വീണ്ടും തല്ലുവാങ്ങി ഹർഷൽ, അവസാന ഓവറിൽ 25 റൺസ്; ആരാണ് അഭിഷേക് പൊറൽ?
Mail This Article
മുല്ലൻപുർ∙ ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവിൽ ഋഷഭ് പന്ത് നിരാശപ്പെടുത്തിയപ്പോൾ, അവസാന ഓവറിൽ ആരാധകരെ ത്രില്ലടിപ്പിച്ച് 21 വയസ്സുകാരൻ അഭിഷേക് പൊറൽ. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിന്റെ താരമാണ് അഭിഷേക്. ഇംപാക്ട് പ്ലേയറായെത്തിയ അഭിഷേക് 10 പന്തുകളിൽനിന്ന് 32 റൺസെടുത്തു പുറത്താകാതെനിന്നു. ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ താരം അടിച്ചെടുത്തത് 25 റൺസ്. രണ്ടു സിക്സുകളും മൂന്നു ഫോറുകളും ഈ ഓവറിൽ ബൗണ്ടറി കടന്നു.
എട്ടിന് 147 എന്ന നിലയിൽനിന്ന് ബാറ്റിങ് അവസാനിപ്പിക്കുമ്പോൾ 174 റൺസെന്ന സുരക്ഷിതമായ നിലയിലേക്ക് ഡൽഹി എത്തിയതിന്റെ ക്രെഡിറ്റ് മുഴുവൻ ബംഗാളിന്റെ ഈ യുവ താരത്തിന് അവകാശപ്പെട്ടതാണ്. രഞ്ജി ട്രോഫിയിലടക്കം ബംഗാളിനായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരമാണ് അഭിഷേക്. 2023 സീസണിലും ഡല്‍ഹി ക്യാപിറ്റൽസിലാണ് അഭിഷേക് കളിച്ചത്. ഇന്ത്യൻ അണ്ടർ 19 ടീമിൽ കളിച്ചിട്ടുള്ള ഇഷാൻ പൊറലിന്റെ സഹോദരനാണ്.
ഇംപാക്ട് പ്ലേയറായി ഇറങ്ങാൻ നേരത്തേ തന്നെ നിർദേശം ലഭിച്ചിരുന്നതായി അഭിഷേക് ബാറ്റിങ്ങിനു ശേഷം പ്രതികരിച്ചു. ‘‘എങ്ങോട്ടായാലും പന്ത് അടിച്ചു പറത്തുക എന്നതു മാത്രമായിരുന്നു അവസാന പന്തുകളിലെ ലക്ഷ്യം. പന്ത് എങ്ങനെയെറിഞ്ഞാലും ബൗണ്ടറി ലക്ഷ്യമിടാൻ ഞാൻ തയാറായിരുന്നു.’’– അഭിഷേക് പൊറൽ വ്യക്തമാക്കി.
നാല് ഓവറുകൾ പന്തെറിഞ്ഞ പഞ്ചാബ് കിങ്സ് ബോളർ ഹർഷൽ പട്ടേൽ 47 റൺസാണ് മത്സരത്തിൽ ആകെ വഴങ്ങിയത്. രണ്ടു വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും 20–ാം ഓവറിൽ 25 റൺസ് വഴങ്ങിയതു താരത്തിനു തിരിച്ചടിയായി. 2021 ഐപിഎല്ലില്‍ രവീന്ദ്ര ജഡേജ അവസാന ഓവറിൽ 37 റൺസ് അടിക്കുമ്പോഴും ഹർഷൽ പട്ടേൽ തന്നെയായിരുന്നു ബോളര്‍. അന്ന് ആർസിബിയുടെ താരമായിരുന്നു ഹർഷൽ.
അതേസമയം ഋഷഭ് പന്ത് 13 പന്തിൽ 18 റൺസെടുത്തു പുറത്തായി. ബൗണ്ടറികൾ കണ്ടെത്തി നിലയുറപ്പിക്കാൻ ശ്രമിച്ച ഡൽഹി ക്യാപ്റ്റൻ, ഹര്‍ഷൽ പട്ടേലിന്റെ പന്തിൽ ജോണി ബെയർസ്റ്റോ ക്യാച്ചെടുത്താണു പുറത്തായത്. വാഹനാപകടത്തിൽ പരുക്കേറ്റതിനു ശേഷം പന്ത് കളിക്കാനിറങ്ങുന്ന ആദ്യ മത്സരമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണു നേടിയത്.