ഇന്ത്യയെ ഫൈനലിൽ കിട്ടണം, ലോകകപ്പ് കളിച്ചതായി തോന്നിയില്ലെന്ന് പാക്ക് ടീം ഡയറക്ടർ
Mail This Article
അഹമ്മദാബാദ്∙ ഏകദിന ലോകകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിന്റെ സംഘാടനത്തെ വിമർശിച്ച് പാക്കിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ. ശനിയാഴ്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടം കാണാൻ 1.32 ലക്ഷത്തിലേറെ ആരാധകരാണ് ഒഴുകിയെത്തിയത്. ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങിയവരും ആയിരക്കണക്കിനു വരും. എന്നാൽ മോദി സ്റ്റേഡിയത്തിലെ കളി ബിസിസിഐ നടത്തുന്ന ഒരു പരിപാടിയിൽ പങ്കെടുത്തപോലെയാണു തോന്നിയതെന്നാണ് മിക്കി ആർതറിന്റെ വിമർശനം.
ഏകദിന ലോകകപ്പ് മത്സരമായി തനിക്കു തോന്നിയില്ലെന്നും മിക്കി ആർതർ വിമർശിച്ചു. ‘‘അതൊരു ഐസിസി ടൂർണമെന്റായി തോന്നിയില്ല. ബിസിസിഐയുടെ ഇവന്റാണിത്, അതായത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു പരമ്പരയിൽ കളിച്ച പോലെ. സ്റ്റേഡിയത്തിൽ ‘ദിൽ ദിൽ പാക്കിസ്ഥാൻ’ ചാന്റുകളൊന്നും ഞാൻ കേട്ടിട്ടില്ല.’’– മിക്കി ആർതർ വ്യക്തമാക്കി. സ്റ്റേഡിയത്തിൽ ആരാധകരുടെ പിന്തുണ ലഭിക്കാത്തത് ഇന്ത്യയ്ക്കെതിരായ വൻ തോൽവിക്ക് ന്യായീകരണമായി പറയാനില്ലെന്നും ആര്‍തര്‍ പറഞ്ഞു.
‘‘ സ്റ്റേഡിയത്തിലെ ആരാധകര്‍ക്കും ഒരു റോളുണ്ട്. പക്ഷേ തോൽവിക്കു ന്യായീകരണമായി ഞാൻ അതു പറയില്ല. അടുത്ത പന്തുകളെ എങ്ങനെ നേരിടുന്നു? ഇന്ത്യൻ താരങ്ങൾക്കെതിരെ എങ്ങനെ പോരാടുന്നു എന്നതൊക്കെയാണ് ഇവിടെ പ്രധാനം. പാക്കിസ്ഥാന്റെ ആകെയുള്ള പ്രകടനത്തിൽ കുറച്ച് ഭയം ഉള്ളതായാണു തോന്നിയത്.’’– ആർതര്‍ വ്യക്തമാക്കി.
‘‘ഇന്ത്യൻ ടീം വളരെ മികച്ചതാണ്. രോഹിത്തും രാഹുലും അവരെ നന്നായി നയിച്ചു. ഇന്ത്യയെ ഫൈനലിൽ ഒരിക്കൽ കൂടി നേരിടാനാകുമെന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്.’’– പാക്കിസ്ഥാൻ ടീം ഡയറക്ടർ പറഞ്ഞു. ആധികാരിക വിജയമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 42.5 ഓവറിൽ 191 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 30.3 ഓവറിൽ ഇന്ത്യ വിജയത്തിലെത്തി.
ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ചറിയാണ് അനായാസ വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചത്. 63 പന്തുകൾ നേരിട്ട രോഹിത് ശർമ 86 റൺസെടുത്തു. ഇന്ത്യയ്ക്കായി ശ്രേയസ് അയ്യരും അർധ സെഞ്ചറി (62 പന്തിൽ 53) തികച്ചു. ഏഴ് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണു കളിയിലെ താരം.