പാർട് ടൈം സ്പോർട്സ് മാൻ, ഫുൾ ടൈം ഹസ്ബൻഡ് ആൻഡ് ഫാദർ ഓഫ് ത്രീ! ആരാധകരുടെ ചങ്കാണ് വാർണർ
Mail This Article
ഒരച്ഛൻ, ഒരമ്മ, രണ്ട് കൊച്ചു കുഞ്ഞുങ്ങൾ, ഒരു കൊച്ചു കുടുബം, സംതൃപ്തമായ കുടുംബം’– ബോയിങ് ബോയിങ് എന്ന സിനിമയിൽ ശങ്കരാടിയോടു ജഗതി ശ്രീകുമാർ പറയുന്ന ഡയലോഗ് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ കേട്ടിട്ടുണ്ടാവില്ല. ഉണ്ടായിരുന്നെങ്കിൽ വാർണർ അതുവച്ച് ഒരു റീൽ ചെയ്തേനേ! ഒരു കോടി ഫോളോവേഴ്സുള്ള വാർണറുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിറയെ മക്കളുമൊത്തുള്ള കുസൃതിത്തരങ്ങളുടെ ചറപറാ റീൽസ് ആണ്. പോരാത്തതിനു വാർണറുടെ ഇൻസ്റ്റഗ്രാം ബയോ ഇങ്ങനെ: പാർട് ടൈം സ്പോർട്സ് മാൻ, ഫുൾ ടൈം ഹസ്ബൻഡ് ആൻഡ് ഫാദർ ഓഫ് ത്രീ!
ഗ്രൗണ്ടിൽ പൂജ്യത്തിനു പുറത്തായാലും ഇൻസ്റ്റഗ്രാമിൽ വാർണറുടെ ഒരു പോസ്റ്റും സൂപ്പർ ഹിറ്റാവാതെ പോവാറില്ല. അതിനു ‘പാർട്നർഷിപ്പ്’ തീർക്കുന്നത് ഭാര്യ കാൻഡിസും മക്കളും തന്നെ. കഴിഞ്ഞ ദിവസം വാർണറും ഭാര്യയും ചേർന്ന് 3 പെൺമക്കൾക്കുമായി ‘ദ് വാർണർ സിസ്റ്റേഴ്സ്’ എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി. ഒരാഴ്ച കൊണ്ട് അതിനും കിട്ടി 46,000 ഫോളോവേഴ്സ്! ഇന്ത്യയിൽ നിന്നാണ് വാർണറുടെ ആരാധകരിലേറെയും. തെലുങ്ക് സിനിമാ താരം അല്ലു അർജുന്റെ ‘പുഷ്പ’ സിനിമയിലെ പാട്ടും ഡാൻസും അനുകരിക്കുന്ന ഓസ്ട്രേലിയൻ കുടുംബത്തെ ഇന്ത്യക്കാർ നെഞ്ചിലേറ്റാതിരിക്കുന്നതെങ്ങനെ! ഇന്ത്യയോടുള്ള വാർണറുടെ ഇഷ്ടം രണ്ടാമത്തെ മകളുടെ പേരിലുമുണ്ട്– ഇൻഡി!
ആരാധകരുമായുള്ള ‘എൻഗേജ്മെന്റ്’ ആണ് തന്റെ സമൂഹമാധ്യമ വിജയരഹസ്യം എന്നാണ് വാർണറുടെ പക്ഷം. അതിനു കാൻബറയെന്നോ കേരളമെന്നോ വ്യത്യാസമില്ല. പാലക്കാട്ടുകാരനായ ഫ്രീലാൻസ് ആർട്ടിസ്റ്റ് ലിജേഷ് വണ്ടാഴി വരച്ച തന്റെ ചിത്രം പങ്കുവച്ച് ഒരിക്കൽ വാർണർ ആരാധകരോടു ചോദിച്ചു: ‘ഈ മനോഹര ചിത്രത്തിന് ഒരു ക്യാപ്ഷൻ പറയാമോ?’പിരിച്ചുവച്ച കൊമ്പൻ മീശയും നെറ്റിയിൽ നീട്ടിവരച്ച ഭസ്മക്കുറിയും കഴുത്തിൽ കോർത്തിട്ട ഏലസ്സുമായി ‘പക്കാ ദക്ഷിണേന്ത്യൻ യുവാവിന്റെ’ രൂപത്തിൽ വരച്ച വാർണറുടെ ചിത്രം ലിജേഷ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ടാഗ് ചെയ്തു പങ്കുവച്ചത് വാർണറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ലോകത്തെ ഏതു കോണിൽ നിന്നുമുള്ളവരുമായി അനായാസമായി ഇണങ്ങുന്ന സ്വഭാവസവിശേഷതയ്ക്കു വാർണർ കടപ്പെട്ടിരിക്കുന്നത് തന്റെ കുട്ടിക്കാലത്തോടാണ്. സിഡ്നിയുടെ പ്രാന്തപ്രദേശമായ പാഡിങ്ടനിൽ ഒരു ‘മൾട്ടി കൾച്ചറൽ’ അന്തരീക്ഷത്തിലാണ് വാർണർ വളർന്നത്. ‘ഇന്ത്യക്കാരും തുർക്കിക്കാരും ലബനൻകാരും സിറിയക്കാരും ബംഗ്ലദേശുകാരും ചൈനക്കാരുമെല്ലാം ചെറുപ്പത്തിലേ പരിചയക്കാരായിരുന്നു’– വാർണർ ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യക്കാരനെപ്പോലെ ജീവിക്കാൻ വാർണർക്കു കഴിയുന്നതിന്റെ രഹസ്യം മനസ്സിലായല്ലോ..!