രോഹിത് കഴിഞ്ഞ സീസണുകളിൽ ഒന്നും നേടിയിട്ടില്ല, നേരത്തേ ബാറ്റിങ്ങിന് ഇറങ്ങൂ: പാണ്ഡ്യയ്ക്ക് ഉപദേശം
Mail This Article
മുംബൈ∙ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം വീരേന്ദർ സേവാഗ്. രോഹിത് ശർമ കഴിഞ്ഞ കുറച്ചു സീസണുകളിലായി മുംബൈയ്ക്കു വേണ്ടി കപ്പൊന്നും നേടാത്തതിനാൽ, പാണ്ഡ്യയ്ക്ക് അക്കാര്യത്തിൽ ഭയമൊന്നും വേണ്ടെന്ന് സേവാഗ് പ്രതികരിച്ചു. തിങ്കളാഴ്ച നടന്ന മത്സരത്തിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ തോൽപിച്ചിരുന്നു. എട്ട് മത്സരങ്ങളിൽനിന്ന് ആറു പോയിന്റുകൾ മാത്രമാണു ടീമിനുള്ളത്.
‘‘ബാറ്ററായും ബോളറായും തിളങ്ങാൻ സാധിക്കാത്തതിൽ ഹാർദിക് പാണ്ഡ്യയ്ക്കു മേൽ സമ്മര്‍ദമുണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല. ചിലപ്പോൾ ചുറ്റുമുള്ളവരുടെ പ്രതീക്ഷയിൽനിന്നാകാം താരം സമ്മർദത്തിലാകുന്നത്. പക്ഷേ കഴിഞ്ഞ വർഷവും മുംബൈ ഇന്ത്യൻസ് ഇതേ അവസ്ഥയിലായിരുന്നു. അതിനു മുൻപും അങ്ങനെ തന്നെയായിരുന്നു. ഇത് അവർക്കു പുതിയ കാര്യമൊന്നുമല്ല. ക്യാപ്റ്റനായിരിക്കെ രോഹിത് വലിയ സ്കോർ കണ്ടെത്തിയില്ല. കഴിഞ്ഞ രണ്ടു മൂന്നു സീസണുകളിലായി ഒരു ട്രോഫി പോലും വിജയിച്ചിട്ടില്ല.’’– സേവാഗ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘സമ്മർദം ഒഴിവാക്കി നന്നായി ബാറ്റു ചെയ്യുന്നതിനായി പാണ്ഡ്യ കൂടുതൽ നേരത്തേ ഇറങ്ങണം. ബാറ്റു ചെയ്യുന്നതിനായി അവസാനം ഇറങ്ങിയാൽ നിങ്ങൾക്ക് വളരെ കുറച്ചു പന്തുകളായിരിക്കും ലഭിക്കുക. അപ്പോൾ നിങ്ങളെങ്ങനെ മികച്ച പ്രകടനം നടത്തും. ബാറ്റിങ്ങിൽ പാണ്ഡ്യ തിളങ്ങിയാൽ, ക്യാപ്റ്റൻസിയും ബോളിങ്ങും കൂടി മെച്ചപ്പെടുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടു തന്നെ നേരത്തേ ബാറ്റിങ്ങിന് ഇറങ്ങാൻ പാണ്ഡ്യ തയാറാകണം.’’– സേവാഗ് വ്യക്തമാക്കി.
ഇനിയുള്ള മത്സരങ്ങൾ ജയിക്കാൻ സാധിച്ചില്ലെങ്കിൽ, മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ പ്രതിസന്ധിയിലാകും. അഞ്ചു മത്സരങ്ങളുടെ തോൽവി ഭാരവുമായി ഏഴാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ് ഇപ്പോഴുള്ളത്. ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് മുംബൈയുടെ അടുത്ത പോരാട്ടം.