ഷഹീൻ അഫ്രീദിയെ പുറത്താക്കി, ബാബർ അസമിനെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി വീണ്ടും നിയമിച്ചു
Mail This Article
ഇസ്‍ലാമബാദ്∙ ബാബർ അസമിനെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി വീണ്ടും നിയമിച്ചു. ഏകദിന, ട്വന്റി20 ടീമുകളുടെ ചുമതല ഇനി ബാബറിനായിരിക്കുമെന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. ട്വന്റി20 ലോകകപ്പിലും ബാബറിന്റെ കീഴിലായിരിക്കും പാക്കിസ്ഥാന്‍ കളിക്കാൻ ഇറങ്ങുക. ഏകദിന ലോകകപ്പിലെ പാക്കിസ്ഥാന്റെ മോശം പ്രകടനത്തിനു പിന്നാലെയാണ് ബാബർ അസം മൂന്നു ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞത്.
പിസിബി സിലക്ഷൻ കമ്മിറ്റിയുടെ നിർദേശ പ്രകാരം ചെയർമാൻ മൊഹ്സിൻ നഖ്‍വി ബാബറിനെ വൈറ്റ് ബോൾ ക്യാപ്റ്റനായി നിയമിച്ചെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ അറിയിച്ചു. പേസർ ബോളർ ഷഹീന്‍ ഷാ അഫ്രീദിയായിരുന്നു ബാബറിന്റെ അഭാവത്തിൽ ട്വന്റി20യിൽ പാക്കിസ്ഥാനെ നയിച്ചിരുന്നത്. പ്രതീക്ഷിച്ച ഫലം കിട്ടാതിരുന്നതോടെ ബാബറിനെ വീണ്ടും നിയമിക്കാൻ തീരുമാനമെടുക്കുകയായിരുന്നു.
ഷഹീനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റുന്നതിനെതിരെ മുൻ ക്യാപ്റ്റനും ഷഹീന്റെ ഭാര്യാ പിതാവുമായ ഷാഹിദ് അഫ്രീദി രംഗത്തെത്തിയിരുന്നു. ഷഹീൻ അഫ്രീദിക്ക് ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നായിരുന്നു ഷാഹിദ് അഫ്രീദിയുടെ പരാതി. എന്നാൽ പിസിബി ഇതു പരിഗണിച്ചില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ഷാൻ മസൂദ് തന്നെ പാക്കിസ്ഥാനെ നയിക്കും.