‘അദാനിയാണ് മോദിക്ക് എല്ലാം, അതിനെ ചോദ്യം ചെയ്യാനാവില്ല; ഇന്ത്യയെ വ്യവസായിക്ക് വിൽക്കുന്നു’
Mail This Article
ന്യൂഡൽഹി∙ ലോക്സഭയിൽ അദാനിയുമായി ബന്ധപ്പെട്ട ചർച്ച തടഞ്ഞുെവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെയും ആർഎസ്എസിന്റെയും നിലപാട് അംബേദ്കർ വിരുദ്ധമാണ്. അംബേദ്കർ വിരുദ്ധ നിലപാടിൽ അമിത് ഷാ മാപ്പ് പറയണമെന്നും രാജിവയ്ക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പാർലമെന്റിന് ഉള്ളിലേക്കു പോകണമെന്നാവശ്യപ്പെട്ടപ്പോൾ ബിജെപി എംപിമാർ തടഞ്ഞു. അദാനിയാണ് മോദിക്ക് എല്ലാം. അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
യുഎസിൽ അദാനി ഗ്രൂപ്പിനെതിരെ കുറ്റപത്രം സമർപ്പിച്ചത് പാർലമെന്റിൽ സംസാരിക്കുന്നത് തടയാൻ ബിജെപി ശ്രദ്ധ തിരിക്കുന്ന തന്ത്രങ്ങൾ ഉപയോഗിക്കുകയാണ്. സമാധാനപരമായ പ്രതിഷേധം തടഞ്ഞ ബിജെപി എംപിമാരാണ് പാർലമെന്റിൽ ബഹളമുണ്ടാക്കിയത്. പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധം മറച്ചുവയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പ്രധാനമന്ത്രി ഇന്ത്യയെ വ്യവസായിക്ക് വിൽക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
അദാനിയുടെ അഴിമതിയാണ് എല്ലാത്തിന്റെയും തുടക്കം. അതിൽ ചർച്ച നടക്കാതിരിക്കാനാണ് സർക്കാർ ശ്രമിച്ചത്. ഇതിനു ശേഷമാണ് അമിത് ഷായുടെ പ്രസ്താവന വന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. അമിത് ഷാ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. അംബേദ്ക്കറിനും നെഹ്റുവിനും എതിരെ ബിജെപി കള്ള പ്രചാരണം നടത്തുകയാണ്. അംബേദ്ക്കറിനെ കുറിച്ചുള്ള കേന്ദ്ര നിലപാട് ദുഃഖകരമാണ്. ബിജെപി മസിൽ പവർ കാണിക്കുകയാണെന്നും ഖർഗെ ആരോപിച്ചു.