തോറ്റതിനു പിന്നാലെ ഹാർദിക് പാണ്ഡ്യയെ ശകാരിച്ച് രോഹിത് ശർമ; നോക്കിനിന്ന് ആകാശ് അംബാനി
Mail This Article
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ തോൽവി വഴങ്ങിയതിനു പിന്നാലെ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ശകാരിച്ച് രോഹിത് ശർമ. തോൽവിക്കു ശേഷം രോഹിത്തിനെ ഹാർദിക് കെട്ടിപ്പിടിക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം. ഏറെ നേരം ഗ്രൗണ്ടിൽവച്ചു സംസാരിച്ച ശേഷമാണ് ഇരുവരും പിരിഞ്ഞത്. മുംബൈ ഇന്ത്യൻസ് ടീം ഉടമ ആകാശ് അംബാനി അടുത്തുനിൽക്കെയാണ് ഹാർദിക് പാണ്ഡ്യയെ രോഹിത് ശകാരിച്ചത്.
രോഹിത് ഹാർദിക് പാണ്ഡ്യയെ ശകാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മുംബൈ ഇന്ത്യൻസിന്റെ പുതിയ ക്യാപ്റ്റനായ പാണ്ഡ്യയ്ക്കു കീഴിലാണ് രോഹിത് ഇന്നലെ കളിച്ചത്. വർഷങ്ങളായി മുംബൈയെ നയിച്ചിരുന്ന രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ടീം മാനേജ്മെന്റ് മാറ്റിയത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയെ കോടികളെറിഞ്ഞ് മുംബൈ സ്വന്തമാക്കുകയായിരുന്നു.
മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനം കൂടി തനിക്കു വേണമെന്ന് ഹാർദിക് പാണ്ഡ്യ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് രോഹിത് ശർമയെ നീക്കിയത്. കഴിഞ്ഞ രണ്ടു സീസണുകളിൽ ഗുജറാത്തിനെ നയിച്ച ഹാർദിക് പെട്ടെന്ന് ടീം വിട്ടത് ഗുജറാത്ത് ആരാധകർക്കും രസിച്ചിട്ടില്ല. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആരാധകർ പാണ്ഡ്യയ്ക്കെതിരെ നിരന്തരം ചാന്റുകൾ ഉയര്‍ത്തി.
ഗാലറിയിൽനിന്ന് ആരാധകർ രോഹിത് ശർമയുടെ പേരു വിളിക്കുന്നതും മത്സരത്തിനിടെ കേൾക്കാമായിരുന്നു. ഫീൽഡ് സെറ്റ് ചെയ്യുന്നതിനിടെ രോഹിത് ശർമയോട് ഹാർദിക് പാണ്ഡ്യ മര്യാദയില്ലാതെ പെരുമാറിയെന്നും പരാതി ഉയർന്നു. മത്സരത്തിൽ ആറു റൺസ് വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 168 റൺസായിരുന്നു. മറുപടി ബാറ്റിങ്ങിൽ മുംബൈയ്ക്ക് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുക്കാനേ സാധിച്ചുള്ളൂ.