ADVERTISEMENT

ബെംഗളൂരു ∙ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നലെ ബൗണ്ടറികൾ വാരിപ്പൂശി ഹോളി ആഘോഷിക്കാനാണ് വിരാട് കോലി തീരുമാനിച്ചത്. ഫിനിഷിങ് ടച്ചുമായി ദിനേശ് കാർത്തിക്കും പരിപാടി കളറാക്കിയതോടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് കാര്യങ്ങൾ എളുപ്പമായി. തുടക്കവും ഒടുക്കവും ഒരുപോലെ മിന്നിച്ച ബെംഗളൂരു, ഐപിഎൽ 17–ാം സീസണിൽ തങ്ങളുടെ ആദ്യ ജയം ഇങ്ങെടുത്തു.

സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ 4 വിക്കറ്റിനായിരുന്നു ബെംഗളൂരുവിന്റെ ജയം. സ്കോർ: പഞ്ചാബ് 20 ഓവറിൽ 6ന് 176. ബെംഗളൂരു 19.2 ഓവറിൽ 6ന് 178. അർധ സെഞ്ചറിയുമായി ടീമിന്റെ വിജയക്കുതിപ്പിനു ചുക്കാൻ പിടിച്ച വിരാട് കോലിയാണ് (49 പന്തിൽ 77) പ്ലെയർ ഓഫ് ദ് മാച്ച്.

കോലി ഷോ‌

177 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബെംഗളൂരു ആരാധകർ ഇന്നിങ്സിന്റെ രണ്ടാം പന്തിൽ തന്നെ ഒന്നു വിറച്ചതാണ്. സാം കറൻ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് വിരാട് കോലിയുടെ ബാറ്റിൽ ഉരസി സ്ലിപ്പിൽ ജോണി ബെയർസ്റ്റോയുടെ കൈകളിലേക്കു ചെന്നുകയറിയെങ്കിലും പന്ത് കൈപ്പിടിയിൽ ഒതുക്കാൻ ബെയർസ്റ്റോയ്ക്കു സാധിച്ചില്ല. പിന്നീടങ്ങോട്ട് കോലി ഷോയ്ക്കാണ് ചിന്നസ്വാമി സാക്ഷ്യം വഹിച്ചത്. ഒരറ്റത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും തന്റെ ക്ലാസിക് ഷോട്ടുകളുമായി കോലി റൺറേറ്റ് താഴെപ്പോകാതെ നോക്കി. 49 പന്തിൽ 11 ഫോറും 2 സിക്സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്.

16–ാം ഓവറിൽ കോലി പുറത്താകുമ്പോൾ 24 പന്തിൽ 47 റൺസായിരുന്നു ബെംഗളൂരുവിന് ജയിക്കാൻ ആവശ്യം. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ദിനേശ് കാർത്തികും (10 പന്തിൽ 28 നോട്ടൗട്ട്) ഇംപാക്ട് പ്ലെയർ മഹിപാൽ ലോംറോറും (8 പന്തിൽ 17 നോട്ടൗട്ട്) 4 പന്തുകൾ ശേഷിക്കെ ബെംഗളൂരുവിനെ ലക്ഷ്യത്തിലെത്തിച്ചു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ ക്യാപ്റ്റൻ ശിഖർ ധവാന്റെ ഇന്നിങ്സാണ് (37 പന്തിൽ 45 റൺസ്) ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ബെംഗളൂരുവിനു വേണ്ടി മുഹമ്മദ് സിറാജും ഗ്ലെൻ മാക്സ്‌വെലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

English Summary:

Royal Challengers Bengaluru beat Punjab Kings in IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com