നവരുടെ എണ്ണം മുമ്പത്തേതിനേക്കാള്‍ ഇരട്ടിക്കും. എന്നാല്‍ പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി ഇതിന് ആനുപാതികമായ സീറ്റ് വര്‍ധന ഉണ്ടാകാനും സാധ്യതയില്ല. അതിനാല്‍ ഡിമാന്‍ഡ് കൂടുതലും സീറ്റ് ലഭ്യത കുറവും ആയിരിക്കും. അത്തരം സാഹചര്യത്തില്‍ സീറ്റിന് കൂടുതല്‍ നിരക്ക് ഈടാക്കുന്ന ഡയനമിക് പ്രൈസിങ് നിരക്ക് കൂടുതല്‍ ട്രെയിനുകളിലേക്കും വ്യാപിപ്പിക്കാന്‍ റെയില്‍വേയ്ക്ക് സാധിക്കും. ഇപ്പോള്‍ വളരെ കുറഞ്ഞ ട്രെയിനുകളില്‍ മാത്രമാണ് ഈ സംവിധാനം ഉള്ളത്. ഡൈനമിക് പ്രൈസിങ് സംവിധാനം വ്യാപകമാക്കിയാല്‍ നിരക്ക് കൂടുതല്‍ നല്‍കാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാകും. പെട്ടെന്നുള്ള യാത്രയ്ക്ക് കൂടുതലും ബുക്ക് ചെയ്യുന്നത് പ്രതിവാര, പ്രതിദിന യാത്രക്കാരാണ് എന്നതിനാല്‍ ഇവരുടെ കീശ ചോരുന്നതിലേക്കാണ് സ്ഥിതിഗതികള്‍ എത്തിക്കുക. ഇപ്പോഴത്തെ പരിഷ്‌കാരത്തിന് പിന്നിലെ റെയിൽവേയുടെ യഥാര്‍ത്ഥ ഉദ്ദേശവും ഡൈനമിക് പ്രൈസിങ് വ്യാപകമാക്കാനാണ് എന്നും ആരോപിക്കപ്പെടുന്നുണ്ട്. ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടുതലായിരിക്കുകയും സീറ്റുകൾ കുറവായിരിക്കുകയും ചെയ്യുമ്പോൾ ഓട്ടോമാറ്റിക്കായി ടിക്കറ്റ് നിരക്ക് കൂടുന്ന സംവിധാനമാണ് ഡയനമിക് പ്രൈസിങ്
3.കാന്‍സലേഷന്‍ കുറയുന്നത് കൂടുതല്‍ ടിക്കറ്റ് യാത്രക്കാർക്ക് ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് റെയിൽവേ വാദിക്കുന്നത്. എന്നാൽ കാന്‍സലേഷന്‍ കുറയുന്നത് ടിക്കറ്റ് ലഭ്യത കൂട്ടുമെന്ന വാദത്തിലും കഴമ്പില്ല എന്നാണ് പരിഷ്‌കാരത്തെ എതിര്‍ക്കുന്ന യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. റെയില്‍വേ പറയുന്നത് അനുസരിച്ച് ഇപ്പോള്‍ ശരാശരി 21 ശതമാനമാണ് ബുക്കിങ് കാന്‍സലേഷന്‍ നടക്കുന്നത്. അതായത് നിത്യവും ഇത്രയും ശതമാനം ടിക്കറ്റുകള്‍ തല്‍ക്കാല്‍ സംവിധാനത്തെ ആശ്രയിക്കുന്നവര്‍ക്കും വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്കും ഒരാഴ്ചയ്ക്ക് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നു എന്നു ചുരുക്കം. മുന്‍കൂര്‍ ബുക്കിങ് കാലയളവ് 60 ദിവസമാക്കി ചുരുക്കുന്നതോടെ കാന്‍സലേഷന്‍ കുറയും. കാരണം യാത്ര ഉറപ്പായും തീരുമാനിച്ചുവരാകും ഭൂരിഭാഗം യാത്രക്കാരും.
ഇത് റെയില്‍വേയ്ക്ക് ഗുണമാണ്. പക്ഷേ കാൻസലേഷൻ സാധ്യത കുറവാണ് എന്നതിനാൽ അവസാനം ബുക്ക് ചെയ്യുന്നവർക്ക് സീറ്റുകളുടെ ലഭ്യത കുറയും, ഇത് യാത്രക്കാര്‍ക്ക് ദുരിതമായിരിക്കും. ബുക്ക് ചെയ്ത് പ്രതിവാര, പ്രതിദിന യാത്ര നടത്തുന്നവർക്കും വെയിറ്റിങ് ലിസ്റ്റിൽ ഉള്ളവർക്കും വലിയ ദുരിത ദിനങ്ങളാണ് വരാനിരിക്കുന്നത് എന്ന് ചുരുക്കം.
4. അഞ്ച് ശതമാനത്തോളം ആളുകള്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നുമില്ല, യാത്രചെയ്യുന്നുമില്ല എന്നും റെയില്‍വേ ചൂണ്ടിക്കാട്ടുന്നുണ്ട്. ബുക്ക് ചെയ്യുമ്പോള്‍ ബോര്‍ഡിങ് സ്റ്റേഷനായി തിരഞ്ഞെടുത്തിരിക്കുന്നിടത്ത് നിന്നുതന്നെ കയറണം എന്ന് നിര്‍ബന്ധമുണ്ട്. ഈ സ്റ്റേഷനില്‍ നിന്ന് ആള്‍ കയറിയില്ലെങ്കില്‍ ആ സീറ്റ് കാന്‍സലായതായാണ് കരുതക. ഇത്തരത്തില്‍ ഒഴിവ് വരുന്ന അഞ്ച് ശതമാനം സീറ്റുകള്‍ ട്രെയിനുള്ളില്‍ വെച്ചുതന്നെ ജനറല്‍ ടിക്കറ്റുകാര്‍ക്ക് കണ്‍വേര്‍ട്ട് ചെയ്ത് നല്‍കാനും ഇപ്പോള്‍ കഴിയുന്നു. നവംബര്‍ ഒന്നുമുതല്‍ ഈ സാധ്യതയും നിലയ്ക്കുകയോ പരിമിതപ്പെടുകയോ ചെയ്യും.
ട്രെയിനിനുള്ളില്‍ ജനറല്‍ ടിക്കറ്റുകള്‍ കണ്‍വേര്‍ട്ട് ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ അഴിമതി കാണിക്കുന്നു എന്ന് റെയില്‍വേ സൂചിപ്പിക്കുന്നുണ്ട്. അതുപോലെ ടിക്കറ്റ് പൂഴ്ത്തിവയ്പ്പും ആള്‍മാറാട്ടവും നടക്കുന്നുണ്ട് എന്നും പറയുന്നു. അത്തരം അനഭിലഷണീയ പ്രവണതകള്‍ നിര്‍ത്തലാക്കാന്‍ ശക്തമായ നടപടികളാണ് വേണ്ടെതന്നും റെയില്‍വേയെ കൂടുതലായി അശ്രയിക്കുന്ന പ്രതിദിന, പ്രതിവാര യാത്രക്കാര്‍ക്ക് അമിത ചിലവുണ്ടാക്കുന്ന പരിഷ്‌കാരങ്ങളല്ല നടപ്പാക്കേണ്ടതെന്നുമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.