പാക്കിസ്ഥാൻ താരം ഗ്രൗണ്ടിൽ നമസ്കരിച്ചെന്ന് സുപ്രീംകോടതി അഭിഭാഷകൻ, ഐസിസിക്ക് പരാതി
Mail This Article
ന്യൂഡൽഹി∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‍വാനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ. നെതർലൻഡ്സിനെതിരെ ഹൈദരാബാദിൽ നടന്ന മത്സരത്തിനിടെ മുഹമ്മദ് റിസ്‍വാൻ ഗ്രൗണ്ടില്‍ വച്ച് നമസ്കരിച്ചെന്നാണ് അഭിഭാഷകന്റെ ആരോപണം. റിസ്വാന്റെ നീക്കം ‘ക്രിക്കറ്റ് സ്പിരിറ്റിനെതിരെ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന്’ അഭിഭാഷകനായ വിനീത് ജിൻഡാൽ ആരോപിക്കുന്നു.
ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേയ്ക്കാണ് വിനീത് ജിൻഡാൽ പരാതി അയച്ചത്. ശ്രീലങ്കയ്ക്കെതിരെ നേടിയ സെഞ്ചറി ഗാസയിലെ ദുരിതമനുഭവിക്കുന്നവര്‍ക്കു സമർപ്പിക്കുന്നതായി റിസ്‍വാൻ പ്രതികരിച്ചതിനെതിരെയും നേരത്തേ പരാതികളുയർന്നിരുന്നു. റിസ്‍വാന്റെ പ്രസ്താവനയ്ക്കെതിരെ ഐസിസിക്ക് പരാതി പോയിട്ടുണ്ട്.
ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെതിരെ 81 റൺസിന്റെ വിജയമാണ് പാക്കിസ്ഥാൻ നേടിയത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 286 റൺസെടുത്തപ്പോൾ, നെതർലൻഡ്സിന്റെ പോരാട്ടം 205ൽ അവസാനിച്ചു. രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാൻ ആറു വിക്കറ്റിനു ജയിച്ചു. ഹൈദരാബാദിൽ നടന്ന കളിയിൽ ശ്രീലങ്ക 345 റൺസെന്ന വിജയ ലക്ഷ്യമാണ് പാക്കിസ്ഥാനെതിരെ ഉയര്‍ത്തിയത്.
48.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ വിജയത്തിലെത്തി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ ഏഴു വിക്കറ്റു വിജയം സ്വന്തമാക്കിയിരുന്നു. 20ന് ഓസ്ട്രേലിയയ്ക്കെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം. ബെംഗളൂരുവിലാണ് കളി നടക്കുന്നത്.