ഷായ് ഹോപ് ബൗണ്ടറി ലൈനിൽ സ്പർശിച്ചു, രണ്ടുവട്ടം: സഞ്ജു ഔട്ടല്ലെന്ന് മുൻ ഇന്ത്യന്‍ താരം
Mail This Article
ന്യൂഡല്‍ഹി∙ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തായിരുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം നവ്ജ്യോത് സിങ് സിദ്ദു. ക്യാച്ചെടുക്കുമ്പോൾ ഡൽഹിയുടെ ഫീൽഡർ ഷായ് ഹോപ്പിന്റെ കാൽ രണ്ടു തവണ ബൗണ്ടറി ലൈനിൽ തട്ടിയിരുന്നതായും നവ്ജ്യോത് സിദ്ദു ഒരു സ്പോർട്സ് മാധ്യമത്തിൽ പ്രതികരിച്ചു. ‘‘ഇവിടെ കളി തന്നെ മാറ്റിമറിച്ചത് സഞ്ജുവിനെ പുറത്താക്കാനുള്ള തീരുമാനമായിരുന്നു. ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കാം. എന്നാൽ ഒരു ഭാഗത്തുനിന്നു നോക്കുമ്പോൾ, ഷായ് ഹോപ് രണ്ടു തവണ ബൗണ്ടറി ലൈനിൽ തട്ടിയിട്ടുണ്ടെന്നു വ്യക്തമാണ്.’’– സിദ്ദു പ്രതികരിച്ചു.
‘‘രണ്ടു തവണ ഇവിടെ ബൗണ്ടറി ലൈനിൽ സ്പർശിച്ചു കഴിഞ്ഞു. ഞാൻ പക്ഷം പിടിക്കാൻ താൽപര്യമില്ലാത്ത ഒരാളാണ്. അത് ഔട്ടല്ലെന്നു ഞാൻ കണ്ടതാണ്. കൊൽക്കത്തയ്ക്കെതിരെ വിരാട് കോലി നോ ബോളിൽ പുറത്തായപ്പോഴും ഞാൻ അക്കാര്യം പറഞ്ഞിട്ടുണ്ട്. അംപയർ വേണമെന്നുവച്ച് അങ്ങനെ ചെയ്തതാകാൻ സാധ്യതയില്ല. ഇവിടെ ആരും തെറ്റുകാരുമല്ല. ഇതും ക്രിക്കറ്റിന്റെ ഭാഗം തന്നെയാണ്. ആ സംഭവമാണ് ഇന്നലെ മത്സരം തന്നെ മാറ്റിയത്.’’– നവ്ജ്യോത് സിങ് സിദ്ദു പറഞ്ഞു.
അതേസമയം അംപയര്‍ എടുക്കുന്ന തീരുമാനത്തെ മാനിച്ചേപറ്റുവെന്ന് രാജസ്ഥാൻ റോയൽസ് ടീം ഡയറക്ടർ കുമാർ സംഗക്കാര പ്രതികരിച്ചു. ‘‘റീപ്ലേകളും വിവിധ ആംഗിളുകളും ആശ്രയിച്ചാണ് ഔട്ടാണോ, അല്ലയോ എന്നു പറയേണ്ടത്. ചില ഭാഗത്തുനിന്നു നോക്കുമ്പോൾ ഫീൽഡര്‍ ബൗണ്ടറി ലൈനിൽ തൊട്ടതുപോലെ കാണാൻ സാധിക്കുന്നുണ്ട്. തേര്‍ഡ് അംപയർക്കുപോലും ഇക്കാര്യത്തിൽ കൃത്യമായി വിധി പറയാൻ പ്രയാസമായിരിക്കും. ആശയക്കുഴപ്പം ഇല്ലാതാക്കാൻ അംപയര്‍മാരുമായി സംസാരിക്കേണ്ടിവരും.’’
‘‘ഇതെല്ലാം സംഭവിച്ചു കഴിഞ്ഞതാണ്. അംപയറെടുത്ത തീരുമാനത്തിൽ വ്യത്യസ്ത അഭിപ്രായമുണ്ടാകാം. പക്ഷേ തീരുമാനത്തെ അംഗീകരിച്ചേ പറ്റു.’’– സംഗക്കാര പ്രതികരിച്ചു. ഡൽഹി ക്യാപിറ്റൽസിനെതിരെ 46 പന്തുകൾ നേരിട്ട സഞ്ജു 86 റൺസെടുത്താണു പുറത്തായത്. മത്സരത്തിൽ 20 റൺസിനാണ് ഡൽഹി ക്യാപിറ്റൽസ് വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 8ന് 221 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ റോയൽസിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടാൻ മാത്രമാണു സാധിച്ചത്.