ADVERTISEMENT

അഹമ്മദാബാദ് ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വമ്പൻ ജയം നേടി ലോകകപ്പ് സെമിയിൽ കടക്കാമെന്ന അതിമോഹം ഒന്നുമില്ലായിരുന്നെങ്കിലും പൊരുതിനോക്കിയതിന്റെ അഭിമാനവുമായി അഫ്ഗാനിസ്ഥാന് തലയുയർത്തി തന്നെ ലോകകപ്പിൽനിന്നു മടങ്ങാം. അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ച് വിക്കറ്റിനാണ് അഫ്ഗാൻ തോറ്റത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം 47.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്.

പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ഇതോടെ 14 പോയിന്റായി. എട്ടു പോയിന്റുള്ള അഫ്ഗാനിസ്ഥാൻ ആറാം സ്ഥാനത്താണ്. കുറഞ്ഞത് 434 റൺസിനെങ്കിലും ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാൽ മാത്രമേ അഫ്ഗാന് സെമിയിൽ പ്രവേശിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ആദ്യ ബാറ്റ് ചെയ്തപ്പോൾ ടീം ടോട്ടൽ ചുരുങ്ങിയപ്പോൾ തന്നെ അഫ്ഗാന്‍ പ്രതീക്ഷകൾക്ക് അവസാനമായിരുന്നു.

റസ്സീ വാൻഡർ ദസ്സൻ (95 പന്തിൽ 76*), ക്വിന്റൻ ഡികോക്ക് (47 പന്തിൽ 41), ആൻഡിൽ പെഹ്‌ലുക്‌വായോ (37 പന്തിൽ 39) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ ഡികോക്ക്– ബവുമ സഖ്യം 64 റൺസ് കൂട്ടിച്ചേർത്തു. 28 പന്തിൽ 23 റൺസെടുത്ത ബവുമയെ 11–ാം ഓവറിൽ മുജീബുർ റഹ്മാൻ പുറത്താക്കി.

പിന്നീട് ക്വിന്റൻ ഡികോക്ക്, എയ്ഡൻ മാർക്രം (32 പന്തിൽ 25), ഹെയ്ൻറിച്ച് ക്ലാസൻ (13 പന്തിൽ 10), ഡേവിഡ് മില്ലർ (33 പന്തിൽ 24) എന്നിവരുടെ വിക്കറ്റും വീണെങ്കിലും ആറാം വിക്കറ്റിൽ ഒത്തുചേർന്ന വാൻഡർ ദസ്സൻ– പെഹ്‌ലുക്‌വായോ സഖ്യം ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനായി മുഹമ്മദ് നബി, റാഷിദ് ഖാൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും മുജീബുർ റഹ്മാൻ ഒരു വിക്കറ്റും വീഴ്ത്തി.

∙ സർവ്വം ഒമർസായി

അർധ സെഞ്ചറി നേടിയ അസ്മത്തുല്ല ഒമർസായിയുടെ മികവിലാണ് ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ 245 റൺസിന്റെ വിജയലക്ഷ്യം അഫ്ഗാനിസ്ഥാൻ ഉയർത്തിയത്. ഒരുഘട്ടത്തിൽ 6ന് 116 എന്ന നിലയിൽ തകർച്ച നേരിട്ട അഫ്ഗാനിസ്ഥാനെ ഒമർസായ് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. ഒമർസായ് ഒഴികെ അഫ്ഗാന്‍ നിരയിൽ മറ്റാർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല. 50 ഓവറിൽ 244 റൺസെടുത്ത അഫ്ഗാനിസ്ഥാൻ ഓൾ ഔട്ടായി. 107 പന്തു നേരിട്ട ഒമർസായ് 97 റൺസെടുത്ത് പുറത്താവാതെ നിന്നു. അഫ്ഗാൻ നിരയിലെ ആറ് ബാറ്റർമാർ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡികോക്കിന് ക്യാച്ച് നൽകിയാണ് പുറത്തായത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് സ്കോർ 41ൽ നിൽക്കേ ഓപ്പണർമാരെ നഷ്ടമായി. 22 പന്തിൽ 25 റൺസ് നേടിയ റഹ്മത്തുല്ല ഗുർബാസാണ് ആദ്യം മടങ്ങിയത്. കേശവ് മഹാരാജിന്റെ പന്തിൽ ഹെയ്ൻറിച്ച് ക്ലാസന് ക്യാച്ച് നൽകിയാണ് ഗുർബാസ് പുറത്തായത്. തൊട്ടടുത്ത ഓവറിൽ ജെറാൾഡ് കോട്സീയുടെ പന്തിൽ വിക്കറ്റ് കീപ്പറിന് ക്യാച്ച് നൽകി ഇബ്രാഹിം സദ്രാനും (30 പന്തിൽ 15) മടങ്ങി. ക്യാപ്റ്റൻ ഹഷ്മത്തുല്ല ഷഹിദി (7 പന്തിൽ 2) നിരാശപ്പെടുത്തി.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ അസ്മത്തുല്ല ഒമർസായിയുടെ ബാറ്റിങ് (Photo: X/ @ACBOfficial)
ദക്ഷിണാഫ്രിക്കയ്ക്കെതിരെ അസ്മത്തുല്ല ഒമർസായിയുടെ ബാറ്റിങ് (Photo: X/ @ACBOfficial)

പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും റഹ്മത്ത് ഷാ 26 റൺസുമായി മടങ്ങി. മധ്യനിരയിൽ ഇക്രം അലിഖിൽ (14 പന്തിൽ 12), മുഹമ്മദ് നബി (3 പന്തിൽ 2), റാഷിദ് ഖാൻ (30 പന്തിൽ 14) എന്നിവർക്കും വലിയ സ്കോർ കണ്ടെത്താനായില്ല. ഒൻപതാമനായി ഇറങ്ങിയ നൂർ അഹമ്മദിനൊപ്പം ഒമർസായ് ടീം സ്കോർ 200 കടത്തി. 32 പന്തിൽ 26 റൺസെടുത്ത നൂർ അഹമ്മദ് 46–ാം ഓവറിൽ പുറത്തായി. 50–ാം ഓവറിലെ അവസാന പന്തിൽ നവീൻ ഉൽ ഹഖ് റണ്ണൗട്ട് ആയതോടെ അഫ്ഗാൻ ഇന്നിങ്സിന് തിരശീല വീണു.

107 പന്തു നേരിട്ട ഒമർസായ് 3 സിക്സും 7 ഫോറും ഉൾപ്പെടെയാണ് 97 റൺസ് സ്വന്തമാക്കിയത്. അവസാന ഓവർ വരെ സെഞ്ചറി പ്രതീക്ഷിച്ചെങ്കിലും ആരാധകർക്ക് നിരാശപ്പെടേണ്ടിവന്നു. ടൂർണമെന്റിൽ ഒമർസായിയുടെ മൂന്നാം അർധ സെഞ്ചറിയാണിത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ജെറാൾഡ് കോട്സീ 4 വിക്കറ്റു വീഴ്ത്തി. ലുംഗി എൻഗിഡി, കേശവ് മഹാരാജ് എന്നിവർ രണ്ടു വീതവും പെഹ്‌ലുക്‌വായോ ഒരു വിക്കറ്റും നേടി.

കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് അഫ്ഗാനിസ്ഥാൻ മത്സരത്തിനിറങ്ങിയത്. രണ്ട് മാറ്റങ്ങളുമായി ഇറങ്ങുന്ന ദക്ഷിണാഫ്രിക്ക മാർകോ യാൻസൻ, തബ്രയ്സ് ഷംസി എന്നിവർക്ക് വിശ്രമമനുവദിച്ചു. ജെറാൾഡ് കോട്സി, ആൻഡിൽ പെഹ്‌ലുക്‌വായോ എന്നിവർ ടീമിൽ തിരിച്ചെത്തി.

∙ പ്ലേയിങ് ഇലവന്‍

അഫ്ഗാനിസ്ഥാൻ – റഹ്മത്തുല്ല ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുല്ല ഷാഹിദി, അസ്മത്തുല്ല ഒമർസായ്, ഇക്രം അലിഖിൽ, മുഹമ്മദ് നബി, റാഷിദ് ഖാൻ, മുജീബുർ റഹ്മാൻ, നൂർ അഹമ്മദ്, നവീൻ ഉൽ ഹഖ്.

ദക്ഷിണാഫ്രിക്ക – ക്വിന്റൻ ഡികോക്ക്, ടെംബ ബവുമ, റസ്സീ വാൻഡർദസ്സൻ, എയ്ഡൻ മാർക്രം, ഹെയ്ൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, ആൻഡിൽ പെഹ്‌ലുക്‌വായോ, ജെറാൾഡ് കോട്സി, കേശവ് മഹാരാജ്, കഗിസോ റബാഡ, ലുങ്കി എൻഗിഡി.

English Summary:

South Africa vs Afghanistan ICC ODI World Cup Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com