വാക്കു പാലിച്ച് ആനന്ദ് മഹീന്ദ്ര, സർഫറാസ് ഖാന്റെ പിതാവിന് മഹീന്ദ്ര ഥാർ സമ്മാനം നൽകി
Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാന്റെ പിതാവും ക്രിക്കറ്റ് പരിശീലകനുമായ നൗഷാദ് ഖാന് മഹീന്ദ്ര ഥാർ സമ്മാനം നൽകി മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര. സർഫറാസ് ഖാൻ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചതിനു പിന്നാലെ നൗഷാദ് ഖാന് ഥാർ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. മകനെ ഇന്ത്യൻ ടീമിലെത്തിക്കാൻ നൗഷാദ് നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് ബിസിസിഐ തയാറാക്കിയ വിഡിയോ പങ്കുവച്ചാണ് ആനന്ദ് മഹീന്ദ്ര ഈ പ്രഖ്യാപനം നടത്തിയത്.
കുട്ടിക്കാലം മുതൽ നൗഷാദ് ഖാനു കീഴിലാണ് സർഫറാസ് ക്രിക്കറ്റ് പരിശീലനം നടത്തിയത്. നൗഷാദിനൊപ്പം പുതിയ വാഹനം ഏറ്റുവാങ്ങാൻ സർഫറാസ് ഖാനും എത്തിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലും സർഫറാസ് അർധ സെഞ്ചറി തികച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളിൽ താരം കളിച്ചു. ടെസ്റ്റ് പരമ്പര ഇന്ത്യ 4–1ന് വിജയിച്ചിരുന്നു. പിന്നാലെ സർഫറാസിന് ബിസിസിഐ വാർഷിക കരാറും അനുവദിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്കു വേണ്ടി വർഷങ്ങളായി കളിക്കുന്ന സർഫറാസിന് നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യൻ ടീമിലേക്കു സിലക്ഷന്‍ ലഭിക്കുന്നത്. സർഫറാസിന്റെ സഹോദരൻ മുഷീർ ഖാന്‍ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമാണ്.