ഉന്നാൽ മുടിയാത് തമ്പി, നിലയുറപ്പിച്ചാല് ഹിറ്റ്മാനെ തൊടാൻ കുറച്ചു വിയർക്കും
Mail This Article
അഹമ്മദാബാദ് ∙ ‘എന്നെ ഔട്ടാക്കാൻ ആദ്യ 10 ഓവർ വരെ നിങ്ങൾക്കു സമയമുണ്ട്. അതുകഴിഞ്ഞാൽ നിങ്ങൾ എത്ര മികച്ച പന്തെറിഞ്ഞാലും എന്റെ പിഴവുകൊണ്ടല്ലാതെ ഞാൻ ഔട്ടാകില്ല’- മുൻപ് ഒരു അഭിമുഖത്തിൽ രോഹിത് ശർമ ഇതു പറഞ്ഞപ്പോൾ മുഖം ചുളിച്ചവർക്കെല്ലാം അതിന്റെ പൊരുൾ ഇന്നലെ മനസ്സിലായിക്കാണും.
പിച്ചിൽ നിലയുറപ്പിച്ചു കഴിഞ്ഞാൽ രോഹിത്തിനോളം അപകടകാരിയായ ബാറ്റർ നിലവിൽ രാജ്യാന്തര ക്രിക്കറ്റിൽ ഇല്ലെന്നു പറഞ്ഞത് സാക്ഷാൽ ക്രിസ് ഗെയ്‌ലാണ്. ക്ലാസും മാസും സമം ചേർത്ത് ഇന്നലെ രോഹിത് നടത്തിയ ഹിറ്റ്മാൻ ഷോ ആയിരുന്നു ഇന്ത്യ- പാക്ക് മത്സരത്തിലെ ഹൈലൈറ്റ്. തന്നെ മുൻപ് പലവട്ടം വിറപ്പിച്ചിട്ടുള്ള പാക്ക് പേസർ ഷഹീൻ ഷാ അഫ്രീദിയുടെ ആദ്യ പന്തുതന്നെ മനോഹരമായ ഫ്ലിക് ഷോട്ടിലൂടെ മിഡ് വിക്കറ്റ് ബൗണ്ടറി കടത്തിയാണ് രോഹിത് തുടങ്ങിയത്.
പിന്നീടങ്ങോട്ട് ബാറ്റ് സ്വിങ്ങിന്റെയും ടൈമിങ്ങിന്റെയും പവർ ഹിറ്റിങ്ങിന്റെയും അദ്ഭുതപ്പെടുത്തുന്ന പ്രദർശനമായിരുന്നു രോഹിത്തിൽ നിന്നുണ്ടായത്. ഔട്ട് സ്വിങ്ങിനു ശ്രമിച്ച പാക്ക് ബോളർമാരെ കവേഴ്സിലും പോയിന്റിലും മാറിമാറി പ്രഹരിച്ച രോഹിത്, ഷോട്ട് ബോളിലൂടെ തന്നെ പരീക്ഷിക്കാമെന്ന പാക്ക് വ്യാമോഹത്തിന് മറുപടി കൊടുത്തത് ഹിറ്റ്മാൻ സ്പെഷൽ പുൾ ഷോട്ടുകളിലൂടെയാണ്.36 പന്തിൽ 3 ഫോറും 4 സിക്സുമടക്കം രോഹിത് അർധ സെഞ്ചറി പിന്നിടുമ്പോൾ ടീം ടോട്ടൽ 100 കടന്നിട്ടില്ലായിരുന്നു.
അർധ സെഞ്ചറിക്കു ശേഷവും ആക്രമണം തുടർന്ന രോഹിത് ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ തന്റെ ഏട്ടാം സെഞ്ചറിയും ഈ ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം സെഞ്ചറിയും നേടുമെന്നുറപ്പിച്ച ഘട്ടത്തിലാണ് ഷഹീൻ ഷാ അഫ്രീദിയുടെ സ്ലോ ബോളിൽ ലോഫ്റ്റഡ് ഡ്രൈവിനു ശ്രമിച്ച് ഷോട്ട് മിഡ് വിക്കറ്റിൽ ഇഫ്തിഖർ അഹമ്മദിന് ക്യാച്ച് നൽകി മടങ്ങിയത്. ഇന്നിങ്സിൽ വരുത്തിയ ആദ്യ പിഴവുതന്നെ തന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയെങ്കിലും ഇന്ത്യൻ കപ്പൽ വിജയതീരത്തേക്ക് അടുപ്പിച്ച ശേഷമാണ് രോഹിത് മടങ്ങിയത്.
ഇന്നലത്തെ മത്സരത്തിൽ 6 സിക്സറുകൾ കൂടി നേടിയതോടെ ഏകദിന ക്രിക്കറ്റിൽ രോഹിത് ശർമയുടെ ആകെ സിക്സ് നേട്ടം 302 ആയി. സിക്സറുകളുടെ എണ്ണത്തിൽ ട്രിപ്പിൾ സെഞ്ചറി തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരാനാണ് രോഹിത്. ഷാഹിദ് അഫ്രീദി (351), ക്രിസ് ഗെയ്ൽ (331) എന്നിവരാണ് രോഹിത്തിനു മുന്നിൽ.