‘കടുത്ത മാനസിക സമ്മർദം’, ഇടവേള എടുത്ത് മാക്സ്വെൽ; ബെംഗളൂരുവിനു തിരിച്ചടി
Mail This Article
ബെംഗളൂരു∙ ഐപിഎല്ലിൽനിന്ന് നീണ്ടകാലത്തേക്ക് അവധിയെടുത്ത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‍വെൽ. കടുത്ത മാനസിക സമ്മർദത്തിലാണെന്നു ചൂണ്ടിക്കാട്ടിയാണ് മാക്സ്‍വെൽ അവധിയിൽ പോയത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തിങ്കളാഴ്ചത്തെ മത്സരത്തിൽ മാക്സ്‍വെൽ കളിച്ചിരുന്നില്ല. ബെംഗളൂരുവിന്റെ തോൽവിക്കു ശേഷം മാധ്യമങ്ങളോടു സംസാരിച്ചപ്പോഴായിരുന്നു മത്സരങ്ങളിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ച കാര്യം മാക്സ്‌വെൽ വെളിപ്പെടുത്തിയത്. ഐപിഎൽ സീസണിൽ ഇതുവരെ ബാറ്റിങ്ങിൽ തിളങ്ങാൻ മാക്സ്‍വെല്ലിനു സാധിച്ചിട്ടില്ല. താരത്തിന്റെ പ്രകടനത്തിൽ ആരാധകരും നിരാശയിലാണ്.
സൺറൈസേഴ്സിനെതിരെ മാക്സ്‍വെല്ലിനു പകരം വിൽ ജാക്സാണു കളിക്കാൻ ഇറങ്ങിയത്. മറ്റാരെയെങ്കിലും ടീമിൽ കളിപ്പിക്കാന്‍ ആര്‍സിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയോടു താൻ തന്നെയാണു നിർദേശിച്ചതെന്നും മാക്സ്‍വെൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം എത്ര നാൾ മാറിനിൽക്കുമെന്ന് ഓസ്ട്രേലിയൻ താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഐപിഎല്ലിൽ ഏഴു മത്സരങ്ങൾ പൂർത്തിയാക്കിയ ആർസിബി ആറിലും തോറ്റിരുന്നു. രണ്ടു പോയിന്റുമായി പത്താം സ്ഥാനത്താണ് ബെംഗളൂരു.
‘‘എനിക്ക് വ്യക്തിപരമായി ഇതു വളരെ എളുപ്പമുള്ള തീരുമാനമായിരുന്നു. പുതിയ ആരെയെങ്കിലും ശ്രമിച്ചുനോക്കാൻ കഴിഞ്ഞ കളിക്കുശേഷം ഞാൻ പരിശീലകരോടും ക്യാപ്റ്റനോടും നിർദേശിച്ചു. ചെറിയ ഇടവേളയെടുത്ത് ശരീരത്തെ ശരിയായ ദിശയിലേക്കു കൊണ്ടുവരേണ്ട സമയമാണിത്. പവര്‍പ്ലേയ്ക്കു ശേഷം ബാറ്റിങ് പ്രകടനത്തിൽ ആർസിബി പിന്നോട്ടുപോകുന്നുണ്ട്. ആ സ്ഥാനത്തായിരുന്നു കഴിഞ്ഞ കുറച്ചു സീസണുകളായി എന്റെ കരുത്ത്. ബാറ്റിങ്ങിൽ മികച്ച രീതിയില്‍ ഒന്നും ചെയ്യാൻ എനിക്കു സാധിക്കുന്നില്ല. മത്സരഫലങ്ങളും പോയിന്റ് പട്ടികയിൽ ടീമിന്റെ സ്ഥാനവും കൂടി നോക്കിയാൽ ഒരു ബ്രേക്ക് എടുക്കാനുള്ള സമയം ഇതാണെന്നു തോന്നുന്നു.’’
‘‘മറ്റുള്ളവർക്കു കൂടി കഴിവു തെളിയിക്കാനുള്ള അവസരം നൽകേണ്ട സമയമാണിത്. മറ്റാർക്കെങ്കിലും അവരുടെ സ്ഥാനം ഉറപ്പിക്കാൻ സാധിക്കട്ടെ.’’– മാക്സ്‍വെൽ വ്യക്തമാക്കി. ഇതാദ്യമായല്ല മാനസിക സമ്മർദം ചൂണ്ടിക്കാട്ടി മാക്സ്‍വെൽ ക്രിക്കറ്റിൽനിന്ന് അവധിയെടുക്കുന്നത്. മാക്സ്‍വെല്ലിന് ഫാസ്റ്റ് ബോളർമാർക്കെതിരെ ബാറ്റു ചെയ്യാൻ പോലും സാധിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ നേരത്തേ വിമർശിച്ചിരുന്നു. ആറു മത്സരങ്ങളിൽ ബാറ്റു ചെയ്യാൻ ഇറങ്ങിയ മാക്സ്‍വെൽ 32 റൺസാണ് ഇതുവരെ നേടിയത്. കൊൽക്കത്തയ്ക്കെതിരെ നേടിയ 28 റൺസാണ് ഉയർന്ന സ്കോർ. മൂന്നു വട്ടം പൂജ്യത്തിനു പുറത്തായി.