ഓരോ സിക്സിനും 6 വീടുകൾക്ക് സോളാർ എനർജി; വൈറലായി രാജസ്ഥാന്റെ പിങ്ക് പ്രോമിസ്, ഒപ്പം ട്രോളും
Mail This Article
ജയ്പുർ ∙ ഐപിഎലിൽ ഇന്നത്തെ മത്സരത്തിൽ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുന്ന രാജസ്ഥാൻ വെറുതെ കളത്തിലിറങ്ങുകയല്ല. കളിയുടെ ആവേശത്തിനൊപ്പം അൽപം സാമൂഹ്യ സേവനത്തിനു കൂടി വേണ്ടിയുള്ളതാണ് ഇന്നത്തെ മത്സരം. വനിതാ ശാക്തീകരണം ലക്ഷ്യമിട്ട്, രാജസ്ഥാനിലെ വീടുകളിൽ സോളാർ വൈദ്യുതി എത്തിക്കാനുള്ള ഉദ്യമത്തിൽ പങ്കാളിയാവുകയാണ് ടീമിന്റെ സാമൂഹ്യ സേവന വിഭാഗമായ റോയൽ രാജസ്ഥാൻ ഫൗണ്ടേഷൻ (ആർആർഎഫ്).
ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകളിലെയും താരങ്ങൾ അടിക്കുന്ന ഓരോ സിക്സും ആറു വീടുകൾക്ക് സോളാർ എനർജി നൽകും. ‘പിങ്ക് പ്രോമിസ് മാച്ച്’ എന്നാണ് ഇന്നത്തെ മത്സരം അറിയപ്പെടുക. പൂർണമായും പിങ്ക് ഔട്ട്ഫിറ്റിലാകും റോയൽസ് ടീം മത്സരത്തിനിറങ്ങുക. 2019ലാണ് ആർആർഎഫ് സ്ഥാപിച്ചത്.
അതേസമയം, പിങ്ക് പ്രോമിസ് പ്രഖ്യാപിച്ചതോടെ, ഇന്നത്തെ ദിവസം ബോളർമാർ തല്ലുവാങ്ങി കൂട്ടും എന്ന രീതിയിൽ രസകരമായ ട്രോളുകളും പുറത്തുവന്നിട്ടുണ്ട്. ആർസിബിയുടെ മുഹമ്മദ് സിറാജ് ഇന്ന് രാജസ്ഥാൻ താരങ്ങളുടെ ബാറ്റിന്റെ ചൂടറിയുമെന്നും ഇന്നത്തെ ചെണ്ടയാവുമെന്നും ട്രോളൻമാർ കളിയാക്കുന്നുണ്ട്. ഇന്നത്തെ മത്സരത്തോടെ രാജസ്ഥാൻ സമ്പൂർണ സോളാർ എനർജി സംസ്ഥാനമാകുമെന്നും കമന്റുണ്ട്. വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുന്നത്.