ആളുമാറിയെന്ന ശങ്ക വേണ്ട, ഇതു ഞങ്ങളുടെ ശശാങ്ക് തന്നെ; സെൽഫി പങ്കുവച്ച് പ്രീതി സിന്റ
Mail This Article
അഹമ്മദാബാദ് ∙ ഇത് ഞങ്ങൾ ഉദ്ദേശിച്ച ശശാങ്ക് അല്ല, ഞങ്ങളുടെ ശശാങ്ക് ഇങ്ങനെയല്ല’– ഐപിഎൽ മിനി താരലേലത്തിൽ ശശാങ്ക് സിങ് എന്ന ചണ്ഡിഗഡ് ഓൾറൗണ്ടറെ ടീമിലെത്തിച്ചതിനു പിന്നാലെ പഞ്ചാബ് കിങ്സ് ഉടമസ്ഥർ ആശയക്കുഴപ്പത്തിലായി. തങ്ങൾ ഉദ്ദേശിച്ച ശശാങ്ക് സിങ് ഇതല്ലെന്നും പേരിൽ വന്ന ആശയക്കുഴപ്പമാണെന്നും പഞ്ചാബ് അധികൃതർ അറിയിച്ചെങ്കിലും ലേലം ഉറപ്പിച്ചതിനാൽ മാറ്റം വരുത്താൻ സാധിക്കില്ലെന്ന് ഐപിഎൽ അധികൃതർ മറുപടി നൽകി. ഇതോടെ സമൂഹമാധ്യമങ്ങളിൽ ശശാങ്കിനെയും പഞ്ചാബ് കിങ്സിനെയും ആളുകൾ ‘ട്രോളിക്കൊന്നു’.
എന്നാൽ ഇതിനു പിന്നാലെ തങ്ങൾക്ക് ആശയക്കുഴപ്പം സംഭവിച്ചിട്ടില്ലെന്നും ഈ ശശാങ്കിനെയാണ് ഉദ്ദേശിച്ചതെന്നും വ്യക്തമാക്കി പഞ്ചാബ് രംഗത്തെത്തിയെങ്കിലും ആ വിശദീകരണം ആരും കാര്യമാക്കിയില്ല. ഒടുവിലിതാ, ഗുജറാത്ത് ടൈറ്റൻസിനെതിരായ പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനവുമായി ശശാങ്ക് തിളങ്ങിയതിനു പിന്നാലെ ടീം ഉടമ പ്രീതി സിന്റ, ശശാങ്കിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഇങ്ങനെ കുറിച്ചു, ‘ വിമർശകർ എന്തും പറയട്ടെ, മത്സരത്തിലും ജീവിതത്തിലും നീ എന്നും പ്ലെയർ ഓഫ് ദ് മാച്ച് ആയിരിക്കും’!
∙ ദ് ശശാങ്ക് സ്റ്റോറി
ചണ്ഡിഗഡിൽ നിന്നുള്ള മുപ്പത്തിരണ്ടുകാരൻ ശശാങ്ക് സിങ് 2019 മുതൽ ഐപിഎലിന്റെ ഭാഗമാണ്. 30 ലക്ഷം രൂപയ്ക്ക് 2019ൽ രാജസ്ഥാൻ റോയൽസിൽ എത്തിയ ശശാങ്ക്, 3 വർഷം ടീമിൽ തുടർന്നെങ്കിലും കാര്യമായ മത്സരങ്ങൾ ലഭിച്ചില്ല. 2022ൽ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കു സൺ റൈസേഴ്സ് ഹൈദരാബാദ് ശശാങ്കിനെ സ്വന്തമാക്കി. അവിടെയും സമാന സ്ഥിതി. അങ്ങനെയാണ് ഈ സീസണിലെ മിനി ലേലത്തിൽ ശശാങ്ക് പങ്കെടുക്കുന്നത്.
‘അബദ്ധവശാൽ’ ടീമിൽ എത്തിയതാണെങ്കിലും ശശാങ്കിനു പൂർണ പിന്തുണ നൽകാനായിരുന്നു പഞ്ചാബിന്റെ തീരുമാനം. ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ മത്സരത്തിൽ അഞ്ചാമനായി ഇറങ്ങിയ ശശാങ്ക് ഗോൾഡൻ ഡക്കായതോടെ പരിഹാസവുമായി പലരും രംഗത്തെത്തി. എന്നാൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ 8 പന്തിൽ പുറത്താകാതെ 21 റൺസ് നേടി. അങ്ങിങ്ങായി ഫോമിന്റെ സൂചനകൾ നൽകിയെങ്കിലും ഐപിഎലിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ ശശാങ്കിന് ഒരു വണ്ടർ ഇന്നിങ്സ് ആവശ്യമായിരുന്നു. കഴിഞ്ഞ ദിവസം ഗുജറാത്തിനെതിരെ പിറന്നത് അത്തരമൊരു ഇന്നിങ്സായിരുന്നു.
∙ വിജയമുറപ്പിച്ച് ശശാങ്ക്–അശുതോഷ്
ഗുജറാത്തിനെതിരെ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 8.4 ഓവറിൽ 4ന് 70 എന്ന നിലയിൽ പതറി നിന്നപ്പോഴാണ് ശശാങ്ക് ക്രീസിലെത്തിയത്. പരിചയസമ്പന്നനായ സിക്കന്ദർ റാസയും (15), ജിതേഷ് ശർമയും (16) മടങ്ങിയതോടെ 6ന് 150 എന്ന നിലയിലേക്കു പഞ്ചാബ് വീണു. തോൽവി ഉറപ്പിച്ച പഞ്ചാബിനെ മത്സരത്തിലേക്കു തിരികെക്കൊണ്ടുവന്നത് 7–ാം വിക്കറ്റിൽ 22 പന്തിൽ 43 റൺസ് ചേർത്ത അശുതോഷ് ശർമ (17 പന്തിൽ 31) – ശശാങ്ക് കൂട്ടുകെട്ടാണ്. 29 പന്തിൽ 4 സിക്സും 6 ഫോറും അടക്കം പുറത്താകാതെ 61 റൺസ് നേടിയ ശശാങ്ക്, ഒരു പന്ത് ശേഷിക്കെ പഞ്ചാബിന് അവിശ്വസനീയ വിജയം സമ്മാനിച്ചു.