ആദ്യം സഞ്ജു ‘രക്ഷപെടുത്തി’, ക്യാച്ച് പാഴാക്കി മുഹ്സിൻ; പരാഗിനെ പുറത്താക്കിയത് മൂന്നാം അവസരത്തിൽ
Mail This Article
ജയ്പൂർ∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ക്രുണാൽ പാണ്ഡ്യയുടെ പന്തിൽ പുറത്താകാതെ രക്ഷപെട്ട് രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനു വേണ്ടി നാലാമനായാണ് റിയാൻ പരാഗ് ക്രീസിലെത്തിയത്. മുൻപ് ഫിനിഷർ റോളിൽ കളിച്ചിരുന്ന പരാഗിനെ രാജസ്ഥാൻ നാലാം നമ്പരിൽ പരീക്ഷിക്കുകയായിരുന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിൽ അടക്കം റിയാൻ പരാഗ് അസമിനു വേണ്ടി ടോപ് ഓർഡറിൽ ഇറങ്ങി തിളങ്ങിയിരുന്നു. ലക്നൗവിനെതിരെ ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പരാഗിനെ പുറത്താക്കാൻ ക്രുണാൽ പാണ്ഡ്യയ്ക്ക് അവസരം ലഭിച്ചത്. പരാഗിന്റെ ബാറ്റിൽനിന്നുള്ള ദുർബലമായ ഷോട്ട് ലക്നൗ സ്പിന്നർക്ക് അനായാസം പിടിച്ചെടുക്കാമായിരുന്നു.
എന്നാൽ നോൺ സ്ട്രൈക്കറായിരുന്ന രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണിനെ മറികടന്ന് ക്രുണാലിനു പന്തു കൈക്കലാക്കാൻ സാധിച്ചില്ല. സഞ്ജുവിന്റെ ഭാഗത്ത് ഇക്കാര്യത്തിൽ പിഴവൊന്നുമുണ്ടായിരുന്നില്ല. സഞ്ജുവിന്റെ േദഹത്തു തട്ടിയ ക്രുണാല്‍, രാജസ്ഥാൻ ക്യാപ്റ്റനെ കെട്ടിപ്പിടിച്ചു. തുടർന്ന് ചിരിച്ചുകൊണ്ട് അടുത്ത പന്ത് എറിയാൻ മടങ്ങി.
29 റൺസെടുത്തു നിൽക്കെ റിയാൻ പരാഗിനെ ക്യാച്ചെടുത്തു പുറത്താക്കാനുള്ള മറ്റൊരു അവസരം മുഹ്സിൻ ഖാനും പാഴാക്കി. മത്സരത്തിൽ റിയാൻ പരാഗ് 29 പന്തിൽ 43 റൺസെടുത്തു പുറത്തായി. നവീൻ ഉൾ ഹഖിന്റെ പന്തിൽ പകരക്കാരൻ ഹൂഡ ക്യാച്ചെടുത്താണ് പരാഗ് മടങ്ങിയത്.