‘ഐപിഎലിലെ വേഗം കുറഞ്ഞ സെഞ്ചറി’; റെക്കോർഡ് നേട്ടത്തിനിടയിലും കോലിയെ ട്രോളി ആരാധകർ
Mail This Article
ജയ്പുര്‍ ∙ ഐപിഎലിലെ റെക്കോര്‍ഡ് എട്ടാം സെഞ്ചറി കണ്ടെത്തിയിട്ടും വിമർശനമേറ്റു വാങ്ങി ആർസിബി സൂപ്പർ താരം വിരാട് കോലി. രാജസ്ഥാനെതിരെ കോലിയുടെ മെല്ലപ്പോക്കാണ് ടീമിനെ വലിയ സ്കോർ കണ്ടെത്തുന്നതിൽനിന്നും തടഞ്ഞതെന്ന് ഒരു വിഭാഗം ആരാധകർ ചൂണ്ടിക്കാണിക്കുന്നു. സ്കോർ 200 കടത്താമായിരുന്നുവെന്നും അങ്ങിനെയെങ്കിൽ ആർസിബിക്ക് ജയസാധ്യത ഉണ്ടായിരുന്നുവെന്നും വിമര്‍ശകർ പറയുന്നു. മത്സരത്തിൽ 67 പന്തിലാണ് കോലി 100 തികച്ചത്. ആകെ 72 പന്തുകൾ നേരിട്ട താരം 113 റൺസാണ് നേടിയത്.
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചറിക്കൊപ്പമാണ് ഇന്നലെ കോലി എത്തിയത്. 2009ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഐപിഎല്‍ പതിപ്പിൽ ഡക്കാൻ ചാർജേഴ്സിനെതിരെ മനീഷ് പാണ്ഡെ സെഞ്ചറി നേടിയത് 67 പന്തിലായിരുന്നു. 66 പന്തിൽ സെഞ്ചറി നേടിയ ഡേവിഡ് വാർണർ, സച്ചിൻ തെൻഡുൽക്കർ എന്നിവരാണ് ഇതിനു തൊട്ടുതാഴെയുള്ളത്. വാർണർ 2010ൽ ഡൽഹി ഡെയർഡെവിൾസിനെതിരെയും സച്ചിൻ 2011ൽ കൊച്ചി ടസ്കേഴ്സിനെതിരെയുമാണ് വേഗം കുറഞ്ഞ സെഞ്ചറികൾ കണ്ടെത്തിയത്.
എന്നാൽ മത്സര ശേഷം, സാഹചര്യത്തിന് അനുസരിച്ചാണ് ബാറ്റു ചെയ്തത് എന്നായിരുന്നു കോലിയുടെ പ്രതികരണം. ജയ്പുരിലെ പിച്ച് ബാറ്റർമാരെ കബളിപ്പിക്കുന്നതാണെന്നും സ്പിന്നർമാരുടെ പന്തുകളിൽ വേഗമാറ്റം പെട്ടെന്ന് ഉണ്ടാകുന്നുവെന്നും കോലി പറഞ്ഞു. കോലിയുടെ മെല്ലെപ്പോക്കിനെ കളിയാക്കി രാജസ്ഥാൻ റോയൽസും രംഗത്തുവന്നു. 200ലധികം റണ്‍സ് നേടേണ്ട ഇന്നിങ്സില്‍ 184 മികച്ച വിജയലക്ഷ്യമാണ് എന്നായിരുന്നു പരിഹാസത്തോടെ റോയല്‍സ് ട്വീറ്റ് ചെയ്തത്.
4 ഓവറിൽ 34 റൺസ് വഴങ്ങി 2 വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചെഹലിന്റെയും, ഇത്രതന്നെ ഓവറുകളിൽ 33 റൺസ് മാത്രം വിട്ടുനൽകിയ നാന്ദ്രേ ബർഗറിന്റെയും ബോളിങ് റോയൽസിന് തുണയായി. മത്സരത്തിൽ 12 ഫോറുകൾ കണ്ടെത്തിയ കോലി നാല് സിക്സറുകൾ മാത്രമാണ് നേടിയത്. 5 മത്സരത്തിൽനിന്നായി 316 റൺസ് നേടിയ കോലി തന്നെയാണ് നിലവിൽ റൺവേട്ടക്കാരിൽ ഒന്നാമൻ. 105.33 ആണ് ശരാശരി. രണ്ടാമതുള്ള റിയാൻ പരാഗ് 4 മത്സരങ്ങളിൽനിന്ന് 185 റൺസാണ് നേടിയിട്ടുള്ളത്.