സിക്സർ ഞെട്ടിച്ചു, ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് അംപയർ; മസിൽ പെരുപ്പിച്ച് കാണിച്ച് രോഹിത്
Mail This Article
അഹമ്മദാബാദ്∙ പാക്കിസ്ഥാൻ ഫാസ്റ്റ് ബോളർ ഹാരിസ് റൗഫിന്റെ പന്ത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ 90 മീറ്റർ ദൈർഘ്യമുള്ള സിക്സർ പറത്തിവിട്ടപ്പോൾ അംപയർ ഇറാസ്മസിനു സംശയം. ഇത്രയും കൂറ്റൻ സിക്സറുകൾ എങ്ങനെ അടിക്കുന്നു? ബാറ്റിൽ വല്ല രഹസ്യവുമുണ്ടോ? അതിനു മറുപടിയായി തന്റെ കയ്യിലെ മസിൽ കാട്ടി ഇതാണ് രഹസ്യമെന്നു രോഹിത് തമാശയായി അംപയറോട് ആംഗ്യം കാണിച്ചു.
ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു ശേഷം ബിസിസിഐ പുറത്തുവിട്ട വിഡിയോയിൽ രോഹിത് ഹാർദിക് പാണ്ഡ്യയോടു പറഞ്ഞതാണ് ഇക്കാര്യം. പാക്കിസ്ഥാനെ തകർത്തെറിഞ്ഞ മത്സരത്തിൽ ഇന്ത്യയെ മുന്നിൽനിന്നു നയിച്ചത് രോഹിത് ശർമയായിരുന്നു. ആറു വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തിയ രോഹിത് ശർമ 63 പന്തിൽ 86 റൺസാണു നേടിയത്. ഏഴു വിക്കറ്റ് വിജയമാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 42.5 ഓവറിൽ 191 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 30.3 ഓവറിൽ ഇന്ത്യ വിജയത്തിലെത്തി. ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ചറിയാണ് അനായാസ വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചത്. 63 പന്തുകൾ നേരിട്ട രോഹിത് ശർമ 86 റൺസെടുത്തു.
ഇന്ത്യയ്ക്കായി ശ്രേയസ് അയ്യരും അർധ സെഞ്ചറി (62 പന്തിൽ 53) തികച്ചു. ഏഴ് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണു കളിയിലെ താരം. ഷാർദൂൽ ഠാക്കൂർ ഒഴികെ പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാർക്കെല്ലാം രണ്ടു വിക്കറ്റു വീതം ലഭിച്ചു. മൂന്നു മത്സരങ്ങളും വിജയിച്ച ഇന്ത്യ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ്. ടീം ഇന്ത്യയ്ക്കു നിലവിൽ ആറു പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള ന്യൂസീലൻഡിനും ആറു പോയിന്റുണ്ടെങ്കിലും നെറ്റ് റൺറേറ്റിൽ ഇന്ത്യയാണു മുന്നിൽ.