ADVERTISEMENT

കൊൽക്കത്ത∙ ഹെൻറിച് ക്ലാസന്റെ ‘മാസ്’ അടിക്കും ഹൈദാരാബാദിനെ രക്ഷിക്കാനായില്ല. അവസാന പന്തു വരെ ആവേശം നീണ്ടുനിന്ന ത്രില്ലർ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നാലു റൺസ് ജയം. കൊൽക്കത്ത ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇന്നിങ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 204 റൺസിൽ അവസാനിച്ചു. അവസാന ഓവറുകളിൽ ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച് ക്ലാസന്റെ (29 പന്തിൽ 63*) വെടിക്കെട്ട് ബാറ്റിങ്ങാണ് ഹൈദരാബാദിനെ ജയത്തിന്റെ പടിവാതിക്കൽ വരെ എത്തിച്ചത്.

അവസാന നാല് ഓവറിൽ മാത്രം 71 റൺസാണ് ഹൈദരാബാദ് അടിച്ചുകൂട്ടിയത്. അവസാന ഓവറിൽ 13 റൺസാണ് ജയത്തിലേക്ക് വേണ്ടിയിരുന്നതെങ്കിലും എട്ടു റൺസ് മാത്രമാണ് ഹൈദരാബാദിനു നേടാനായത്. ഇതോടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ പാറ്റ് കമിൻസിന് തോൽവി രുചിക്കേണ്ടി വന്നു. മറുപടി ബാങ്ങിൽ മികച്ച തുടക്കമാണ് ഹൈദരാബാദിനു ലഭിച്ചത്. ഓപ്പണർമാരായ മയാങ്ക അഗർവാൾ (21 പന്തിൽ 32), അഭിഷേക് ശർമ (19 പന്തിൽ 32) എന്നിവർ ചേർന്ന് ഒന്നാം വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്തു.

പിന്നീടെത്തിയ രാഹുൽ ത്രിപാഠി (20 പന്തിൽ 20), എയ്ഡൻ മാർക്രം (13 പന്തിൽ 18) തുടങ്ങിയവർ കാര്യമായ സംഭാവന നൽകാതിരുന്നത് ഹൈദരാബാദിന്റെ സ്കോറിങ്ങിനെ ബാധിച്ചു. നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി കൊൽക്കത്ത ബോളർമാർ സമ്മർദം നൽകുകയും ചെയ്തു. റസ്സൽ എറിഞ്ഞ 17–ാം ഓവറിൽ 16 റൺസ് നേടിയതോടെയാണ് ഹൈദരാബാദ് ട്രാക്കിലായത്. തൊട്ടടുത്ത ഓവറിൽ 21 റൺസും അതിനടുത്ത ഓവറിൽ 26 റൺസും ഹൈദരാബാദ് നേടി. എന്നാൽ അവസാന ഓവറിൽ ജയം എത്തിപ്പിടിക്കാനായില്ലെന്ന് മാത്രം. കൊൽക്കത്തയ്ക്കായി ഹർഷിത് റാണ മൂന്നു വിക്കറ്റും ആന്ദ്രെ റസ്സൽ രണ്ടു വിക്കറ്റും വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

∙ റസ്സൽ ‘റൈഡ്’

സാൾട്ട് തുടങ്ങിവച്ചത് റസ്സൽ തീർത്തു. തുടക്കവും ഒടുക്കവും ഭംഗിയാക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഐപിഎൽ പതിനേഴാം സീസണിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 208 റൺസ്. അർധസെഞ്ചറി നേടിയ ഓപ്പണർ ഫിൽ സാൾട്ട് (40 പന്തിൽ 54), അവസാന ഓവറുകളിൽ കൂറ്റൻ അടികളുമായി കളംനിറഞ്ഞ ആന്ദ്രെ റസ്സൽ (25 പന്തിൽ 64*) എന്നിവരുടെ ബാറ്റിങ്ങാണ് കൊൽക്കത്തയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. അവസാന അഞ്ച് ഓവറിൽ മാത്രം 85 റൺസാണ് കൊൽക്കത്ത അടിച്ചൂകൂട്ടിയത്. ഇതിൽ 62 റൺസും നേടിയത് റസ്സൽ തന്നെ. ഏഴു സിക്സും മൂന്നു ഫോറുമാണ് റസ്സലിന്റെ ബാറ്റിൽനിന്നു പിറന്നത്. 19–ാം ഓവറിൽ മാത്രം 26 റൺസ് നേടി.

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആന്ദ്രെ റസ്സലിന്റെ ബാറ്റിങ്. ചിത്രം: X/KKR
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആന്ദ്രെ റസ്സലിന്റെ ബാറ്റിങ്. ചിത്രം: X/KKR

ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസ് കൊൽക്കത്തെയ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ സുനിൽ നരെയ്നെ (2) കൊൽക്കത്തയ്ക്കു നഷ്ടമായെങ്കിൽ മറ്റൊരു ഓപ്പണർ ഫിൽ സാൾട്ട് ഇന്നിങ്സ് മുന്നോട്ട് നയിച്ചു. കൊൽക്കത്തയ്ക്കായി അരങ്ങേറ്റം കുറിച്ച സാൾട്ട്, ആദ്യ മത്സരത്തിൽ തന്നെ അർധസെഞ്ചറി നേടുകയും ചെയ്തു.

വെങ്കടേഷ് അയ്യർ (7), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (പൂജ്യം), നിതീഷ് റാണ (9) എന്നിവർ തിളങ്ങാതായതോടെ മധ്യഓവറുകളിൽ കൊൽക്കത്ത പരുങ്ങി. രമൺദീപ് സിങ്ങിന്റെ (17 പന്തിൽ 35) ബാറ്റിങ്ങാണ് ഈ സമയത്ത് കൊൽക്കത്തയ്ക്ക് തുണയായത്. ഏഴാം വിക്കറ്റിൽ റസ്സലും റിങ്കു സിങ്ങും (15 പന്തിൽ 23) ഒന്നിച്ചതോടെ കൊൽക്കത്ത മത്സരത്തിലേക്ക് തിരിച്ചുവന്നു. അവസാന ഓവറിൽ റിങ്കു പുറത്തായതിനു പിന്നാലെ എത്തിയ മിച്ചൽ സ്റ്റാർക്ക് (6*) പുറത്താകാതെനിന്നു. ഹൈദരാബാദിനായി ടി.നടരാജൻ മൂന്നു വിക്കറ്റും മയാങ്ക് മാർക്കണ്ഡെ രണ്ടും പാറ്റ് കമ്മിൻസ് ഒരു വിക്കറ്റും വീഴ്ത്തി.

∙പ്ലേയിങ് ഇലവൻ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: വെങ്കടേഷ് അയ്യർ, ഫിൽ സാൾട്ട്, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), റിങ്കു സിങ്, നിതീഷ് റാണ, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ, രമൺദീപ് സിങ്, മിച്ചൽ സ്റ്റാർക്ക്, ഹർഷിത് റാണ, വരുൺ ചക്രവർത്തി

സൺറൈസേഴ്സ് ഹൈദരാബാദ്: മയാങ്ക് അഗർവാൾ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്റാം, ഹെൻറിച് ക്ലാസൻ, അബ്ദുൽ സമദ്, ഷഹബാസ് അഹമ്മദ്, മാർകോ ജാൻസൻ, പാറ്റ് കമിൻസ് (ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ, മയാങ്ക് മാർക്കണ്ഡെ, ടി. നടരാജൻ

English Summary:

IPL 2024, Kolkata Knight Riders vs Sunrisers Hyderabad Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com