ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടയിലെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് പിഴ ചുമത്തി ബിസിസിഐ. മത്സരത്തിനിടെ പുറത്തായപ്പോള്‍, ഗ്രൗണ്ട് വിടാതെ അംപയറോടു തർക്കിച്ചതിനാണ് മലയാളി താരത്തിനെതിരായ നടപടി. മാച്ച് ഫീയുടെ 30 ശതമാനം സഞ്ജു സാംസൺ പിഴയായി അടയ്ക്കേണ്ടിവരും. ലെവൽ 1ൽ വരുന്ന കുറ്റമാണു സഞ്ജു ചെയ്തതെന്നും ശിക്ഷാ നടപടി സഞ്ജു അംഗീകരിച്ചതായും ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു.

മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണെന്നും പ്രസ്താവനയിലുണ്ട്. മത്സരത്തിൽ 86 റൺസെടുത്തു നിൽക്കെയായിരുന്നു സഞ്ജു സാംസണിന്റെ വിവാദമായ പുറത്താകൽ. 16–ാം ഓവറിൽ മുകേഷ് കുമാറിനെ സിക്സർ പറത്താനുള്ള ശ്രമത്തിനിടെ സഞ്ജു പുറത്താകുകയായിരുന്നു. ബൗണ്ടറി ലൈനിനു സമീപത്തു നിൽക്കുകയായിരുന്ന ഡൽഹി ഫീൽഡര്‍ ഷായ് ഹോപ് ക്യാച്ചെടുത്താണു സഞ്ജുവിനെ മടക്കിയത്. പന്തു പിടിച്ചെടുക്കുമ്പോൾ ഷായ് ഹോപ്പിന്റെ ഷൂസ് ബൗണ്ടറി ലൈനിൽ തട്ടിയിരുന്നോയെന്ന് അംപയർമാർക്കു സംശയുണ്ടായിരുന്നു.

ദൃശ്യങ്ങൾ പരിശോധിച്ച തേർഡ് അംപയർ സഞ്ജു ഔട്ടാണെന്നു വിധിച്ചു. ഗ്രൗണ്ട് വിട്ടുപോകാതിരുന്ന സഞ്ജു അംപയർമാരുടെ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു. വെടിക്കെട്ട് അർധ സെഞ്ചറിയുമായി (46 പന്തിൽ 86) തിളങ്ങിയ സഞ്ജുവിന്റെ കരുത്തിൽ, അവസാന ഓവർ വരെ പൊരുതിയെങ്കിലും വിജയലക്ഷ്യത്തിന് 20 റൺസ് അകലെ രാജസ്ഥാൻ വീഴുകയായിരുന്നു. 

സ്കോർ: ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 8ന് 221. രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 8ന് 201. ഡൽഹി പേസർ മുകേഷ് കുമാർ എറിഞ്ഞ അവസാന ഓവറിൽ 29 റൺസായിരുന്നു രാജസ്ഥാന് ജയിക്കാൻ ആവശ്യം. എന്നാൽ നേടാനായത് 8 റൺസ് മാത്രം. 4 ഓവറിൽ 25 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ഡൽഹി സ്പിന്നർ കുൽദീപ് യാദവാണ് പ്ലെയർ ഓഫ് ദ് മാച്ച്.

English Summary:

Rajasthan Royals Skipper Punished By BCCI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT