ബാബറിന് ഇന്ത്യയെ ഭയം: പാക്കിസ്ഥാന്റെ തോൽവി സഹിക്കാതെ മുന്‍ താരങ്ങൾ; രൂക്ഷവിമർശനം
Mail This Article
ഇസ്‍ലാമബാദ്∙ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയോടു തോറ്റതിനു പിന്നാലെ, പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബര്‍ അസമിനെതിരെ രൂക്ഷവിമർശനമുയർത്തി മുൻ പാക്ക് താരങ്ങൾ. ബാബർ അസം ഇന്ത്യയെ ഭയന്നപോലെയാണു കളിച്ചതെന്നു മുന്‍ ക്യാപ്റ്റൻ മൊയീൻ ഖാൻ ആരോപിച്ചു. ഇതുതന്നെയാണ് പാക്ക് താരങ്ങളിലും പിന്നീടു കണ്ടതെന്നും മൊയീൻ ഖാൻ പ്രതികരിച്ചു.‘‘ ഒരു ക്യാപ്റ്റനെന്ന നിലയിലുള്ള നാച്ചുറല്‍ ഗെയിം പുറത്തെടുക്കാൻ ഇന്ത്യയ്ക്കെതിരെ ബാബർ അസമിനു സാധിച്ചില്ല. 58 പന്തുകളാണ് താരം നേരിട്ടത്. ബാബർ ക്രീസിലെത്തുമ്പോൾ പാക്കിസ്ഥാൻ നിലയുറപ്പിച്ച പോലെയായിരുന്നു.’’
‘‘ബാബർ കുറച്ചുകൂടി ആക്രമണം നടത്തി, റണ്ണൊഴുക്കു നിലനിർത്തുകയായിരുന്നു വേണ്ടത്. ബാബറിന്റെ പ്രകടനം ടീമിലും പ്രതിഫലിക്കുകയായിരുന്നു. ക്യാപ്റ്റൻ മികച്ച ഷോട്ടുകൾ കളിക്കാന്‍ ഭയക്കുമ്പോൾ ടീമിലും അതു കാണാന്‍ സാധിക്കും.’’– ഒരു പാക്കിസ്ഥാൻ മാധ്യമത്തോടു മൊയീൻ ഖാൻ പറഞ്ഞു. കളിയിലാകെ ബാബറിന്റെ സമീപനം കാരണം പാക്കിസ്ഥാൻ സമ്മർദത്തിലായിരുന്നെന്നും മൊയീൻ ഖാൻ ആരോപിച്ചു.
ബാബർ അസമിന് വൻ ടീമുകൾക്കെതിരെ പ്ലാൻ ബിയും സിയും ഒന്നുമില്ലെന്ന് പാക്ക് മുൻ താരം ശുഐബ് അക്തർ ആരോപിച്ചു. ‘‘ബാബർ അസമാണു കളി മുന്നോട്ടുകൊണ്ടുപോകുന്നത്. അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. പാക്കിസ്ഥാന് പ്ലാൻ ബിയും സിയും വേണം. വലിയ ടീമുകൾ പാക്കിസ്ഥാന്റെ പ്ലാൻ എയെ പ്രതിരോധിക്കുമ്പോൾ അവർക്കു മറുപടിയില്ലാതാകുന്നു.’’– മാലിക് ഒരു പാക്കിസ്ഥാൻ മാധ്യമത്തോടു പറഞ്ഞു.
ഇന്ത്യയ്ക്കെതിരെ ബാബർ അസം അര്‍ധ സെഞ്ചറി നേടിയിരുന്നു. 58 പന്തുകളിൽനിന്ന് 50 റൺസാണു ബാബർ നേടിയത്. മുഹമ്മദ് സിറാജിന്റെ പന്തിൽ ബാബർ ബോൾഡാകുകയായിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 191 റൺസിനു പുറത്തായി. മൂന്നിന് 155 റൺസ് എന്ന നിലയിൽനിന്നാണ് പാക്ക് ബാറ്റിങ് നിര തകർന്നടിഞ്ഞത്. മറുപടി ബാറ്റിങ്ങിൽ 30.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയത്തിലെത്തി.