ADVERTISEMENT

2008 മുതൽ 2013 വരെയുള്ള ഐപിഎൽ കരിയറിൽ ഓസ്ട്രേലിയയുടെ മുൻ പേസർ ബ്രെറ്റ് ലീ കളിച്ചത് കിങ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളിലാണ്. എന്നാൽ ബ്രെറ്റ് ലീയുടെ ഫൈനൽ ഫോർ പ്രവചനത്തിൽ ഈ രണ്ടു ടീമുകളുമില്ല. ഡൽഹി ക്യാപിറ്റൽസ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, ചെന്നൈ സൂപ്പർ കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾ ഇത്തവണ അവസാന നാലിൽ ഇടംപിടിക്കുമെന്നു ബ്രെറ്റ് ലീ പ്രവചിക്കുന്നു. ഇത്തവണത്തെ തന്റെ പ്രിയ ടീം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവാണെന്നും ബ്രെറ്റ് ലീ പറയുന്നു. ജിയോ സിനിമയുടെ ഐപിഎൽ എക്സ്പർട്ട് പാനലിസ്റ്റ് കൂടിയായ ബ്രെറ്റ് ലീയുമായുള്ള ഓൺലൈൻ അഭിമുഖത്തിൽ നിന്ന്... 

മയങ്ക് യാദവ്: ഐപിഎലിന്റെ കണ്ടെത്തൽ 

ഇതുവരെയുള്ള മത്സരങ്ങളിൽ കൂടുതൽ ആകർഷിച്ചത് ലക്നൗ സൂപ്പർ ജയന്റ്സ് പേസർ മയങ്ക് യാദവിന്റെ ബോളിങ്ങാണ്. തുടർച്ചയായി 150 കിലോമീറ്ററിലേറെ വേഗത്തിൽ പന്തെറിയുന്ന മയങ്ക് ഇന്ത്യയുടെ ഭാവി താരമാണ്. അടുത്ത 12-18 മാസങ്ങളിൽ മയങ്കിന്റെ കരിയറിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. അതിനായി കാത്തിരിക്കുകയാണ് ഞാൻ. ഇന്ത്യൻ ട്വന്റി20 ലോകകപ്പ് ടീമിൽ മയങ്ക് ഇടംപിടിക്കുമോ എന്ന ചർച്ചകൾ തൽക്കാലം ഉപേക്ഷിക്കാം. അദ്ദേഹത്തെ കൂടുതൽ സമ്മർദത്തിലാക്കാൻ താൽപര്യമില്ല. 

ബുമ്ര ഫസ്റ്റ് ഓവർ എറിയട്ടെ 

ന്യൂബോൾ ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന ബോളറാണ് ജസ്പ്രീത് ബുമ്ര. മുംബൈ ഇന്ത്യൻസിനായി ബുമ്ര ആദ്യ ഓവർ എറിയട്ടെ. ഈ സീസണിൽ ഇതുവരെ ബുമ്രയെ വേണ്ട രീതിയിൽ മുംബൈ ഉപയോഗിച്ചിട്ടില്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് അദ്ദേഹം. ആദ്യ മത്സരങ്ങളിൽ 5, 6 ഓവറുകളിൽ മാത്രമാണ് അദ്ദേഹത്തെ പന്തേൽപിച്ചത്. വരും മത്സരങ്ങളിൽ ന്യൂബോൾ ബുമ്രയ്ക്കു നൽകണം. 

മുംബൈ തിരിച്ചുവരും 

ആദ്യ മത്സരങ്ങൾ തോറ്റെങ്കിലും മുംബൈ ഇന്ത്യൻസിനെ എഴുതിത്തള്ളാനാവില്ല. ആദ്യ മത്സരങ്ങൾ തോറ്റതിനു ശേഷം മടങ്ങിവരവിലൂടെ കപ്പെടുത്ത ചരിത്രം അവർക്കുണ്ട്. വരും മത്സരങ്ങളിൽ മുംബൈ മടങ്ങിവരും. ഐപിഎലിലെ തന്നെ ഏറ്റവും വിജയകരമായ ടീമിൽ ഒന്നാണ് അവർ. ബാറ്റിങ്ങിലും ബോളിങ്ങിലും കരുത്തരായ താരങ്ങൾ അവർക്കുണ്ട്. മുൻ മത്സരങ്ങളിൽ ബോളർമാർ മികവിനൊത്ത് ഉയർന്നിട്ടില്ല. എന്നാൽ ആദ്യ മത്സരത്തെ അപേക്ഷിച്ച് അവസാന മത്സരത്തിൽ ബോളർമാരുടെ പ്രകടനം മെച്ചപ്പെട്ടതായി തോന്നുന്നു. 

കോലി ലോകകപ്പ് കളിക്കണം 

ഐപിഎലിനു ശേഷം ഉടൻ തന്നെ ട്വന്റി20 ലോകകപ്പ് ആരംഭിക്കും. ലോകകപ്പിൽ സീനിയർ താരങ്ങൾ എല്ലാവരും കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിൽ ഒരാൾ വിരാട് കോലിയാണ്. ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്താൻ കോലിക്കു സാധിക്കുമെന്നുറപ്പ്. ഐപിഎലിലെ ആദ്യമത്സരങ്ങളിൽ മികച്ച പ്രകടനമാണ് കോലി നടത്തിയത്. അവസരത്തിനൊത്ത് സ്ട്രൈക്ക് റേറ്റ് ഉയർത്താൻ അദ്ദേഹത്തിനു സാധിക്കും. 

English Summary:

Mayank Yadav will emerge as a great pace bowler: Brett Lee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com