ശ്രീലങ്കൻ ക്രിക്കറ്റിനു വിലക്കേർപ്പെടുത്തി ഐസിസി; നടപടി ബോർഡിലെ സർക്കാർ ഇടപെടൽ മൂലം
Mail This Article
മുംബൈ∙ ശ്രീലങ്കൻ ക്രിക്കറ്റിന് (എസ്‌എൽസി) വിലക്കേർപ്പെടുത്തി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി). ക്രിക്കറ്റ് ബോർഡിൽ സർക്കാർ ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഡ് ചെയ്തത്. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ എസ്‌എൽസിയെ സർക്കാർ പിരിച്ചുവിടുകയും പകരം മുൻ ശ്രീലങ്കൻ താരം അർജുന രണതുംഗയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണ സമിതിക്കു ചുമതല നൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കോടതി ഈ നടപടി സ്റ്റേ ചെയ്തു.
ക്രിക്കറ്റ് ബോർഡുകളിൽ സർക്കാർ ഇടപെടൽ പാടില്ലെന്ന ഐസിസി ചട്ടം ലംഘിച്ചതിനാലാണ് ബോർഡിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഐസിസി ബോർഡ് ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം. ക്രിക്കറ്റ് ബോർഡുകൾ സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കണമെന്നാണ് ഐസിസി നിയമം. വിലക്കേർപ്പെടുത്തിയതോടെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ രാജ്യാന്തര മത്സരങ്ങളുടെ കാര്യം അനിശ്ചിത്വത്തിലായി. ലോകകപ്പിലെ ഒൻപതു മത്സരങ്ങളിൽ ഏഴും തോറ്റ ലങ്ക, ടൂർണമെന്റിൽനിന്നു പുറത്തായിരുന്നു.
സസ്പെൻഷന്റെ വ്യവസ്ഥകൾ പിന്നീട് തീരുമാനിക്കുമെന്ന് ഐസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു. നവംബർ 21നു ഐസിസി ബോർഡ് യോഗം അഹമ്മദാബാദിൽ ചേരുന്നുണ്ട്. 2024 ജനുവരിയിലും ഫെബ്രുവരിയിലുമായി നടക്കുന്ന ഐസിസി അണ്ടർ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത് ശ്രീലങ്കയാണ്. ഐസിസി വിലേക്കേർപ്പെടുത്തിയതോടെ ഇക്കാര്യം സംബന്ധിച്ചും യോഗത്തിൽ തീരുമാനമുണ്ടാകും.