കൊൽക്കത്തയുടെ മത്സരത്തിനിടെ സ്റ്റേഡിയത്തിലിരുന്നു പുകവലിച്ചു, വിവാദത്തിലായി നടൻ ഷാറുഖ് ഖാൻ
Mail This Article
കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആദ്യ മത്സരത്തിനിടെ വിവാദത്തിലായി ടീം ഉടമയും ബോളിവുഡ് താരവുമായ ഷാറുഖ് ഖാൻ. മത്സരത്തിനിടെ ഗാലറിയിലിരുന്ന് ഷാറുഖ് ഖാന്‍ പുകവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതോടെ ബോളിവുഡ് താരത്തിനെതിരെ വിമർശനം കടുക്കുകയാണ്.
ആരാധകർക്ക് ഗാലറിയില്‍നിന്ന് ഷാറുഖ് ഫ്ലൈയിങ് കിസ് നൽകുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മുൻപും സ്റ്റേഡിയത്തിലിരുന്നു പുകവലിച്ചതിന്റെ പേരിൽ ഷാറുഖ് വിവാദത്തിലായിട്ടുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 4 റൺസ് ജയമാണു മത്സരത്തിൽ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ആന്ദ്രെ റസലിന്റെ കരുത്തിൽ (25 പന്തിൽ 64 നോട്ടൗട്ട്) 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടിയപ്പോൾ ഹെയ്ൻറിച്ച് ക്ലാസന്റെ (29 പന്തിൽ 63) കൗണ്ടർ അറ്റാക്കിന്റെ ബലത്തിൽ തിരിച്ചടിച്ച ഹൈദരാബാദിന്റെ പോരാട്ടം 204 റൺസിൽ അവസാനിച്ചു. ഹർഷിത് റാണ എറിഞ്ഞ അവസാന ഓവറിൽ 13 റൺസായിരുന്നു ഹൈദരാബാദിന് ജയിക്കാൻ ആവശ്യം. ആദ്യ പന്തിൽ സിക്സ് നേടിയ ക്ലാസൻ രണ്ടാം പന്തിൽ സിംഗിൾ എടുത്ത് സ്ട്രൈക്ക് കൈമാറി.
അടുത്ത പന്തിൽ ഷഹബാസ് അഹമ്മദ് (16) പുറത്ത്. അടുത്ത പന്തിൽ മാർകോ യാൻസൻ സിംഗിൾ നേടിയതോടെ വീണ്ടും ക്ലാസൻ സ്ട്രൈക്കിൽ. എന്നാൽ അഞ്ചാം പന്തിൽ ക്ലാസനെ പുറത്താക്കിയ റാണ, കൊൽക്കത്തയ്ക്ക് വിജയപ്രതീക്ഷ നൽകി. അവസാന പന്തിൽ ജയിക്കാൻ 5 റൺസ്. സ്ട്രൈക്ക് എടുത്ത ക്യാപ്റ്റൻ പാറ്റ് കമിൻസിന് റൺസ് നേടാനായില്ല. അങ്ങനെ ആവേശപ്പോരാട്ടത്തിൽ കൊൽക്കത്തയ്ക്ക് 4 റൺസ് ജയം.