ADVERTISEMENT

അഹമ്മദാബാദ്∙ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം, വിരാട് കോലിയിൽ നിന്ന് ഇന്ത്യൻ ജഴ്സി ഒപ്പിട്ടു വാങ്ങിയത് രസിക്കാതെ പാക്ക് മുന്‍ താരം വാസിം അക്രം. ലോകകപ്പ് മത്സരത്തിനു പിന്നാലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽവച്ചാണ് ഇന്ത്യന്‍ ടീമിന്റെ ജഴ്സിയിൽ കോലിയെക്കൊണ്ട് ഒപ്പിടീച്ച് ബാബർ വാങ്ങിയത്. സംഭവത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി. കോലി ഒന്നിലേറെ ജഴ്സികൾ ബാബറിനു സമ്മാനിച്ചിരുന്നു.

ക്യാമറകളുടെ മുന്നിൽവച്ച് തന്നെ ബാബർ കോലിയോടു ജഴ്സി ആവശ്യപ്പെട്ടതാണ് വാസീം അക്രത്തെ കൂടുതൽ പ്രകോപിപ്പിച്ചത്. ബാബറിന് കോലിയുടെ ജഴ്സി വേണമെങ്കിൽ അതു ഡ്രസിങ് റൂമിൽ വച്ച് ചോദിക്കാമായിരുന്നെന്ന്  വാസിം അക്രം ഒരു പാക്ക് മാധ്യമത്തോടു പറഞ്ഞു. ‘‘നിങ്ങളുടെ അമ്മാവന്റെ മകൻ കോലിയുടെ ജഴ്സി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതു ഗ്രൗണ്ടിൽ വച്ചല്ല ചോദിക്കേണ്ടത്. മത്സരത്തിനു ശേഷം ഡ്രസിങ് റൂമിൽവച്ചു വാങ്ങാം. ആ ചിത്രം കണ്ടപ്പോൾ ഞാൻ ഇങ്ങനെയാണു പറഞ്ഞത്.’’– അക്രം വ്യക്തമാക്കി.

ഗ്രൗണ്ടിന് അകത്തും പുറത്തും സൗഹൃദം നിലനിർത്തുന്ന താരങ്ങളാണ് ബാബർ അസമും വിരാട് കോലിയും. ഏഷ്യാകപ്പ് പോരാട്ടത്തിനു ശേഷം പാക്കിസ്ഥാന്റെ ഡ്രസിങ് റൂമിലേക്കു പോയി കോലി താരങ്ങളോടു സംസാരിച്ചിരുന്നു. 290 റൺസെങ്കിലും വിജയ ലക്ഷ്യം വേണ്ടിയിടത്ത് 191 റൺസ് നേടാൻ മാത്രമാണു പാക്കിസ്ഥാനു സാധിച്ചതെന്നു ബാബർ അസം ലോകകപ്പിലെ തോൽവിക്കു ശേഷം പ്രതികരിച്ചു.

‘‘ഞങ്ങൾ നന്നായി തന്നെ തുടങ്ങി. ഞാനും ഇമാമും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ തകർച്ചയിൽ ഞങ്ങള്‍ക്കു ഫിനിഷ് ചെയ്യാൻ സാധിച്ചില്ല. 280–290 ആണു പാക്കിസ്ഥാൻ ലക്ഷ്യമിട്ടിരുന്ന സ്കോർ. എന്നാൽ അതു സാധിച്ചില്ല. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മികച്ച പ്രകടനം തന്നെ നടത്തി.’’– ബാബർ അസം തോൽവിക്കു ശേഷം പ്രതികരിച്ചു.

English Summary:

Wasim Akram slams Babar Azam after India- Pakistan match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com