പാക്കിസ്ഥാനെതിരെ അശ്വിനോ ഠാക്കൂറോ, റണ്ണൊഴുകും പിച്ചിൽ ആര്? സസപെൻസ് തുടരുന്നു
Mail This Article
അഹമ്മദാബാദ്∙ പാക്കിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യ ആരെ ഇറക്കും? സ്പിന്നർ ആർ. അശ്വിനെയോ, പേസർ ഷാർദൂൽ ഠാക്കൂറിനെയോ? ക്രിക്കറ്റ് വിദഗ്ധര്‍ക്കിടെയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചയാണിത്. ടീമിലെ നാലാം നമ്പർ ബാറ്ററെച്ചൊല്ലിയുള്ള ആശങ്കകളും ബാറ്റിങ് ലൈനപ്പിലെ വെല്ലുവിളികളും ഏറെക്കുറെ അവസാനിച്ചപ്പോഴാണ് ബോളർമാരെച്ചൊല്ലിയുടെ ആശയക്കുഴപ്പം ടീം ഇന്ത്യയിൽ ഇപ്പോഴും തുടരുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ കെ.എൽ. രാഹുലും അഫ്ഗാനിസ്ഥാനെതിരെ ശ്രേയസ് അയ്യരും മികച്ച പ്രകടനം കാഴ്ചവച്ചതോടെ ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് ആശങ്കകളില്ല.
ചെന്നൈയിൽ ഓസ്ട്രേലിയയ്ക്കെതിരെ ആർ. അശ്വിൻ കളിക്കാനിറങ്ങിയിരുന്നു. ഹൈദരാബാദിൽ അഫ്ഗാനെതിരായ കളിയിൽ അശ്വിൻ ടീമിനു പുറത്തായി. പകരം ഷാര്‍ദൂൽ ഠാക്കൂർ പ്ലേയിങ് ഇലവനിലെത്തി. രണ്ടു മത്സരങ്ങളും ഇന്ത്യ ജയിച്ചെങ്കിലും അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സിലക്ടര്‍മാർ ഏതു താരത്തെയാകും വിശ്വസിക്കുക?
പിച്ച് ബാറ്റർമാർക്കൊപ്പം
ബാറ്റർമാരുടെ സ്വർഗമാണ് അഹമ്മദാബാദിലെ പിച്ച്. റണ്ണൊഴുകുന്ന ഗ്രൗണ്ടിൽ ഫാസ്റ്റ് ബോളർമാര്‍ക്കാണു നേരിയ മുൻതൂക്കമെങ്കിലുമുള്ളത്. പക്ഷേ ഇതേ സ്റ്റേഡിയത്തിലാണ് അഫ്ഗാനിസ്ഥാൻ സ്പിന്നര്‍ റാഷിദ് ഖാൻ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി വിക്കറ്റുകൾ നേടിയത്. ഗുജറാത്ത് പേസർമാരായ മുഹമ്മദ് ഷമി, മോഹിത് ശർമ എന്നിവരും ഐപിഎല്ലിൽ ഇവിടെ തിളങ്ങി. ഫാസ്റ്റ് ബോളറാണെന്ന പരിഗണന നൽകിയാൽ ഷാർദൂൽ ഠാക്കൂറാണു ശനിയാഴ്ച പ്ലേയിങ് ഇലവനിൽ ഉണ്ടാകേണ്ടത്. ട്വന്റി20യിൽ അഹമ്മദാബാദിൽ ഷാർദൂൽ ഠാക്കൂർ വിക്കറ്റുകൾ നേടിയിട്ടുമുണ്ട്.
ബാറ്റിങ് നിർണായകം
അശ്വിന് മുകളിൽ ഷാർദൂൽ ഠാക്കൂറിനുള്ള പ്രധാന മേൽക്കൈയെന്നത് ബാറ്റിങ്ങാണ്. രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ എന്നീ രണ്ട് ഓൾ റൗണ്ടർമാരുള്ളപ്പോൾ, ബാറ്റിങ്ങിൽ വമ്പനടികൾക്കു ശ്രമിക്കുന്ന ഷാർദൂലിനെ കൂടി പ്ലേയിങ് ഇലവനിൽ ലഭിച്ചാൽ വാലറ്റത്ത് ടീം ഇന്ത്യയ്ക്ക് അതു കരുത്താകും. ബാറ്റിങ്ങിൽ അശ്വിനും കഴിവു തെളിയിച്ചിട്ടുണ്ടെങ്കിലും, അടുത്ത കാലത്തു നടത്തിയ പ്രകടനങ്ങളിൽ ഷാർദൂലിനാണു മുൻതൂക്കം.
ഷാർദൂൽ ഠാക്കൂറിനെക്കാൾ ഏറെ മത്സരങ്ങളുടെ മുൻപരിചയം ഉണ്ടെന്നതാണ് ആർ. അശ്വിനുള്ള കരുത്ത്. കരിയറിൽ ഇതുവരെ എട്ടു മത്സരങ്ങളിൽ പാക്കിസ്ഥാനെതിരെ അശ്വിൻ കളിച്ചിട്ടുണ്ട്. 5 ഇക്കോണമി റേറ്റിൽ 10 വിക്കറ്റുകൾ താരം നേടി. 2011 ൽ ഇന്ത്യ ലോകകപ്പ് നേടുമ്പോൾ ടീമിൽ അശ്വിനുമുണ്ടായിരുന്നു. സമ്മര്‍ദമേറെയുണ്ടാക്കുന്ന ഇന്ത്യ– പാക്ക് പോരാട്ടത്തിൽ ജൂനിയറായ ഷാർദൂലിനെക്കാളും വെറ്ററൻ താരമായ അശ്വിന്‍ ടീമിലുള്ളതു ഗുണം ചെയ്യുമെന്നു കരുതുന്നവരുമുണ്ട്.